Site iconSite icon Janayugom Online

തയ്ക്വാൻഡോയില്‍ കേരളത്തിന് സ്വര്‍ണത്തിളക്കം

38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനൊന്നാം സ്വര്‍ണം. തയ്ക്വാൻഡോ ഇനത്തില്‍ ക്യോരുഗി വനിതാ-അണ്ടർ 67 കിലോഗ്രാം വിഭാഗത്തിൽ മാർഗരറ്റ് മരിയ റെജിയാണ് സ്വർണ മെഡൽ സ്വന്തമാക്കിയത്. 

ബാസ്‌കറ്റ് ബോള്‍ പുരുഷവിഭാഗം 3x3 എഡ്ജ്-ഓഫ്-സീറ്റ് ഫൈനലിൽ കേരളാ ടീം വെള്ളി മെഡല്‍ സ്വന്തമാക്കി. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ മുഴുവൻ സമയ സ്കോർ 20–20 ആയിരുന്നു. എന്നാല്‍ സഡൻ ഡെത്തിൽ മധ്യപ്രദേശ് മുന്നിലെത്തി വിജയിക്കുകയായിരുന്നു. തയ്ക്വാൻഡോയില്‍ വനിതാ പൂംസേ ഗ്രൂപ്പിനത്തില്‍ കർണിക, സെബ, ലയ ഫാത്തിമ എന്നിവര്‍ അംഗങ്ങളായ കേരളാ ടീം വെങ്കലം നേടി. ഇന്നലെ നടന്ന വനിതാ വിഭാഗം വ്യക്തിഗത പൂംസെ ഇനത്തിൽ ലയ ഫാത്തിമ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ ഗെയിംസിൽ ലയയ്ക്ക് വെള്ളി മെഡലായിരുന്നു ലഭിച്ചത്. 

80 കിലോഗ്രാം തയ്ക്വാൻഡോ ഇനത്തിൽ മനു ജോർജ് വെങ്കലം നേടിയപ്പോള്‍ വനിതകളുടെ 53 കിലോഗ്രാം അണ്ടർ തയ്ക്വാൻഡോ ഇനത്തിൽ ശിവാംഗി ചാനമ്പം വെങ്കലം സ്വന്തമാക്കി. തയ്ക്വാൻഡോ-ക്യോരുഗി പുരുഷ വിഭാഗത്തില്‍ അണ്ടർ 63 കിലോഗ്രാമിൽ ശ്രീജിത്ത് ബിയും വെങ്കല മെഡല്‍ നേടി. വനിതകളുടെ 81 കിലോഗ്രാം ഭാരോദ്വഹനത്തിൽ അഞ്ജന ശ്രീജിത്തിനും വെങ്കലം ലഭിച്ചു.

പുരുഷന്മാരുടെ ലോങ്ജംപില്‍ അനുരാഗ് സി വി വെങ്കലം നേടിയതോടെ കേരളത്തിന് അത്ലറ്റിക്സിലെ ആദ്യ മെഡല്‍ സ്വന്തമായി. ഉത്തർപ്രദേശിന്റെ ഷാനവാസ് ഖാൻ സ്വര്‍ണം നേടിയപ്പോള്‍ തമിഴ്‌നാടിന്റെ ശ്രീറാം ആർ വിജയകുമാർ വെള്ളി നേടി. വനിതകളുടെ പോൾവോൾട്ടിൽ മരിയ ജെയ്‌സണിനും വെങ്കല തിളക്കമായിരുന്നു. ഡിസ്കസ് ത്രോയിൽ അലക്സ് പി തങ്കച്ചൻ വെങ്കല മെഡൽ സ്വന്തമാക്കി. 

വനിതകളുടെ പോള്‍വോള്‍ട്ടില്‍ മരിയ ജയ്‌സണ്‍ വെങ്കലം നേടി. ഡിസ്ക്കസ് ത്രോയില്‍ അലക്‌സ് പി തങ്കച്ചൻ 52.79 മീറ്റര്‍ കണ്ടെത്തി വെങ്കലം നേടി. വനിതകളുടെ ടീം അക്രോബാറ്റിക് ബാലൻസ് യോഗ്യതാ റൗണ്ടിൽ 16.960 സ്‌കോറോടെ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനം നേടി. വനിതകളുടെ 10,000 മീറ്റർ ഓട്ടത്തിൽ റീബ ആൻ ജോർജ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 

Exit mobile version