Site iconSite icon Janayugom Online

സുധി കോഴിക്കോടിന്റെ നാടകസിനിമാ യാത്രകൾ

പാതി വിരിഞ്ഞ, വിഷാദം നിറഞ്ഞ ചിരി… അതിനൊപ്പം മുഖത്ത് പെയ്യാനൊരുങ്ങി നിൽക്കുന്ന കരച്ചിലിന്റെ അല. മഴയിലൂടെ ഇറങ്ങിപ്പോയി കാറിൽ കയറിയിരിക്കുന്ന തങ്കന്റെ ദയനീയമായ ഒരു നോട്ടമുണ്ട്. ഒറ്റപ്പെട്ടുപോയ ഒരാളുടെ സകല വേദനകളും അതിലുണ്ട്. ചിത്രത്തിന്റെ അവസാന രംഗത്ത് കാറിലിരിക്കുന്ന അയാളുടെ മറ്റൊരു നോട്ടമുണ്ട്. സന്തോഷവും പ്രതീക്ഷയും ആശ്വാസവും അതിൽ നിറയുന്നുണ്ട്. പുറത്ത് പ്രകടിപ്പിക്കാനാവാത്ത പ്രണയം മുഴുവൻ അയാളുടെ കണ്ണുകളിൽ നിറയുന്നുണ്ട്. ‘കാതൽ’ എന്ന മമ്മൂട്ടി ചിത്രം കണ്ടിറങ്ങിയ ഭൂരിഭാഗവും അന്വേഷിച്ചത് ഏതാണീ പുതുമുഖം എന്നാണ്. എന്നാൽ വർഷങ്ങളായി സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്നുണ്ട് കോഴിക്കോട് ബാലുശേരി സ്വദേശിയായ സുധി. പല ചിത്രങ്ങളിലും മിന്നിമറഞ്ഞുപോകുന്ന കഥാപാത്രങ്ങളായി പ്രേക്ഷകർ സുധിയെ കണ്ടിരിക്കാം. സുധി കോഴിക്കോടിന്റെ 43ാമത്തെ ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ. കാലം തനിക്കായി കാത്തുവെച്ച സിനിമയെന്നാണ് സുധി കാതലിനെ വിശേഷിപ്പിക്കുന്നത്. നാടകവേദികളിലൂടെ… സിനിമയുടെ വഴികളിലൂടെയുള്ള തന്റെ സഞ്ചാരം സുധി കോഴിക്കോട് പങ്കുവെക്കുന്നു. ബാലുശേരിയും കോഴിക്കോടൻ നാടകവേദിയും ബാലുശേരിയ്ക്കടുത്ത് പനങ്ങാട് കറ്റോടാണ് വീട്. നാടകങ്ങളുടെ ലോകത്തേക്ക് എന്നെ നയിച്ചത് നാട്ടിലറിയപ്പെടുന്ന നാടകക്കാരനായിരുന്ന, അച്ഛന്റെ ജ്യേഷ്ഠൻ ആർ ബി പനങ്ങാടാണ്. കുട്ടിക്കാലം മുതൽ നാടകത്തിനൊപ്പമുണ്ട്.

