Site iconSite icon Janayugom Online

കേരളം കടത്തിൽ മുങ്ങുന്നതെങ്ങനെ?

കേരളത്തിലെ എൽഡിഎഫ് സർക്കാർ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന വിമർശനങ്ങളിൽ 80 ശതമാനം വരെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായുള്ളവയാണ്. 60 ലക്ഷത്തിലധികം പേർക്ക് പ്രതിമാസം 1600രൂപ നിരക്കിൽ നൽകേണ്ട സാമൂഹ്യക്ഷേമ പെൻഷന്റെ മൂന്ന് ഗഡുക്കൾ കുടിശികയായത്, സിവിൽ സപ്ലൈസ് കോർപറേഷന് നൽകാനുള്ള കുടിശിക നൽകാത്തത്, ഭവനനിർമ്മാണ പദ്ധതിയിൽ ഉണ്ടാകുന്ന മെല്ലെപ്പോക്ക്, കർഷകർക്ക് ആനുകൂല്യങ്ങൾ എത്തിക്കുന്നതിലും കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട 21ശതമാനം ക്ഷാമബത്ത നൽകാത്തത്, ശമ്പള പരിഷ്കരണ ആനുകൂല്യങ്ങളുടെ കുടിശിക വിതരണം ചെയ്യാത്തത്, സറണ്ടർ ചെയ്യുന്നതിൽ ഉണ്ടായിരിക്കുന്ന മരവിപ്പ്, സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കി പകരം പിഎഫ്ആർഡിഎ നടപ്പിലാക്കിയതിന്റെ ഫലമായി ഭാവിയിൽ പെൻഷൻ പറ്റുന്നവർക്ക് മിനിമം പെൻഷൻ പോലും കിട്ടാത്ത സാഹചര്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വിതരണത്തിലെ താമസം, കരാറുകാർക്ക് നൽകേണ്ട കുടിശിക യഥാസമയം നൽകാത്തത്, വിദ്യാഭ്യാസ മേഖലയിൽ അടക്കം വിവിധ മേഖലകളിൽ ചെലവഴിക്കേണ്ട ചെറുതും വലുതുമായ തുക വിതരണം ചെയ്യുന്നതിലെ കാലതാമസം മുതലായവയെല്ലാം വിമർശനം ഏറ്റുവാങ്ങുന്ന സംഗതികളാണ്. ഈ കുടിശികയെല്ലാം നൽകണമെങ്കിൽ 48,000 കോടിയോളം രൂപ അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്.

പൊതുപണം പാഴാകുന്നത്, സാംസ്കാരിക രംഗത്തുൾപ്പെടെ ഏകപക്ഷീയ നിലപാടുകൾ ഇവയെല്ലാം വിമർശനം ഏറ്റുവാങ്ങുന്ന മറ്റുസംഗതികളാണ്. ഈ വിമർശനങ്ങളെല്ലാം എൽഡിഎഫ് സർക്കാർ ഗൗരവപൂർവം കാണേണ്ടതും വിമർശനം ഇല്ലാതാക്കാൻ ആത്മാർത്ഥമായി ശ്രമിക്കേണ്ടതുമാണ്. അഴിമതിയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും അഴിമതി ഇന്നും തുടരുന്നു. മാധ്യമങ്ങൾ, വിവാദങ്ങൾക്ക് കാതോർക്കുക സ്വാഭാവികമാണ്. അവർക്ക് ആയുധം നൽകാതിരിക്കാനുള്ള കരുതൽ പലപ്പോഴും ഇല്ലാതെപോകുന്നു. കേരളത്തിന്റെ നികുതി സമാഹരണം എൽഡിഎഫ് ഭരിക്കുന്ന കാലഘട്ടങ്ങളിലെല്ലാം നികുതി പിരിവിൽ വർധനവുണ്ടായിട്ടുണ്ട്. ജിഎസ്‌ടി നടപ്പിലാക്കുന്നതിന് മുമ്പ് ഓരോ വർഷവും 18–20 ശതമാനം വരെ നികുതി പിരിവിൽ വർധനവുണ്ടായിട്ടുണ്ട് എന്ന് അക്കാലത്തെ ബജറ്റ് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ ജിഎസ്‌ടി വന്നശേഷം വരുമാന സ്രോതസിൽ പകുതിയിലധികം കേന്ദ്ര നിയന്ത്രണത്തിലായി. എങ്കിലും 2021–22നെ അപേക്ഷിച്ച്, 2022–23 ൽ തനതു വരുമാനത്തിൽ 22.11ശതമാനം വർധനവുണ്ടായി എന്നത് ചെറിയ കാര്യമല്ല. 2021–22ൽ കേരളത്തിന്റെ സമ്പദ്ഘടന 12.23ശതമാനം വളർച്ചയാണ് കൈവരിച്ചത്. സംസ്ഥാനത്തിന് നേരിട്ട് വിഭവസമാഹരണം നടത്താവുന്ന മേഖലകൾ കുറവാണ്. മോട്ടോർ വാഹനനികുതി, രജിസ്ട്രേഷൻ, ഭൂനികുതി, ലോട്ടറി, എക്സൈസ് മുതലായവയാണ് പ്രധാന വരുമാന മാർഗങ്ങൾ.


