Site iconSite icon Janayugom Online

കേരളത്തിന്റെ ‘ടൈറ്റാനിക്ക് ’ കടലിൽ മറഞ്ഞിട്ട് 46 വർഷം; ‘കൈരളി’ ഇന്നും കാണാമറയത്ത്

കേരളത്തിന്റെ ‘ടൈറ്റാനിക്ക്’ എന്ന് വിശേഷണത്തോടെ 1976 ഫെബ്രുവരി 14ന് നീറ്റിലിറക്കിയ ‘കൈരളി ’ എന്ന ചരക്ക് കപ്പൽ ദുരൂഹതയുടെ നിഴലിൽ കടലിൽ മറഞ്ഞിട്ട് 46 വർഷമാകുന്നു. കേരള സ്റ്റേറ്റ് ഷിപ്പിങ് കോർപ്പറേഷന്റെ അഭിമാനമായിരുന്ന ’ കൈരളി ’ മൂന്ന് വർഷത്തോളം ചരക്കുകളുമായി ലോകത്തെമ്പാടുമുള്ള തുറമുഖങ്ങളിൽ സഞ്ചരിച്ചു. അങ്ങനെയിരിക്കെയാണ് 1979 ജൂലൈ 3ന് കപ്പൽ അപ്രത്യക്ഷമാകുന്നത്. പൊലീസും മറൈൻ മർക്കന്റൈൽ വിഭാഗവും കേന്ദ്ര ഏജൻസികളും പതിറ്റാണ്ടുകളോളം അന്വേഷിച്ചിട്ടും ‘കൈരളി‘യുടെ പൊടിപോലും കണ്ടെത്താൻ കഴിഞ്ഞില്ല.
മര്‍മ്മഗോവയില്‍ നിന്ന് 1979 ജൂൺ 30നാണ് കൈരളി 20,538 ടണ്‍ ഇരുമ്പയിരുമായി കിഴക്കന്‍ ജര്‍മ്മനിയിലെ റോസ്‌റ്റോക്ക് തുറമുഖത്തേക്ക് പുറപ്പെട്ടത്. ആദ്യത്തെ രണ്ടു ദിവസങ്ങളിൽ കപ്പലിൽ നിന്നുള്ള സന്ദേശങ്ങൾ കോർപ്പറേഷന്റെ ആസ്ഥാനത്ത് ലഭിച്ചിരുന്നു. എന്നാൽ ജൂലൈ 3 മുതൽ സന്ദേശങ്ങൾ നിലച്ചു. പിറ്റേന്ന് മുതൽ കപ്പൽച്ചാലിലുടനീളം നടത്തിയ അന്വേഷണങ്ങളെല്ലാം വിഫലമായിരുന്നു. കപ്പൽ മുങ്ങിയതായ നിഗമനത്തിൽ അന്വേഷണം അവസാനിപ്പിച്ചെങ്കിലും കപ്പലിന്റെ അവശിഷ്ടമെങ്കിലും കണ്ടെത്താൻ കഴിയാതിരുന്നത് കടലാഴത്തിലെ ദുരൂഹതയായി അവശേഷിച്ചു. കപ്പലിലുണ്ടായിരുന്നവരുടെ ബന്ധുക്കളുടെ നിർബന്ധത്താൽ പുനരന്വേഷണങ്ങളുടെ പരമ്പര തന്നെയുണ്ടായി. നിരാശയായിരുന്നു ഫലം. 

കൊച്ചി തീരത്ത് കഴിഞ്ഞ ദിവസം ലൈബീരിയൻ ചരക്ക് കപ്പലായ എം എസ് സി എൽസ 3 മുങ്ങിയപ്പോൾ പഴയ തലമുറയുടെ മനസിൽ തെളിഞ്ഞു വന്നത് ‘കൈരളി‘യും അതിലുണ്ടായിരുന്ന ജീവനക്കാരുടെയും മുഖമായിരുന്നു. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എന്‍ജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റ്യന്‍ റേഡിയോ ഓഫിസറുമായിരുന്നു. ഇവരടക്കം 51 പേരിൽ 23 പേരും മലയാളികളായിരുന്നു. മഹാകവി കുമാരനാശാന്റെ ജീവനെടുത്ത 1924 ജനുവരി 16 ലെ ‘റെഡീമർ’ ദുരന്തം ഉള്‍പ്പെടെ കേരള തീരത്തെ കടലിലും കായലുകളിലും ബോട്ടപകടങ്ങൾ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും കപ്പൽ ദുരന്തങ്ങൾ കേരള തീരത്ത് ഏറെയുണ്ടായിട്ടില്ല. അത് കൊണ്ട് തന്നെയാവണം ഏത് കപ്പൽ ദുരന്തത്തെ കുറിച്ചു കേൾക്കുമ്പോഴും മലയാളികളുടെ മനസിൽ ദുഃഖമായി പെയ്തിറങ്ങുന്നൊരു ഓർമ്മയാണ് ഇന്നും ‘കൈരളി’.
കേരളത്തിന്റെയല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കപ്പല്‍ യാത്രയായിരുന്നു എം വി കൈരളിയുടേത്. ഒരു എണ്ണപ്പാടപോലും ബാക്കിവയ്ക്കാതെയാണ് കപ്പൽ അറബിക്കടലില്‍ അപ്രത്യക്ഷമായത്. നോര്‍വെയില്‍ നിര്‍മ്മിച്ച സാഗ സോഡ് എന്ന കപ്പലാണ് പിന്നീട് എം വി കൈരളിയെന്ന കേരളത്തിന്റെ സ്വന്തം കപ്പലായത്. കേരള സ്റ്റേറ്റ് ഷിപ്പിംങ് കോര്‍പ്പറേഷന്‍ അന്നത്തെ പൊന്നുംവിലയായ 5.81 കോടി രൂപക്കാണ് ഈ കപ്പൽ വാങ്ങിയത്.
സൊക്കോത്ര ദ്വീപിനടുത്ത് കൈരളിയെപ്പോലൊരു കപ്പൽ നീങ്ങുന്നതു കണ്ടുവെന്ന വിവരം ഇടയ്ക്ക് ലഭിച്ചു. ഇതോടെ ജീവനക്കാരുടെ ബന്ധുക്കൾക്ക് വിശദീകരണങ്ങൾ നൽകാനാവാതെ ഷിപ്പിങ് കോർപ്പറേഷൻ വലഞ്ഞു. കോർപ്പറേഷൻ ആസ്ഥാനത്തേക്ക് ബന്ധുക്കൾ കടന്നുകയറി. എംഡിയെ കയ്യേറ്റം ചെയ്യാൻ വരെ ശ്രമമുണ്ടായി.