നാട്ടുകാരൻ കൂടിയായ ദാമു കറ്റോടിന്റെ പുരാണ നാടകങ്ങളിൽ വേഷമിട്ടു. സ്കൂൾ നാടകവേദികളിൽ സജീവമായ ഞാൻ നാടകത്തെ ഗൗരവമായെടുക്കുന്നത് എം കെ രവിവർമ്മ രചനയും സംവിധാനവും നിർവഹിച്ച കാൽച്ചിലമ്പിന്റെ മർമ്മരങ്ങൾ എന്ന നാടകത്തോടെയാണ്. ഈ നാടകം പിന്നീട് വിജയൻ വി നായർ സംവിധാനം ചെയ്തപ്പോഴും നിരവധി വേദികളിൽ വേഷമിട്ടു. നാടകങ്ങളിൽ അഭിനയിക്കുമ്പോൾ അച്ഛന്, പഠിപ്പ് ഉഴപ്പരുത് എന്ന ഒരൊറ്റ നിർബന്ധമേ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രൊഫഷണൽ നാടകങ്ങളിൽ അധികം വേഷമിട്ടിട്ടില്ല. ചില നാടകങ്ങളിൽ പകരക്കാരനായി വേദിയിൽ കയറി. പഠിത്തമൊക്കെ കഴിഞ്ഞ് കോഴിക്കോടൻ നാടക വേദികളിൽ സജീവമായി. വിജയൻ വി നായർ, എ ശാന്തകുമാർ, ഐ ജി മിനി, സാംകുട്ടി പട്ടംകരി, സതീഷ് കെ സതീഷ് തുടങ്ങിയവരുടെയൊക്കെ നാടകങ്ങളിൽ വേഷമിട്ടു. ഐ ജി മിനിയുടെ ഇൻ ഔട്ട് ദ റൂം വിദേശ മേളകളിൽ ഉൾപ്പെടെ അവതരിപ്പിച്ചിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ മകൻ, നന്ദനം തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. ഹൃദയത്തിലെ ചുവപ്പ് എന്ന മ്യൂസിക് ആൽബത്തിലെ പ്രകടനത്തിന് മലബാർ ഷോർട്ട് ഫിലിം ഫെസ്റ്റിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. സുൽത്താനിലൂടെ വെള്ളിത്തിരയിലേക്ക് മനോരഞ്ജൻ ആർട്സിന് വേണ്ടി ജയൻ ശിവപുരം എഴുതിയ നാടകത്തിൽ വേഷമിട്ടിരുന്നു. ഈ സൗഹൃദമാണ് 2008ൽ ജയൻ ശിവപുരം തിരക്കഥയെഴുതി ശ്രീപ്രകാശ് സംവിധാനം ചെയ്ത സുൽത്താൻ എന്ന സിനിമയിലേക്ക് എത്തിച്ചത്. ഡയലോഗുള്ള വേഷമായിരുന്നു. എന്നാൽ അഭിനയത്തിൽ നാടകത്തിന്റെ സ്വാധീനം വല്ലാതെയുണ്ടായിരുന്നുവെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. ഓട്ടർഷ, മുല്ലമൊട്ടും മുന്തിരിച്ചാറും ദാസേട്ടന്റെ സൈക്കിൾ, കപ്പേള, വിശേഷപ്പെട്ട ബിരിയാണി കിസ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശൈലി തിരുത്തിയ പാലേരി മാണിക്യം നാടകാഭിനയവും സിനിമാഭിനയവും വ്യത്യസ്തമാണെന്ന് തിരിച്ചറിയുന്നത് രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിലൂടെയാണ്. കോഴിക്കോട്ടെ നാടകവേദിയിൽ നിന്ന് തിരഞ്ഞെടുത്ത അഭിനേതാക്കളിൽ ഒരാളായാണ് ഞാനും പത്ത് ദിവസത്തോളം നീണ്ട ചിത്രത്തിന്റെ ക്യാമ്പിലെത്തിയത്. സത്യം പറഞ്ഞാൽ ഈ ക്യാമ്പാണ് സിനിമയുടെ അഭിനയ രീതികൾ എന്നെ പഠിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം വേഷമിടാനും ഈ ചിത്രത്തിലൂടെ ഭാഗ്യമുണ്ടായി. എന്നാൽ എന്റെ നിർഭാഗ്യം കൊണ്ട് ചിത്രത്തിന്റെ ദൈർഘ്യമേറിയത് കാരണം ഞാനഭിനയിച്ച പല രംഗങ്ങളും ഫൈനൽ എഡിറ്റിൽ കട്ട് ചെയ്യപ്പെട്ടു. ചിത്രം പുറത്തിറങ്ങിയപ്പോൾ കുറഞ്ഞ സീനുകളിൽ വന്നുപോകുന്ന ഒരാൾ മാത്രമായി എന്റെ കഥാപാത്രം. സങ്കടം കാരണം വീടിന് പുറത്തേക്കിറങ്ങാൻ തന്നെ മടിയായി. ബാവൂട്ടിയുടെ നാമത്തിൽ, അങ്കിൾ തുടങ്ങിയ ചിത്രങ്ങളിലും ഞാൻ മമ്മൂട്ടിയോടൊപ്പം വേഷമിട്ടിട്ടുണ്ട്. സിനിമയ്ക്കൊപ്പമുള്ള സഞ്ചാരം സിനിമയ്ക്കൊപ്പമായിരുന്നു വർഷങ്ങളായി എന്റെ സഞ്ചാരം. ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഓഡീഷൻ വേദികളിലും മണിക്കൂറുകളോളം കാത്തിരുന്നു. കിട്ടുന്ന ചെറുവേഷങ്ങളിൽ സന്തോഷിച്ചു. ഇതിനിടയിൽ ജോയ് മാത്യുവിന്റെ ഷട്ടർ പോലുള്ള സിനിമകളിൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞു. സുഹൃത്ത് നടനും സംവിധായകനുമായ മുസ്തഫ വഴിയാണ് സിദ്ധാർത്ഥ് ശിവയുടെ അടുത്തെത്തുന്നത്. സിദ്ധാർത്ഥ് ശിവയുടെ ‘ഐൻ’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റായിരുന്ന ജിയോ ബേബിയെ പരിചയപ്പെട്ടത്. ആ സൗഹൃദം അദ്ദേഹത്തിന്റെ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ എത്തിച്ചു. സുരാജ് വെഞ്ഞാറമൂടിന്റെ സുഹൃത്തായി ചിത്രത്തിൽ വേഷമിട്ടു. അദ്ദേഹം ഒരുക്കിയ ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിങ് തുടങ്ങിയ ചിത്രങ്ങളിലേക്കും എന്നെ വിളിച്ചു. ആ സൗഹൃദയാത്രയാണ് എന്നെ കാതലിലേക്കും എത്തിച്ചത്.