ഇതുകൂടി വായിക്കൂ:തുറന്നുകാട്ടപ്പെടുന്ന ഇന്ത്യന്‍ സാമ്പത്തികാവസ്ഥ


ഇവയിലെല്ലാം ശരാശരി 20ശതമാനം വർധനവ് ഉണ്ടാകുന്നുണ്ട്. എന്നിട്ടും കടം കൂടിക്കൊണ്ടിരിക്കുന്നതിന് കൃത്യമായ കാരണങ്ങൾ വേറെയുണ്ട്. ചെലവ് കുതിച്ചുയരുന്നതെങ്ങനെ ദാരിദ്ര്യം കട്ടപിടിച്ചുനിൽക്കുന്ന ഒരു സമൂഹത്തെ മുന്നോട്ടുനയിക്കണമെങ്കിൽ, ഖജനാവിൽ നിന്ന് വലിയ തോതിൽ പണം സമൂഹത്തിലെത്തണം. 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഈ സത്യം തിരിച്ചറിഞ്ഞാണ് പ്രവർത്തിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഇഎംഎസും ധനമന്ത്രി സി അച്യുതമേനോനും ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിരുന്നു. മാത്രവുമല്ല, അങ്ങനെ പ്രവർത്തിക്കുകയും ചെയ്തിരുന്നു. എല്ലാവർക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തുക, സൗജന്യ ചികിത്സ വ്യാപകമാക്കുക, ഭൂപരിഷ്കരണം നടപ്പിലാക്കുക, ഗതാഗത സൗകര്യം വർധിപ്പിക്കുക, പട്ടികജാതി — പട്ടികവർഗ സമൂഹത്തെ മുഖ്യധാരയിൽ എത്തിക്കുക, സാമൂഹ്യക്ഷേമം ഉറപ്പുവരുത്തുക, ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധം സിവിൽ സർവീസ് ശക്തിപ്പെടുത്തുക ഇവയെല്ലാം മുഖ്യ ലക്ഷ്യങ്ങളായി കണ്ട് പ്രവർത്തിച്ചുതുടങ്ങി. സ്വാഭാവികമായും ഭരണച്ചെലവ് വലിയതോതിൽ ഉയർന്നു. 1969ൽ അധികാരത്തിൽ വന്ന അച്യുതമേനോൻ സർക്കാർ, 1957ലെ സർക്കാർ തുടങ്ങിവച്ച ഭരണപരിഷ്കാരങ്ങൾ, ഒന്നൊന്നായി നടപ്പിലാക്കാൻ തുടങ്ങി. ഭൂപരിഷ്കരണരംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടായി. 35ലക്ഷം കുടുംബങ്ങൾക്ക് അതിന്റെ പ്രയോജനം കിട്ടി.

