Site iconSite icon Janayugom Online

കിവീസ് തുടക്കം ഗംഭീരം; ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന് 60 റണ്‍സ് തോല്‍വി

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആതിഥേയരായ പാകിസ്ഥാന് തോല്‍വിയോടെ തുടക്കം. 60 റണ്‍സ് ജയത്തോടെ കിവീസ് തുടക്കം ഗംഭീരമാക്കി. 321 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 47.2 ഓവറില്‍ 260 റണ്‍സിന് ഓള്‍ഔട്ടായി.

സെഞ്ചുറികളുമായി തിളങ്ങിയ വില്‍ യംഗും ടോം ലാഥവുമാണ് കിവീസിന്റെ വിജയശില്പികള്‍. മറുപടി ബാറ്റിങ്ങില്‍ 69 റണ്‍സെടുത്ത ഖുദ്സില്‍ ഷായും 64 റണ്‍സെടുത്ത ബാബര്‍ അസമും പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ക്കുപുറമെ 42 റണ്‍സെടുത്ത സൗദ് ഷക്കീലിന് മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. കിവീസ് ബൗളര്‍മാരില്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍, വില്യം ഒറൂര്‍ക്കെ എന്നിവര്‍ മൂന്നുവിക്കറ്റ് വീതവും മാറ്റ് ഹെന്റി രണ്ടുവിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു. തുടക്കത്തിലെ തിരിച്ചടികള്‍ക്കുശേഷം വിൽ യങ് 107), ടോം ലാഥം (104 പന്തില്‍ പുറത്താവാതെ 118) എന്നിവരുടെ സെഞ്ചുറികളാണ് ന്യൂസിലാൻഡിനെ വമ്പൻ സ്കോറിലെത്തിച്ചത്. 

പാകിസ്ഥാൻ വ്യോമസേനയുടെ എയർഷോയോടെയാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമായത്. പിന്നാലെ ന്യൂസിലാൻഡിനായി ഓപ്പണർമാരായ വിൽ യങ്ങും ഡേവോൺ കോൺവേയും ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ 40 റൺസിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തി പാകിസ്ഥാൻ തിരിച്ചുവന്നു. 10 റൺസോടെ ഡെവോൺ കോൺവേയും ഒരു റൺസുമായി കെയ്ൻ വില്യംസണും പുറത്തായി. കോണ്‍വെയെ അ­ബ്രാര്‍ അഹമ്മദ് ബൗള്‍ഡാക്കിയപ്പോള്‍ വില്യംസണ്‍ നസീമിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കി. നാലാമനായി ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ (10) കൂടി മടങ്ങിയതോടെ കിവീസ് തീര്‍ത്തും പ്രതിരോധത്തിലായി. മൂന്നിന് 73 എന്ന നിലയിലായിരുന്നു കിവീസ്. എന്നാല്‍ കിവീസിന്റെ രക്ഷകരായി യങ്ങും ടോം ലാഥവുമെത്തി. അവസാന ഓവറുകളിൽ ഗ്ലെൻ ഫിലിപ്സും തകർത്തടിച്ചതോടെ ന്യൂസിലാൻഡ് സ്കോർ 300 ഉം കടന്നുമുന്നേറി. 

39 പന്തുകൾ നേരിട്ട ഗ്ലെൻ ഫിലിപ്സ് 61 റൺസാണ് പാകിസ്ഥാനെതിരെ നേടിയത്. 50–ാം ഓവറിൽ ഹാരിസ് റൗഫിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഫഖർ സമാൻ ക്യാച്ചെടുത്ത് ഫിലിപ്സിനെ പുറത്താക്കുകയായിരുന്നു. ടോം ലാഥവും വിൽ യങ്ങും ചേർന്ന നാലാം വിക്കറ്റിൽ 118 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ ലാഥത്തിന്റെ സെഞ്ചുറിയും പിറന്നു. 104 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതമാണ് സെഞ്ചുറി നേടിയത്. ലാഥത്തിന്റെ എട്ടാം സെഞ്ചുറി കൂടിയാണിത്. മൈക്കല്‍ ബ്രേസ്‌വെല്ലും (0) പുറത്താവാതെ നിന്നു. പാകിസ്ഥാനായി നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

Exit mobile version