Site iconSite icon Janayugom Online

കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം ഹാട്രിക്ക് ഹിറ്റിനു ഒരുങ്ങി ആസിഫ് അലി; ‘സർക്കീട്ട്’ മെയ് 8ന് തീയേറ്ററുകളിൽ

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം” സർക്കീട്ടിന്റെ “റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌ 8 ന് സർക്കീട്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായിക. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്ക്‌ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയാണ്.

പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .ആസിഫ് അലി, ദിവ്യ പ്രഭ എന്നിവരെ കൂടാതെ, ദീപക് പരമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. മറ്റ് അണിയറ ശില്പികൾ ഇവരൊക്കെയാണ്, ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം — വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം — ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് — സുധി, ലൈൻ പ്രൊഡക്ഷൻ — റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. അഡ്വർടൈസിംഗ് — ‑ബ്രിങ്ഫോർത്ത്.

Exit mobile version