Site iconSite icon Janayugom Online

ദുല്‍ഖറിന്റെ കുറുപ്പ് 450 സ്‌ക്രീനുകളില്‍, രണ്ടാഴ്ച ഫ്രീറണ്‍ നല്‍കുമെന്ന് ഫിയോക്

ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിന്റെ വേഷത്തിലെത്തുന്ന ‘കുറുപ്പ്’ സിനിമ നവംബര്‍ 12ന് കേരളത്തിലെ തീയറ്ററുകളിലും മള്‍ടിപ്ലെക്‌സുകളിലുമായി 450 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. നേരത്തെ ഒ ടി ടി റിലീസിന് കരാറുണ്ടാക്കിയ ചിത്രം പിന്നീട് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം തീയറ്റര്‍ റിലീസിന് തീരുമാനിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും ചെലവേറിയ സിനിമയായ കുറുപ്പ് ഇന്നത്തെ സാഹചര്യത്തില്‍ തീയറ്റര്‍ റിലീസ് ചെയ്യുന്നതില്‍ വലിയ റിസ്‌കുണ്ടെങ്കിലും പ്രേക്ഷകരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ആ റിസ്‌ക് ഏറ്റെടുത്തിരിക്കുന്നതെന്ന് നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ പങ്കാളിയായ എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സാരഥി അനീഷ് മോഹനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുറുപ്പിന് തീയറ്ററുകള്‍ രണ്ടാഴ്ച ഫ്രീ റണ്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു. ദുല്‍ഖറിന്റെ സിനിമയെ വരവേല്‍ക്കാന്‍ കേരളത്തിലെ തീയറ്ററുകള്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. പ്രേക്ഷകര്‍ ഈ സിനിമ ഏറ്റെടുത്ത് വന്‍വിജയമാക്കുമെന്നാണ് പ്രതീക്ഷ. യാതൊരു ഉപാധികളും മുന്നോട്ടുവെക്കാതെയാണ് കുറുപ്പിന്റെ നിര്‍മാതാക്കള്‍ തീയറ്റര്‍ റിലീസിന് തയ്യാറായത്. ഒ ടി ടി റിലീസിന് കരാര്‍ ഒപ്പിട്ട ചിത്രം തീയറ്റര്‍ റിലീസിന് നല്‍കിയ മമ്മൂട്ടിയുടെ മാതൃക ദുല്‍ഖറും ഭാവിയില്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മരക്കാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നപ്പോള്‍ എന്നെ വെറുതെ പ്രകോപിപ്പിക്കരുതെന്ന് പറഞ്ഞ് വിജയകുമാര്‍ ഒഴിഞ്ഞുമാറി.

എന്നാല്‍ തീയറ്റര്‍ റിലീസിന് വേണ്ടിയാണ് എല്ലാവരും വലിയ സിനിമകള്‍ എടുക്കുന്നതെന്നും ഒ ടി ടി റിലീസ് ചെയ്യുന്നതിന് അവരുടേതായ കാരണങ്ങളുണ്ടാകുമെന്നും മരക്കാര്‍ ഒ ടി ടി യില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദുല്‍ഖര്‍ പറഞ്ഞു. വന്‍മുതല്‍ മുടക്കാണ് പല ചിത്രങ്ങള്‍ക്കും നടത്തിയിട്ടുള്ളത്. രണ്ടു വര്‍ഷം റിലീസ് ചെയ്യാന്‍ കഴിയാതെ ഇരുന്നു പോകുമ്പോള്‍ പണമിറക്കിയവര്‍ക്കുണ്ടാകുന്ന അധിക ബാധ്യത വളരെ വലുതാണ്. അങ്ങനെ വരുമ്പോള്‍ മികച്ച ഓഫര്‍ സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ഭാവിയില്‍ ഒ ടി ടി റിലീസുകള്‍ അനിവാര്യമാകുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. രണ്ടു വര്‍ഷത്തിന് ശേഷം തീയറ്ററുകള്‍ തുറക്കുമ്പോള്‍ റിലീസിംഗിന് കാത്തിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം വളരെ വലുതായതിനാല്‍ അതില്‍ ഒരുവിഭാഗം ചിത്രങ്ങള്‍ ഒ ടി ടിയിലേക്ക് പോകുന്നത് സ്വാഭാവികമാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. വലിയ മുതല്‍ മുടക്കുള്ള ‘കുറുപ്പ്’ തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നത് വലിയ റിസ്‌ക് ഏറ്റെടുത്താണ്. വലിയ ക്യാന്‍വാസില്‍ ഒരുക്കിയിട്ടുള്ള കുറുപ്പ് തീയറ്ററില്‍ തന്നെ പ്രേക്ഷകര്‍ ആസ്വദിക്കണമെന്നാണ് തുടക്കം മുതല്‍ തങ്ങള്‍ ആഗ്രഹിച്ചതെന്നും ദുര്‍ഖര്‍ പറഞ്ഞു.

സിനിമയില്‍ സുകുമാരക്കുറുപ്പിനെ ഗ്ലോറിഫൈ ചെയ്തിട്ടില്ലെന്നും കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബവുമായി സിനിമക്ക് മുമ്പും ശേഷവും സംസാരിച്ച് അനുമതി വാങ്ങുകയും ചാക്കോയുടെ മകന്‍ സിനിമ കണ്ട് സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു. നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍,ഫിയോക് സെക്രട്ടറി സുമേഷ് ജോസഫ് എന്നിവരും സംസാരിച്ചു.
eng­lish summary;karupp film released on novem­ber 16
you may also like this video;

YouTube video player
Exit mobile version