Site iconSite icon Janayugom Online

കെസിഎ പാലക്കാട് സ്പോർട്സ് ഹബ്ബ് നിർമ്മാണോദ്ഘാടനം നാളെ

കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക നിലവാരത്തിലുള്ള പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമ്മാണോദ്ഘാടനം നാളെ നടക്കും. മലബാർ ദേവസ്വത്തിന് കീഴിലുള്ള അകത്തേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ ഭൂമിയിലാണ് പാലക്കാടിന്റെ കായികമുഖച്ഛായ മാറ്റുന്ന സ്പോർട്സ് ഹബ്ബ് ഒരുങ്ങുന്നത്. അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിന് പിന്നിലുള്ള നിർദിഷ്ട സ്പോർട്സ് ഹബ്ബ് ഏരിയയിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് നിർമ്മാണോദ്ഘാടനം നിർവഹിക്കും. മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയാകും. 

30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹദ് കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ് സൗകര്യം, ക്ലബ്ബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ് ബോൾ — ഫുട്‌ബോൾ മൈതാനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. പാട്ട കരാര്‍ അടിസ്ഥാനത്തിൽ 33 വർഷത്തേക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭൂമി ഏറ്റെടുക്കുന്നത്. സ്പോർട്സ് ഹബ്ബ് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് തൊഴിൽ മേഖലയിൽ മുൻഗണന നൽകാനും വ്യവസ്ഥയുണ്ട്. ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്പോർട്സ് ഹബ്ബ് നിർമ്മിക്കുക.

2018ൽ ആരംഭിച്ച നടപടിക്രമങ്ങൾ കോവിഡിനെ തുടർന്ന് വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് 1951 പ്രകാരമുള്ള നിയമനടപടികൾ മലബാർ ദേവസ്വവും അമ്പലം ട്രസ്റ്റും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഗ്രൗണ്ട്, പവലിയൻ, സ്പ്രിഗ്ലർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ട നിർമ്മാണം ഈ വർഷം പൂർത്തിയാക്കാനാണ് തീരുമാനമെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ പറഞ്ഞു. രണ്ടാം ഘട്ടം 2027 ഏപ്രിലോടെ പൂർത്തിയാക്കും. ജില്ലയിലെ കായിക മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം നൽകുന്ന പദ്ധതി എല്ലാ കായിക ഇനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ പാലക്കാടിന്റെ കായിക ഭൂപടത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version