Site icon Janayugom Online

ഒപ്പമുണ്ടാകണം…

നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കുന്നില്ല എന്നതാണ് എക്കാലത്തെയും സ്ത്രീകളുടെ പ്രധാന പ്രശ്‌നം. എനിക്കിങ്ങനെ സംഭവിച്ചു എന്ന് തുറന്നുപറയാന്‍ ആരും അവളെ അനുവദിക്കുന്നില്ല. അഥവാ അങ്ങനെ വെട്ടിത്തുറന്ന് പറഞ്ഞാല്‍ അന്ന് മുതല്‍ അവളെ അഹങ്കാരിയായി മുദ്രകുത്തുന്നു. ഇടക്കാലത്ത് മാറ്റമുണ്ടായത് അതിജീവിതയ്ക്കുവേണ്ടി എല്ലാവരും മാറിച്ചിന്തിച്ചപ്പോഴാണ്. എന്നാല്‍ ആ ഒരു സമയം കഴിഞ്ഞപ്പോള്‍, എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന ചോദ്യം വീണ്ടും ഉയര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുന്നു.

പ്രമുഖ നടി ഖുശ്ബുവും നമ്മുടെ കളക്ടര്‍ ദിവ്യയും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളും ഏറെക്കാലം കഴിഞ്ഞ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞവരാണ്. ഇതില്‍ ദിവ്യ അയ്യര്‍ ഒഴികെ മറ്റ് രണ്ടുപേരും ദുരനുഭവം നേരിട്ടത് പിതാവില്‍ നിന്നാണ് എന്നായിരുന്നു തുറന്ന് പറഞ്ഞത്.

സാധാരണഗതിയില്‍ ആരെങ്കിലും ലൈംഗികമായി പീഡിപ്പിച്ചാല്‍ വീട്ടിലോ അത്ര അടുപ്പമുള്ള ബന്ധുക്കളോടോ സുഹൃത്തുക്കളോടോ കാര്യങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് ആശ്വാസത്തിനുമപ്പുറം ഒരു ധൈര്യം ലഭിക്കുമെന്ന പ്രത്യാശയാണ് അവര്‍ക്കത് നല്‍കുക. എന്നാല്‍ വീട്ടില്‍നിന്ന് തന്നെ അത്തരം ഒരനുഭവമുണ്ടാകുമ്പോള്‍ ഒപ്പം നില്‍ക്കേണ്ടവര്‍ തന്നെ അങ്ങനെ ചെയ്യുന്നത്, അതനുഭവിക്കുന്നവരുടെ മാനസിക അവസ്ഥയെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

പിന്തുണ നല്‍കേണ്ടവര്‍തന്നെ നിസഹായരായി നിന്നു പോകുന്ന കാഴ്ചയായിരുന്നു ഖുശ്ബുവിന് നേരിടേണ്ടിവന്നത്. പോണ്‍സൈറ്റില്‍ താനറിയാതെ ചിത്രം വന്നതിന്, ഒപ്പം നില്‍ക്കേണ്ട വീട്ടുകാര്‍ തന്നെ ഉപദ്രവിക്കുകയും അവഗണിക്കുകയുമാണ് ചെയ്തതെന്ന് നടി ഉര്‍ഫി ജാവേദും അടുത്തിടെ വെളിപ്പെടുത്തി. പിന്നീട് മനസ് മടുത്ത് പതിനേഴാം വയസില്‍ വീട് വിട്ടിറങ്ങുകയായിരുന്നു എന്നും താരം പറയുന്നു.

എന്നാല്‍ തന്റെ എട്ടാം വയസിലെ ദുരനുഭവത്തിന്റെ തുറന്നുപറച്ചിലില്‍ ഖുശ്ബുവിനെ കുറ്റപ്പെടുത്താനാണ് സമൂഹമാധ്യമ പുംഗവന്മാര്‍ ശ്രമിച്ചത്. ഇത്രകാലം വൈകിയതെന്തേ, കുറഞ്ഞുപോയി എന്നെല്ലാമുള്ള ചോദ്യമായിരുന്നു അവരുടെ വെളിപ്പെടുത്തലിന് കിട്ടിയ പ്രതികരണങ്ങള്‍. സ്വാതിക്കും മറിച്ചായിരുന്നില്ല അനുഭവം. സ്വാതിയുടെ മാനസിക നില തകരാറിലാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചത് മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ ആ­ണെന്നുള്ളത് ഏതൊരു സ്ത്രീയെയും ഭയപ്പെടുത്തുന്നതാണ്. അവര്‍ അതിജീവിച്ചവരാണ്. അതിജീവിക്കാന്‍ സാധിക്കാത്തവരും ഇനിയും നമുക്കിടയിലുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് നമ്മളാണ്. സമൂഹമാണ്. അതില്‍ ആണെന്നോ പെണ്ണെന്നോ വേര്‍തിരിവുണ്ടാകാതെ ശ്രദ്ധിക്കാം.

Exit mobile version