Site iconSite icon Janayugom Online

പ്രഥമ ജൂനിയര്‍ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെസിഎ

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക.സെപ്റ്റംബർ 12ന് ആരംഭിച്ച് എല്ലാ വാരാന്ത്യങ്ങളിലും നടക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19 നാണു അവസാനിക്കുക.
ജൂനിയർ താരങ്ങൾക്ക് ത്രിദിന ഫോർമാറ്റുകളിൽ അനായാസമായി കളിക്കാനുള്ള പരിശീലനം കൂടിയാണ് ടൂർണ്ണമെന്റ് ലക്‌ഷ്യം വയ്ക്കുന്നത്. കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് (ഗ്രൗണ്ട് 1 & 2 ) — തൊടുപുഴ, കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട്, മംഗലാപുരം എന്നീ മൂന്നു വേദികളിൽ ഒരേസമയമാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. കേരള ക്രിക്കറ്റ് അസോസിയേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കളിക്കാർക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കുക. സംസ്ഥാനത്തെ ആറ് ക്ലബുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.

ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് — തിരുവനന്തപുരം, ത്രിപ്പുണ്ണിത്തറ ക്രിക്കറ്റ് ക്ലബ് — എറണാകുളം, സസക്സ് ക്രിക്കറ്റ് ക്ലബ് — കോഴിക്കോട്, ആർ എസ് സി — എസ്ജി ക്രിക്കറ്റ് സ്‌കൂൾ — എറണാകുളം , അത്രേയ ക്രിക്കറ്റ് ക്ലബ് — തൃശൂർ, വിന്റേജ് ക്രിക്കറ്റ് ക്ലബ് — കോട്ടയം തുടങ്ങിയ 6 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. ജൂനിയർ താരങ്ങൾക്ക് കേരള ക്രിക്കറ്റിലേയ്ക്ക് കടന്നുവരാനുള്ള ചവിട്ടുപടിയായിട്ടാണ് ജൂനിയർ ക്ലബ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കെ.സിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. ടി20 നൽകുന്ന ലഹരിക്കപ്പുറം യുവതാരങ്ങളെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലേയ്ക്കും അനായാസമായി കളിക്കാൻ പാകപ്പെടുത്തി എടുക്കാൻ വേണ്ടിയാണ് ഈ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷന്റെ യൂ ട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

Exit mobile version