Site iconSite icon Janayugom Online

കിങ്ങും ഹിറ്റ്മാനും കളത്തിലേക്ക്; ഇന്ത്യ‑ഓസ്ട്രേലിയ ആദ്യ ഏകദിനം നാളെ

ഇടവേളയ്ക്ക് ശേഷം വിരാട് കോലിയും രോഹിത് ശര്‍മ്മയും വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് ഇരുവരും മടങ്ങിയെത്തുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാവിലെ ഒമ്പതിന് ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് നടക്കുക. ശുഭ്മാന്‍ ഗില്‍ ഏകദിന നായകനായെത്തുന്ന ആദ്യ പരമ്പര കൂടിയാണിത്. 2015 മുതല്‍ ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 2015ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു. 2018ലും 2020ലും കോലിയുടെ ക്യാപ്റ്റന്‍സിയിലെ ടീം 2–1, 2–1 എന്നിങ്ങനെ പരമ്പര കൈവിട്ടു. 

ടി20യിലും ടെസ്റ്റിലും വിരമിച്ച കോലിയും രോഹിത്തും നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ഇരുവരുടെയും പരിചയ സമ്പത്ത് ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. ഓസീസ് മണ്ണില്‍ കോലിക്കും രോഹിത്തിനും നിരവധി റെക്കോഡുകളുണ്ട്. രോഹിത് 19 മത്സരങ്ങളില്‍ നാല് സെഞ്ചുറിയും 990 റണ്‍സും നേടിയപ്പോള്‍ കോലി 18 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിയും 802 റണ്‍സും നേടിയിട്ടുണ്ട്. അതിനാല്‍ ഇരുവരുടെയും പ്രകടനം പരമ്പരയില്‍ നിര്‍ണായകമാകും. യശസ്വി ജയ്സ്വാളാകും രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി കോലിയും നാലാമതായി ശ്രേയസ് അയ്യരും എത്തും. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പറായെത്തുക. അക്സര്‍ പട്ടേല്‍ ഓള്‍റൗണ്ടറായി ടീമിലുണ്ടാകും. മുഹമ്മദ് സിറാജ് പ്രധാന പേസറായി ടീമില്‍ ഉള്‍പ്പെടും. അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് സ്ക്വാഡിലെ മറ്റു പേസര്‍മാര്‍. പ്രധാന സ്പിന്നറായി കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടും.
പാറ്റ് കമ്മിന്‍സിന് പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിനെ നയിക്കുക. കമ്മിന്‍സിനെ കൂടാതെ കാമറൂണ്‍ ഗ്രീനും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും സ്പിന്നര്‍ ആദം സാംപയും പരിക്കേറ്റ് പുറത്തിരിക്കുന്നത് ഓസീസിന് തിരിച്ചടിയാകും. 

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെൽ, യശസ്വി ജയ്സ്വാൾ
ഒന്നാം ഏകദിനത്തിനുള്ള ഓസ്ട്രേലിയന്‍ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്‌ലെറ്റ്, കൂപ്പർ കൊണോലി, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മാത്യു കുഹ്നെമാൻ, മാർനസ് ലാബുഷെയ്ൻ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്പ്, മാറ്റ് റെൻഷോ, മാത്യു ഷോർട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്.

Exit mobile version