എല്ലാ ഗ്രാമങ്ങളിലും സ്കൂളുകൾ സ്ഥാപിതമായി. ആശുപത്രികൾ വ്യാപകമായി. എല്ലാവർക്കും സൗജന്യ ചികിത്സ ലക്ഷ്യമായി പ്രഖ്യാപിച്ചു. പൊതുവിതരണ രംഗം ശക്തിപ്പെടുത്തി. വൈദ്യുതി ഉല്പാദനവും വിതരണവും കുതിച്ചുയർന്നു. ഭവനനിർമ്മാണരംഗത്ത് വലിയ പുരോഗതിയുണ്ടായി. ശാസ്ത്ര–സാങ്കേതിക സ്ഥാപനങ്ങൾ നിരവധി വന്നു. കാർഷികരംഗം പുഷ്ടിപ്പെട്ടു. ഇന്ത്യക്കാകെ മാതൃകയാകുന്നവിധം കേരളം മാറി. ഇതിന്റെയെല്ലാം ഫലമായി സിവിൽ സർവീസ് വലുതായി. 1969ൽ 2.68ലക്ഷം സർക്കാർ ജീവനക്കാരും അധ്യാപകരും ഉണ്ടായിരുന്ന സ്ഥാനത്ത് 1977ൽ 4.82ലക്ഷമായി. ഈ കാലഘട്ടത്തിൽ ജനജീവിതത്തിൽ വലിയ പുരോഗതി ഉണ്ടായപ്പോൾ ഭരണച്ചെലവ് ഇരട്ടിയിൽ അധികമായി ഉയർന്നു. തുടർന്നുവന്ന സർക്കാരുകൾ, വിശേഷിച്ചും എൽഡിഎഫ് സർക്കാരുകൾ ഈ വഴിയെതന്നെ സഞ്ചരിച്ചു. അതോടൊപ്പം അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സാമൂഹ്യക്ഷേമ പദ്ധതികൾ വ്യാപകമാക്കൽ, ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം ഉറപ്പുവരുത്തൽ, സമ്പൂർണ ഭവന നിർമ്മാണം, എല്ലാവർക്കും ഭൂമി, കൂടുതൽ വ്യവസായ സംരംഭങ്ങൾ‍, ടൂറിസം, ഐടി രംഗങ്ങൾ ശക്തിപ്പെടുത്തൽ എന്നീ വഴിയിൽ മുന്നോട്ടുപോയപ്പോൾ ഭരണച്ചെലവ് കൂടുതലുയർന്നു. പൊതുകടം ക്രമത്തിൽ ഉയർന്നുകൊണ്ടേയിരുന്നു. മൊത്തം വരവിന്റെ 18.67ശതമാനത്തിലധികം തുക പലിശ കൊടുക്കുന്നതിനുവേണ്ടി മാത്രം മാറ്റിവയ്ക്കേണ്ടിവന്നു. കേരളം നേട്ടങ്ങളുടെ പടവുകൾ കയറിയപ്പോൾത്തന്നെ, കടഭാരവും ഉയർന്നുകൊണ്ടിരുന്നു. മാത്രവുമല്ല, ഉന്നത വിദ്യാഭ്യാസ രംഗത്തടക്കം ഒട്ടേറെ മേഖലകളിൽ വേണ്ടത്ര പുരോഗതി ഉണ്ടായതുമില്ല. കേരളം എവിടെ എത്തിനിൽക്കുന്നു.