ഇതിനിടയിൽ കൈരളി കപ്പലിനെ കുറിച്ച് പാന്‍-അറബ് ഷിപ്പിങ് ആന്റ് ട്രാന്‍സ്പോര്‍ട്ടിങ് കോര്‍പറേഷന്‍ എന്ന കപ്പല്‍ പൊളിക്കല്‍ ശാലയുടെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് ഡാനിയലില്‍ നിന്നും കേരള ഷിപ്പിംങ് കോര്‍പറേഷന് ഒരു സന്ദേശം ലഭിച്ചു. ഈ കപ്പല്‍ മുങ്ങിയിട്ടില്ലെന്നും അന്വേഷണത്തിന് തയ്യാറാണെന്നുമായിരുന്നു സന്ദേശം. ഇതിനായി 2.8 കോടിരൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പാന്‍ അറബ് ഷിപ്പിങ് ആന്റ് ട്രാന്‍സ്പോര്‍ട്ടിങ് കോര്‍പറേഷന് ഇത്തരമൊരു രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശേഷി ഇല്ലായിരുന്നു എന്നാണ് ഷിപ്പിങ് കോര്‍പറേഷന് ലഭിച്ച വിവരം. പാന്‍ അറബ് സന്ദേശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കുറച്ച് നാളുകള്‍ക്ക് ശേഷം കാണാതായ കപ്പല്‍ ജീവനക്കാരുടെ ബന്ധുക്കള്‍ അറിയാനിടയായി. തുടര്‍ന്ന് കോട്ടയം പൈക്കട കോളജില്‍ ബന്ധുക്കളുടെ അടിയന്തര യോഗം ചേര്‍ന്ന് കൈരളി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഇവര്‍ കൊച്ചിയിലെ ഷിപ്പിങ് കോര്‍പ്പറേഷനിലെ അന്നത്തെ മാനേജിങ് ഡയറക്ടര്‍ വി വാസുദേവന്‍ നായരുമായി ചര്‍ച്ച നടത്തി കപ്പലിന്റെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഏറെ രാത്രി നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ അന്വേഷണം നടത്താമെന്ന ധാരണയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പിരിഞ്ഞു. 

ബന്ധുക്കളുടെ സമ്മർദ്ദങ്ങള്‍ക്കൊടുവില്‍ അന്വേഷണങ്ങള്‍ക്കായി ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ തയ്യാറായി. കൊച്ചിയിലെ മര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റിലെ സര്‍വേയര്‍ ഇന്‍ ചാര്‍ജ് കെ ആര്‍ ലക്ഷ്മണ അയ്യരും പ്രൊഫസര്‍ ബാബു ജോസഫുമായിരുന്നു അന്വേഷണ സമിതി അംഗങ്ങള്‍. കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് ചരക്കുകള്‍ സ്ഥാനം തെറ്റി കപ്പല്‍ തകര്‍ന്ന് മുങ്ങിയിരിക്കാമെന്നും കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തിരിക്കാമെന്നുമെല്ലാമുള്ള നിഗമനങ്ങളിലായിരുന്നു സമിതിയെത്തിയത്. കപ്പലുമായി ബന്ധം നഷ്ടപ്പെട്ടയുടന്‍ തന്നെ അന്വേഷണം ആരംഭിക്കാതിരുന്ന ഷിപ്പിങ് കോര്‍പ്പറേഷനെതിരെ റിപ്പോര്‍ട്ടില്‍ പരമാര്‍ശങ്ങളുണ്ടായിരുന്നു. ഏറെ നാൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ 6.40 കോടി രൂപ കപ്പല്‍ കാണാതായ വകയില്‍ കോര്‍പ്പറേഷന് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ലഭിച്ചു. 37,730 രൂപ വീതം ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് വിതരണം ചെയ്തു.
കപ്പൽ മറഞ്ഞിട്ട് അരനൂറ്റാണ്ടിനടുത്ത് ആയെങ്കിലും കപ്പലിലുണ്ടായിരുന്നവർ ലോകത്തിന്റെ ഏതോ തീരത്ത് ഇപ്പോഴും ജീവനോടെ ഉണ്ടാകുമെന്ന വിശ്വാസത്തിൽ കഴിയുന്ന ബന്ധുക്കളും നാട്ടിലുണ്ട്. അപശകുനം ഭവിച്ചപോലെ കൈരളിയുടെ തിരോധാനത്തിനുശേഷം ഷിപ്പിങ് കോര്‍പറേഷന്‍ എന്ന സ്ഥാപനവും വൈകാതെ വിസ്മൃതിയില്‍ മറഞ്ഞു.

Exit mobile version