Site iconSite icon Janayugom Online

കേരളത്തിലെ സിനിമ പ്രേക്ഷകര്‍ സ്പെഷ്യല്‍

കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ ശരിക്കും സ്പെഷ്യലാണെന്ന് ഓള്‍ വീ ഇമാജിൻ ആസ് ലൈറ്റ് (പ്രഭയായി നിനച്ചതെല്ലാം) ചിത്രത്തിന്റെ സംവിധായിക പായല്‍ കപാഡിയ. 

സിനിമയെ കുറിച്ച് വിശദമായി ചര്‍ച്ചചെയ്യാൻ ഒരിടമുണ്ടാക്കുകയാണ് ഐഎഫ്എഫ്‍കെ ചെയ്യുന്നത്. യുവതലമുറ സിനിമകള്‍ കാണാൻ കൂട്ടത്തോടെ എത്തുന്നതും ആഹ്ലാദം പകരുന്നു. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി കാൻ മേളയിൽ പാം ഡിഓർ നേടിയശേഷം ആദ്യമായാണ് പായൽ കപാഡിയ കേരളത്തിലെത്തിയത്. അന്താരാഷ്ട്ര ഡോക്യുമെന്ററി മേളകളിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ള താൻ ആദ്യമായാണ് ഐഎഫ്എഫ്‍കെയിൽ പങ്കെടുക്കുന്നത്. അത്ഭുതപ്പെടുത്തുന്ന, വേറിട്ട പ്രേക്ഷകരെയാണ് താനിവിടെ കാണുന്നത്. ചെറുപ്പക്കാർ സിനിമ കാണാനായി മണിക്കൂറുകൾ നീണ്ട വരി നിൽക്കുന്ന കാഴ്ച അമ്പരിപ്പിച്ചു. പ്രചോദിപ്പിക്കുംവിധം പ്രഗൽഭരായ സിനിമാ പ്രവർത്തകരും സിനിമകളുമാണ് മേളയിലുള്ളത്. ഇത്തരം മാറ്റങ്ങളാണ് എപ്പോഴും പ്രതീക്ഷിക്കുന്നതെന്നും പായല്‍ പറഞ്ഞു. ഇത്തവണത്തെ ഐഎഫ്എഫ്‍കെയിലെ സ്പിരിറ്റ് ഓഫ് അവാര്‍ഡ് സ്വീകരിക്കാനെത്തിയ പായല്‍ കപാഡിയ മീറ്റ് ദ ഡയറക്ടര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. 

ഓള്‍ വീ ഇമാജിൻ ആസ് ലൈറ്റ് സിനിമയിലെ കഥാപാത്രങ്ങളിലൊരായ ദിവ്യപ്രഭയുടെ നഗ്നരംഗത്തിന്റെ പേരിലുണ്ടായത് അനാവശ്യ വിവാദമാണെന്നും സംവിധായിക അഭിപ്രായപ്പെട്ടു. വളരെ ദൈര്‍ഘ്യം കുറഞ്ഞ നഗ്നരംഗങ്ങളെ ഒരു ചെറിയ വിഭാഗം ആളുകളാണ് വിവാദമാക്കിയത്. കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ ആ സീനുകളെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് കണ്ടത്. എന്നാല്‍ ഒരുവിഭാഗം പേര്‍ അതിന്റെ പേരില്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നു. ഈ സിനിമ തന്നെ പരമ്പരാഗത സദാചാരവും ആധുനികതയും തമ്മിലുള്ള പോരാട്ടമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

‘പ്രചോദനങ്ങൾക്കായി കാത്തിരിക്കരുത്. ചുറ്റുമുള്ളതെല്ലാം പ്രചോദനങ്ങളാണ്’ എന്ന് അമ്മ പറയുമായിരുന്നു. അത് തന്നെയാണ് എന്റെയും പ്രചോദനം. വേണമെങ്കിൽ ഈ മേളയെ വിഷയമാക്കിയും നിങ്ങൾക്കാർക്കെങ്കിലും ഒരു സിനിമ ചെയ്യാവുന്നതേയുള്ളൂ. പലതരത്തിൽ വ്യാഖ്യാനിക്കാവുന്ന സ്ഥലം, സമയം എന്നിവയെ സിനിമയിലേക്ക് കൊണ്ടുവരാൻ കൂടിയാണ് താൻ ശ്രമിച്ചത്. മുംബൈ പോലൊരു നഗരത്തിൽ ആർക്കും ഒന്നിനും സമയം തികയാറില്ല. കനത്ത ട്രാഫിക്കിനിടെയുള്ള യാത്രകളാണ് ഏറെ നേരവും. എന്നാൽ നല്ല മാനസികാവസ്ഥയിലാണെങ്കിൽ ട്രാഫിക്ക് തിരക്ക്പോലും നമുക്ക് ആസ്വാദിക്കാനാകും. വീഡിയോ ആർട്ടിസ്റ്റായ അമ്മയെ കണ്ടാണ് വളർന്നത്. എഡിറ്റിങ് പണികളൊക്കെ വീട്ടിൽ തന്നെയാവും നടക്കുക. സത്യത്തിൽ ഒരു എഡിറ്റർ ആകാനാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം കിട്ടിയില്ല! ഇപ്പോഴത്തെ അവാർഡുകൾ തനിക്ക് ഭാരമായി മാറിയിട്ടില്ലെന്ന് അവർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

ഷൂട്ടിങ്ങിന് മുൻപ് മലയാളികളായ കനി കുസൃതിയെയും ദിവ്യപ്രഭയെയുമൊക്കെ ചേർത്ത് കുറച്ചുനാളത്തെ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. അത് തനിക്കുകൂടിയുള്ള ട്രെയിനിങ് ആയിരുന്നു. ലോകത്തെ മികച്ച മേളകളൊക്കെ സിനിമാ മാർക്കറ്റിങും കൂടി ചേർന്നതാണെന്നും തന്റെ ചിത്രത്തിന് നിർമ്മാതാക്കളെ ഫ്രാൻസിൽ നിന്നാണ് കണ്ടെത്തിയതെന്നും പായൽ പറഞ്ഞു. അത് സിനിമ തീർന്ന ശേഷവും നീണ്ടുനിന്ന നടപടികളായിരുന്നു. ആദ്യം എഴുത്ത് ജോലികൾക്കുള്ള ഫണ്ട്. പിന്നാലെ പ്രീപ്രൊഡക്ഷൻ, ഷൂട്ടിങ് തുടങ്ങി ഓരോ ഘട്ടത്തിലുമാണ് ഫണ്ടിങ്. മികച്ച മാർക്കറ്റിങ് ടീമാണ് ചിത്രത്തെ ലോകത്തിന് മുന്നിൽ എത്തിക്കുന്നത്. ഒരാൾക്ക് പിഎച്ച്ഡി ചെയ്യാൻ കിട്ടുന്ന പിന്തുണ സിനിമ പഠിക്കാൻ കിട്ടാറില്ല. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് കൂടുതൽ ഗ്രാന്റുകളും സർക്കാർ സഹായങ്ങളും ലഭ്യമാക്കണം. എല്ലാ വിഭാഗങ്ങൾക്കും സിനിമ പ്രാപ്യമായാലേ മികച്ചതും വ്യത്യസ്തവുമായ സൃഷ്ടികൾ പുറത്തുവരൂവെന്നും പായൽ കപാഡിയ പറഞ്ഞു. 

Exit mobile version