ഇതുകൂടി വായിക്കൂ:കേരളം വിജയിക്കാന്‍ എല്‍ഡിഎഫ് പോരാട്ടം


2023–24ലെ ബജറ്റ് പ്രകാരം കേരളത്തിന്റെ പൊതുകടം 3.57ലക്ഷം കോടിയാണ്. 2024 മാർച്ച് ആകുമ്പോൾ ഈ തുകയിൽ ഇനിയും വർധനവുണ്ടാകാനാണ് സാധ്യത. ഈ വസ്തുത നിലനിൽക്കുമ്പോൾത്തന്നെ കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണെന്ന് ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാൻ കഴിയുകയും ചെയ്യും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നവരായി മലയാളിസമൂഹം മാറി എന്നതിൽ നേട്ടങ്ങളുടെ ആകെ സത്ത അടങ്ങിയിട്ടുണ്ട്. ഇന്ത്യക്കാരുടെ ശരാശരി ആയുർദൈർഘ്യം 66 വയസാണെങ്കിൽ കേരളീയരുടെ ശരാശരി ആയുർദൈർഘ്യം 77 വയസാണ്. 11 വർഷം കൂടുതൽ ജീവിക്കുന്ന സമൂഹമാണ് കേരളത്തിലുള്ളത്. സമ്പൂർണ സാക്ഷരതയിലേക്ക് നമ്മൾ മാറി. പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന വികസനത്തിലും ആധുനികവൽക്കരണത്തിലും വലിയ കുതിപ്പുണ്ടായി. ആരോഗ്യരംഗത്തും ഇതാണനുഭവം. ചികിത്സ കിട്ടാതെ മനുഷ്യർ മരിക്കുന്ന അവസ്ഥ മിക്കവാറും ഇല്ലാതായി. 1982ൽ ദാരിദ്ര്യത്തിന്റെ തോത് 39.28ശമതാനം ആയിരുന്നത് 2023ൽ 0. 6ശതമാനമായി കുറഞ്ഞു. അതിദരിദ്രർ ഇല്ലാത്ത നാടായി കേരളം മാറുകയാണ്. 98ശതമാനം കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയുണ്ട്. 2.82ലക്ഷം കുടുംബങ്ങൾക്കുകൂടി ഭൂമി നൽകിയാൽ എല്ലാവർക്കും ഭൂമിയുള്ളവരുടെ നാടായി കേരളം മാറും. 97ശതമാനം കുടുംബങ്ങൾക്ക് സ്വന്തമായി വീട് ഉറപ്പായി. ഇനി മൂന്നരലക്ഷം കുടുംബങ്ങൾക്കുകൂടി വീട് നൽകിയാൽ വീടുള്ളവരുടെ എണ്ണം 100 ശതമാനമാകും. അടുത്ത രണ്ടുവർഷം കൊണ്ട് ഭൂമിവിതരണം, വീട് വിതരണം ഇക്കാര്യങ്ങളിൽ ലക്ഷ്യത്തിലെത്താനാണ് സാധ്യത. അർഹതപ്പെട്ടവർക്കെല്ലാം സാമൂഹ്യ സുരക്ഷാ പെൻഷൻ (93ലക്ഷത്തിൽ 60ലക്ഷം കുടുംബങ്ങൾക്ക്) ഉറപ്പുവരുത്തി. ഇന്ത്യയിൽ തന്നെ ഏറ്റവും ശക്തമായ സിവിൽ സർവീസും പൊതുമേഖലയും കേരളത്തിലാണുള്ളത്. ഒരു വർഷം 26,000ത്തിലധികം പേർക്കാണ് കേരളത്തിൽ പിഎസ്‌സി മുഖാന്തിരം നിയമനം കിട്ടുന്നത്. എന്നാൽ കേന്ദ്ര സർവീസിൽ 10. 37ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. കേരളം ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി 23ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ സംരക്ഷണത്തിനു മാത്രം 4,833കോടി രൂപ കേരള സർക്കാർ ചെലവഴിച്ചു. ദേശീയപാതാ വികസനത്തിനുവേണ്ടി വൻ തുക ദേശീയപാത അതോറിട്ടിക്ക് നൽകിയതിലൂടെ ഈ രംഗത്ത് വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഗ്രാമവികസന രംഗത്തും ഗ്രന്ഥശാലകൾ ഉൾപ്പെട്ട സാംസ്കാരിക രംഗത്തും എല്ലാം വലിയ ചലനമുണ്ടായി. പാൽ ഉല്പാദനം, ഭക്ഷ്യസാധനങ്ങളുടെ പൊതുവിതരണം, കുടിവെള്ള വിതരണം ഇക്കാര്യങ്ങളിലും വലിയ പുരോഗതിയുണ്ടായി. കേന്ദ്ര സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും കണക്കുപ്രകാരം തന്നെ, 22 കാര്യങ്ങളിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. വ്യവസായം തുടങ്ങാൻ ആവശ്യത്തിന് ഭൂമിയില്ലാത്ത, ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഒരു കൊച്ചു സംസ്ഥാനം (രാജ്യത്തെ മൊത്തം വിസ്തൃതിയുടെ 1.18ശതമാനം മാത്രം) ഇതുപോലുള്ള സമഗ്ര വികാസം ഉറപ്പുവരുത്തുമ്പോൾ സർക്കാരിന്റെ കടബാധ്യത കൂടുന്നതിൽ അത്ഭുതമില്ല. നിശ്ചലമായ ഒരു സാഹചര്യമാണെങ്കിൽ കടം കൂടുന്നത് വ്യക്തിയെയും സമൂഹത്തെയും സർക്കാരിനെതന്നെയും അപകടത്തിലാക്കും. എന്നാൽ, ചലനാത്മകമായ സാഹചര്യമാണെങ്കിൽ കടം വാങ്ങുന്നത് അപകടകരമാകില്ല. ഗൾഫ് മലയാളികളിൽ നിന്നെത്തുന്ന വലിയ തുക കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ താങ്ങാണ്. അവർ ഒരു വർഷം ശരാശരി അയയ്ക്കുന്ന 1.22ലക്ഷം കോടി രൂപയുടെ 20–25ശതമാനം പല വഴികളിലൂടെ ഖജനാവിൽ എത്തുന്നുണ്ട്. ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളിലും എത്താൻ ഒരു പ്രധാന കാരണം ഇന്നലെകളിൽ പൊതുവിദ്യാഭ്യാസരംഗത്തും മറ്റ് മേഖലകളിലും കേരളം കൈവരിച്ച നേട്ടമാണെന്ന കാര്യം കൂടി നമ്മൾ ഓർക്കണം. കേരളത്തിന്റെ കടം കൂടുമ്പോൾതന്നെ അതിന്റെ നേട്ടം ഒട്ടേറെ വഴികളിലൂടെ ഒഴുകിപ്പടർന്ന് ജനങ്ങളിലെത്തുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ. (അവസാനിക്കുന്നില്ല)

Exit mobile version