Site iconSite icon Janayugom Online

കെസിഎല്‍: നിലനിർത്തുന്ന താരങ്ങളുടെ പട്ടികയായി

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലം ജൂലൈ അഞ്ചിന്‌ നടക്കാനിരിക്കെ ഓരോ ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏരീസ് കൊല്ലം സെയിലേഴ്സും ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സും നാല് താരങ്ങളെ വീതം നിലനിർത്തിയപ്പോൾ ട്രിവാൺഡ്രം റോയൽസ് മൂന്ന് താരങ്ങളെയാണ് നിലനിർത്തിയത്. പരമാവധി നാല് താരങ്ങളെ വീതമാണ് ഓരോ ടീമുകൾക്കും നിലനിർത്താനാകുക. കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ് എന്നീ ടീമുകൾ ഒരു താരത്തെയും നിലനിർത്തിയില്ല. എ കാറ്റഗറിയിൽപ്പെട്ട സച്ചിൻ ബേബിയെയും എൻ എം ഷറഫുദ്ദീനെയും ബി വിഭാഗത്തിൽപ്പെട്ട അഭിഷേക് ജെ നായരെയും സി വിഭാഗത്തിൽപ്പെട്ട ബിജു നാരായണനെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്സ് നിലനിർത്തിയത്. രണ്ട് സെഞ്ചുറിയടക്കം 528 റൺസ് നേടിയ സച്ചിൻ ബേബിയായിരുന്നു ആദ്യ സീസണിലെ ടോപ് സ്കോറർ. സച്ചിനെ ഏഴര ലക്ഷം രൂപ നല്‍കിയാണ് ടീം നിലനിര്‍ത്തിയത്.

എ കാറ്റഗറിയിൽപ്പെട്ട മൊഹമ്മദ് അസറുദ്ദീൻ, അക്ഷയ് ച­ന്ദ്രൻ, വിഘ്നേഷ് പു­ത്തൂർ, ബി കാറ്റഗറിയിൽപ്പെട്ട അക്ഷയ് ടി കെ എന്നിവരെയാണ് ആലപ്പി റിപ്പിൾസ് നിലനിർത്തിയത്. ടീമിന് വേണ്ടി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മൊഹമ്മദ് അസറുദ്ദീൻ. നാല് അർധ സെഞ്ചുറികളടക്കം 410 റൺസ് അടിച്ചു കൂട്ടിയ അസറുദ്ദീനെ ഏഴര ലക്ഷം നല്‍കിയാണ് നിലനിർത്തിയത്. മുംബൈ ഇന്ത്യൻസിലൂടെ ഐപിഎല്ലിൽ ശ്രദ്ധേയനായ വിഘ്നേഷ് പുത്തൂരിന് 3,75,000 രൂപയും അക്ഷയ് ചന്ദ്രന് അഞ്ച് ലക്ഷവും അക്ഷയ് ടി കെയ്ക്കും ഒന്നര ലക്ഷവും വീതവുമാണ് ലഭിക്കുക.
എ കാറ്റഗറിയിൽപ്പെട്ട രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ എന്നിവരെയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ് നിലനിർത്തിയത്. കഴിഞ്ഞ സീസണിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനക്കാരനായ സൽമാൻ നിസാറിന് അഞ്ച് ലക്ഷവും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് ഏഴര ലക്ഷയം രൂപയുമാണ് ഗ്ലോബ്സ്റ്റേഴ്സ് ചെലവഴിച്ചത്. അഖിൽ സ്കറിയയ്ക്ക് 3,75,000 രൂപയാണ് ലഭിക്കുക. അൻഫലിന് ഒന്നര ലക്ഷത്തിനും നിലനിർത്തി. ബി കാറ്റഗറിയിൽപ്പെട്ട ഗോവിന്ദ് ദേവ് പൈയെയും സി കാറ്റഗറിയിൽപ്പെട്ട എസ് സുബിൻ, വിനിൽ ടി എസ് എന്നിവരെയാണ് ട്രിവാൺഡ്രം റോയൽസ് റീട്ടെയിൻ ചെയ്തത്. മൂവർക്കും ഒന്നര ലക്ഷം രൂപ വീതമാണ് ലഭിക്കുക. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് ര­ണ്ടാം സീസൺ.

Exit mobile version