Site iconSite icon Janayugom Online

കിഷൻ കൊടുങ്കാറ്റ്; അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 46 റണ്‍ ജയം

സ്വന്തം തട്ടകത്തിൽ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തിയപ്പോൾ, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ചുറി. ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യ 46 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് 225ന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്ങാണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. പരമ്പര 4–1നാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്കോര്‍ 17ല്‍ നില്‍ക്കെ ടിം സെയ്ഫെര്‍ട്ടിനെ (അഞ്ച്) നഷ്ടമായെങ്കിലും രചിന്‍ രവീന്ദ്രയെ കൂട്ടുപിടിച്ച് ഫിന്‍ അലന്‍ തകര്‍ത്തടിച്ചു. 22 പന്തില്‍ അലന്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 38 പന്തില്‍ 88 റണ്‍സെടുത്താണ് അലന്‍ മടങ്ങിയത്. 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലായി കിവീസ്. രചിന്‍ രവീന്ദ്ര 17 പന്തില്‍ 30 റണ്‍സെടുത്തു. പിന്നീട് ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ ഇന്ത്യ ജയം കൈവശമാക്കുകയായിരുന്നു. അര്‍ഷ്ദീപിനെ കൂടാതെ അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വെറും 42 പന്തിൽ നിന്നാണ് കിഷൻ സെഞ്ചുറി തികച്ചത്. തന്റെ ആദ്യ ടി20 അന്താരാഷ്ട്ര സെഞ്ചുറി കുറിച്ച കിഷൻ 10 സിക്സറുകളും ആറ് ഫോറുകളും സഹിതം 103 റൺസ് നേടി. ഇഷാൻ കിഷൻ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറിയാണ് കുറിച്ചത്. സ്വന്തം നാട്ടുകാർക്ക് മുന്നിൽ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ച സഞ്ജു ആറ് റണ്‍സെടുത്ത് ആദ്യം മടങ്ങി. മൂന്നാം ഓവറിൽ ലോക്കി ഫെർഗൂസന്റെ പന്തിൽ തേർഡ് മാനിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. 16 പന്തില്‍ 30 റണ്‍സുമായി അഭിഷേകും കളംവിട്ടു. സഞ്ജുവിന്റെ മടക്കത്തിന് ശേഷം ക്രീസിലെത്തിയ കിഷൻ കിവി ബൗളർമാരെ നിലംതൊടാൻ അനുവദിച്ചില്ല. കിഷന് മികച്ച പിന്തുണ നൽകിയ സൂര്യ 30 പന്തിൽ 63 റൺസ് (6 സിക്സ്, 4 ഫോർ) നേടി പുറത്തായി. ഇരുവരും ചേർന്ന് 57 പന്തിൽ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഇഷ് സോധി എറിഞ്ഞ 12-ാം ഓവറിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 29 റൺസാണ് കിഷൻ അടിച്ചെടുത്തത്. ആ ഓവറിലെ എല്ലാ പന്തും താരം ബൗണ്ടറി കടത്തി. 17 പന്തിൽ 42 റൺസുമായി ഹാർദിക്കും വെടിക്കെട്ട് നടത്തി. ന്യൂസിലാന്‍ഡിനായി ലോക്കി ഫെര്‍ഗ്യൂസന്‍ രണ്ട് വിക്കറ്റ് നേടി. 

Exit mobile version