Site iconSite icon Janayugom Online

കേരളം ശക്തമായ നിലയിൽ; അഞ്ച് വിക്കറ്റുമായി നിധീഷ് എം ഡി

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. മധ്യപ്രദേശ് ആദ്യ ഇന്നിങ്സിൽ 160 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 54 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡിയുടെ പ്രകടനമാണ് ആദ്യ ദിവസം കേരളത്തിന് കരുത്തായത്.

രജത് പട്ടീദാറും വെങ്കടേഷ് അയ്യരുമടങ്ങിയ കരുത്തുറ്റ മധ്യപ്രദേശ് ബാറ്റിങ് നിര കേരള ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മുൻനിര ബാറ്റർമാരെ പുറത്താക്കി തുടക്കത്തിൽ തന്നെ നിധീഷ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചു. ഓപ്പണർ ഹർഷ് ഗാവ്ലിയെയും രജത് പട്ടീദാറിനെയും ഒരോവറിൽ പുറത്താക്കിയാണ് നിധീഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രജത് പട്ടീദാർ പൂജ്യത്തിന് പുറത്തായപ്പോൾ ഹർഷ് ഗാവ്ലി ഏഴും ഹിമൻശു മന്ത്രി 15ഉം റൺസെടുത്തു. ക്യാപ്റ്റന്റെ ഇന്നിങ്സുമായി ഒരറ്റത്ത് ഉറച്ചുനിന്ന ശുഭം ശർമ്മയാണ് വലിയൊരു തകർച്ചയിൽ നിന്ന് മധ്യപ്രദേശിനെ കരകയറ്റിയത്. 54 റൺസെടുത്ത ശുഭം ശർമ്മയാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറർ. വെങ്കടേഷ് അയ്യർ 42 റൺസെടുത്തു. പരിക്കേറ്റ് കളം വിട്ട വെങ്കടേഷ് അയ്യർ പിന്നീട് തിരിച്ചെത്തി ബാറ്റിങ് തുടരുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷിന് പുറമെ ബേസിൽ എൻ പിയും ആദിത്യ സർവാടെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യ ദിവസം അവസാനിപ്പിച്ചു. കളി നിർത്തുമ്പോൾ അക്ഷയ് 22ഉം രോഹൻ 25ഉം റൺസ് നേടി ക്രീസിലുണ്ട്.

Exit mobile version