Site iconSite icon Janayugom Online

ചിറക്‌ വിരിച്ച് കിവീസ്; ഇന്ത്യക്ക് 50 റണ്‍സിന്റെ തോല്‍വി

ന്യൂസിലാന്‍ഡിനെതിരായ നാലാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 50 റണ്‍സിന്റെ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 18.4 ഓവറില്‍ 165 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. ഇതോടെ പരമ്പര 3–1 എന്ന നിലയിലായി. നേരത്തെ തന്നെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. നേരിട്ട ആദ്യ പന്തില്‍ തന്നെ വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മ്മയെ മാറ്റ് ഹെന്‍റി പുറത്താക്കി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എട്ട് റണ്‍സുമായി മടങ്ങി. ഇതോടെ രണ്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലായി. പിന്നീടൊത്തുച്ചേര്‍ന്ന സഞ്ജു സാംസണും റിങ്കു സിങ്ങും 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പരമ്പരയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജു 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. താരം മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. റിങ്കു 39 റണ്‍സെടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തി. പിന്നീട് ശിവം ദുബെ തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷയെത്തി. എന്നാല്‍ താരം റണ്ണൗട്ടായതോടെ തിരിച്ചടിയായി. 23 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്സറുമായി 65 റണ്‍സെടുത്താണ് ദുബെ പുറത്തായത്. കിവീസിനായി മിച്ചല്‍ സാന്റ്നര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഓപ്പണർമാരുടെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിലാണ് ന്യൂസിലാൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ടിം സെയ്‌ഫേർട്ടിന്റെ (62) മിന്നും ഇന്നിങ്സാണ് കിവീസ് സ്കോർ 200 കടത്തിയത്. ഓപ്പണർമാരായ ടിം സെയ്‌ഫേർട്ടും ഡെവോൺ കോൺവേയും (44) തകർത്തടിച്ചതോടെ പവർപ്ലേയിൽ തന്നെ കിവീസ് 71 റൺസ് അടിച്ചുകൂട്ടി. സെയ്‌ഫേർട്ട് വെറും 25 പന്തിലാണ് അർധസെഞ്ചുറി പൂർത്തിയാക്കിയത്. മികച്ച ഫോമിലുള്ള കുൽദീപ് യാദവ് കോൺവെയെ പുറത്താക്കിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. പിന്നീട് അർഷ്ദീപ് സിങ് സെയ്‌ഫേർട്ടിനെയും വീഴ്ത്തി. റിങ്കു സിങ്ങിന്റെ തകർപ്പൻ ക്യാച്ചുകളാണ് ഇരുവരെയും മടക്കാൻ സഹായിച്ചത്. രചിൻ രവീന്ദ്ര (2), ഗ്ലെൻ ഫിലിപ്‌സ് (24) എന്നിവരെ വേഗത്തിൽ പുറത്താക്കി ഇന്ത്യ ഇടയ്ക്ക് തിരിച്ചുരവ് നടത്തിയെങ്കിലും അവസാന ഓവറുകളിൽ ഡാരിൽ മിച്ചൽ (39) നടത്തിയ പ്രകടനം സ്കോർ 215ൽ എത്തിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവും അർഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇന്ത്യ പരീക്ഷണങ്ങൾക്കായാണ് ഈ മത്സരത്തിനിറങ്ങിയത്. ഇഷാൻ കിഷന് പകരം അർഷ്ദീപ് സിങ് ടീമിലെത്തിയപ്പോൾ, സഞ്ജു സാംസൺ ഓപ്പണറായി തന്നെ തുടര്‍ന്നു.

Exit mobile version