Site iconSite icon Janayugom Online

രക്തസാക്ഷിയുടെ ആത്മസാക്ഷ്യം

poempoem

നിൽക്കൂ സഹോദരാ, ഇത്തിരി നേരമെൻ
മുന്നിലായി വന്നു നീയൊന്നു നിൽക്കൂ
കാര്യങ്ങളിത്തിരി ചൊല്ലിടാം ഞാനെന്റെ
ഹൃദയം നുറുങ്ങുന്ന നൊമ്പരത്താൽ
നാഴികയ്ക്കപ്പുറം തെരുവിൽ നീ വീഴ്ത്തിയ
ദേഹത്തിനുടമ ഞാനായിരുന്നു
ആരാണു നീയെന്നെനിക്കറിയാത്തപോലാ-
രാണു ഞാനെന്നറിയുന്നതില്ല നീ
എന്തിന്നുവേണ്ടിയാണെങ്കിലും സോദരാ
എന്തായിരുന്നു മത്സരം നമ്മളിൽ
ആരോപിടിപ്പിച്ച വാളിന്റെ തുഞ്ചത്തെൻ-
ചോരയാൽ നീ നിന്റെ വാക്കു തീർത്തു
എണ്ണി നീ വാങ്ങിച്ച നോട്ടിൽ ചിരിക്കുന്നു
ചിത്രമായി പണ്ടത്തെ രക്തസാക്ഷി
നിൽക്കൂ സഹോദരായിത്തിരി നേരമെൻ
കുടിലിന്റെ മുറ്റത്തു വന്നു നിൽക്കൂ
നട്ടു ഞാൻ വളമിട്ടു നോക്കി വളർത്തിയ
കുലവന്ന വാഴതന്നിലയിലായി
പട്ടിൽപ്പൊതിഞ്ഞൊരെൻ തുന്നിയദേഹമാ-
കാഴ്ചയ്ക്കു മുറ്റത്ത് വെച്ചിരിപ്പൂ
മാറത്തടിച്ചവർ വിലപിക്കയാണെന്റെ-
യുറ്റവർ ചുറ്റിലുമെത്രനേരം
പെറ്റവയറിന്റെയാളലും നോവുമീ-
യിനിയുള്ള കാലം നിലയ്ക്കയില്ല
അവസാന നാളിലെന്നമ്മയാ ചിതയിലെ
ചാരമായിത്തീരുന്ന നാൾവരെയും
പൊന്മകനമ്മയ്ക്കു നൊമ്പരമായീടും
ഇല്ലാ പരിഹാരമൊട്ടുപോലും
വളരുന്ന കൈകളും വളരുന്ന കാൽകളും
പിച്ചയിൽ ഞാനന്നു വേച്ചു വീഴുന്നതും
ഒക്കെയും നോക്കിച്ചിരിച്ചെന്റെയച്ഛനിന്ന-
പ്പുറത്തൊറ്റക്ക് വിലപിക്കയാണെടോ
ഇണപോയ ദുഃഖത്തിൽ തലതല്ലി പെൺകിളി
ചുറ്റിപ്പറക്കും വിലാപമോടെ
മഞ്ഞച്ചരടിലായി കോർത്തുഞാൻ ചാർത്തിയോ-
രാലിലത്താലി നീ പൊട്ടിച്ചെറിഞ്ഞുവോ?
സീമന്തരേഖയിൽ ഞാനന്നു ചാർത്തിയ
സിന്ദൂരമിന്നു നീ മായ്ച്ചുകളഞ്ഞുവോ?
പാതിരാവേറെക്കഴിഞ്ഞു ഞാനെത്തുമ്പോ-
ളുമ്മറത്തോമന പൊന്നുമക്കൾ
പലഹാരപ്പൊതിയുമായെത്തുന്നോരച്ഛനെ
ഉറക്കച്ചടവോടെ കാത്തിരിക്കും
ഞാൻതന്നെ വേണമാ പൊതിയിലെ പലഹാരം
വായിലേക്കൊന്നായി വച്ചു നല്കാൻ
നൊട്ടിനുണഞ്ഞെന്റെ കവിളത്തു നല്ലുമ്മ
തന്നവർ മെല്ലെയുറക്കമാകും
ഇല്ല സഹോദരാ! പലഹാരപ്പൊതിയു-
മായെത്തുവാനച്ഛനില്ലാ-രുചൊല്ലും?
ഓർത്തൊന്നു നോക്കൂ സഹോദരാ, നീ കണ്ട
കാഴ്ചകളൊക്കെയും നിന്റെയെന്ന്
തൂശനിലയിലെ പട്ടിൽ പൊതിഞ്ഞതും
നിന്നെയാണെന്നതൊന്നോർത്തു നോക്കൂ
അച്ഛനുമമ്മയും നിന്റെ തന്നെ
ഭാര്യയും മക്കളും നിന്റെ തന്നെ
ഓർക്കുമ്പോളറിയും സഹോദരാ നീ
നിന്റെ പാതകച്ചൂടിന്റെ വേവറിയും
മാപ്പുനല്കീടാം, നിനക്കു ഞാനെങ്കിലും
മാപ്പുനൽകീടുമോ കാലവും ലോകവും

Exit mobile version