അഭിനയിക്കാനെത്തുമ്പോൾ ഇത്ര വലിയ കഥാപാത്രമാകും എനിക്കായി ജിയോ ഒരുക്കിവെച്ചതെന്ന് ഞാൻ കരുതിയിരുന്നില്ല. എന്റെ ക്ലോസപ് ഷോട്ട് എടുക്കുമ്പോൾ പലപ്പോഴും ഞാൻ കരഞ്ഞുപോയിട്ടുണ്ട്. ഇത്രയും കാലം ഞാൻ കാത്തു നിന്നത് ഈ നിമിഷത്തിനായിരുന്നല്ലോ എന്ന് ഞാനോർത്തു. മനുഷ്യനെന്ന നിലയിലുള്ള മാറ്റം ഒരു നടനെന്ന നിലയിൽ അഭിനയത്തിൽ എന്ത് മാറ്റമുണ്ടെന്ന് വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. പക്ഷെ എനിക്കുറപ്പിച്ച് പറയാൻ കഴിയും കാതൽ എന്ന ചിത്രത്തിലൂടെ മനുഷ്യനെന്ന നിലയിൽ ഞാൻ ഏറെ മാറിയിട്ടുണ്ട്. സ്വവർഗ ലൈംഗികത ഒരു രോഗമാണെന്ന ധാരണ മാത്രമായിരുന്നു എനിക്കുമുണ്ടായിരുന്നത്. ഷൂട്ടിങ്ങിന് മുമ്പ് ജിയോ ബേബിയാണ് കിഷോർ കുമാർ ‘രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ’ എന്ന പുസ്തകം എനിക്ക് വായിക്കാൻ തരുന്നത്. ആ പുസ്തകവും കാതൽ എന്ന സിനിമയുമാണ് എന്റെ ധാരണകളെ തിരുത്താൻ എന്നെ സഹായിച്ചത്. ഗേ കമ്യൂണിറ്റിയെപ്പറ്റി ഞാൻ മനസിലാക്കി. അവരുടെ വേദനകളും ഒറ്റപ്പെടലും തിരിച്ചറിഞ്ഞു. ഞാൻ പരിചയപ്പെട്ട ഇത്തരം മനുഷ്യരും മമ്മൂട്ടിയോടുള്ള ആരാധനയുമാകും ഈ കഥാപാത്രത്തെ മികച്ചതാക്കാൻ എന്നെ സഹായിച്ചത്. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ വലിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ നടൻ കൂടിയായ ജിയോ ബേബി കൃത്യമായി ഓരോ കാര്യവും പറഞ്ഞു തന്നു. കോഴിക്കോടൻ സ്ലാങിൽ നിന്ന് കോട്ടയം സ്ലാങിലേക്ക് സംസാരം മാറ്റുകയും നാടക ശീലത്തിൽ നിന്നുള്ള ഉച്ചത്തിലുള്ള സംസാരം കുറച്ചുകൊണ്ടുവരികയും ചെയ്തു. ചിത്രത്തിൽ കണ്ടതൊന്നും എന്റെ കഴിവല്ല. ജിയോ ബേബിയും മമ്മൂട്ടി എന്ന മഹാനടനും എന്നെ തങ്കനിലേക്ക് രൂപാന്തരപ്പെടുത്തുകയായിരുന്നു. ഓരോ സീൻ കഴിയുമ്പോഴും മമ്മൂക്ക കാണുന്നുണ്ടോ അദ്ദേഹത്തിന്റെ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ജ്യോതികയ്ക്കൊപ്പം ഉൾപ്പെടെ അഭിനയിക്കായതും വലിയൊരു ഭാഗ്യമായി കാണുന്നു. കാതൽ സുധി സിനിമയിൽ ‘സുധി‘മാർ കുറേയുള്ളതുകൊണ്ടാണ് സുധി കോഴിക്കോട് എന്ന പേര് സ്വീകരിച്ചത്. നേരത്തെ സുധി ബാലുശേരി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ജീവിതത്തിൽ വലിയ മാറ്റങ്ങൾ സമ്മാനിച്ച കാതൽ സിനിമയ്ക്കൊപ്പം അറിയപ്പെടാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.

ഹർഷദിന്റെ തിരക്കഥയിൽ ഒരു വെബ് സീരീസ് ചെയ്യുന്നുണ്ട്. അലൻസിയർ പ്രധാനവേഷത്തിലെത്തുന്ന ഗോളം എന്ന സിനിമയിലും വേഷമിടുന്നു. ഒരു പൊലീസ് കഥാപാത്രമാണ് ചിത്രത്തിൽ. കൂടുതൽ മികച്ച വേഷങ്ങൾ സിനിമയിൽ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റെ അടിത്തറ നാടകമാണ്. അതുകൊണ്ട് തന്നെ നാടകം വിട്ടുപോകാനാവില്ല. നല്ലൊരു നാടകം ചെയ്യണമെന്നുണ്ട്. സാംകുട്ടി പട്ടംകരിയോട് സ്ക്രിപ്റ്റ് ചോദിച്ചിട്ടുണ്ട്. ഒരു പാട് സുഹൃത്തുക്കൾ എനിക്കുണ്ട്. അവരുടെയെല്ലാം സഹായമാണ് എന്നെ ഇവിടെയെത്തിച്ചത്. പിഡബ്യുഡി റോഡ്സ് കൊടുവള്ളി സബ് ഡിവിഷൻ ഓഫീസിലാണ് ജോലി ചെയ്യുന്നത്. കുടുംബം അച്ഛൻ രാരോത്ത് ഉണ്ണി നായർ. ഭാര്യ: ഭവിത. മക്കൾ: ദേവാംഗ്, ധൻവിൻ ഇവരടങ്ങിയതാണ് കുടുംബം. അമ്മ പരേതയായ സാവിത്രി.

 

Exit mobile version