Site icon Janayugom Online

കിരീടമില്ലാത്ത രാജാവായി കോലി; അടുത്ത സീസണ്‍ മുതല്‍ ബാംഗ്ലൂരിനെ പുതിയ ക്യാപ്റ്റന്‍ നയിക്കും

ഒടുവില്‍ കിരീടമില്ലാതെ വിരാട് കോലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനത്ത് നിന്നും പടിയിറങ്ങി. 2013ല്‍ ഡാനിയല്‍ വെട്ടോറിയില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം സ്വീകരിച്ച കോലിക്ക് ഒരു സീസണില്‍ പോലും ഐപിഎല്‍ കിരീടം സ്വന്തമാക്കാനായില്ല. ആര്‍സിബിയുടെ മുഖമാണ് കോലി. ഐപിഎല്‍ റണ്‍വേട്ടയിലെ ഒന്നാമന്‍. മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍. 2008ലെ ആദ്യ സീസണ്‍ മുതല്‍ ടീമിനൊപ്പമുള്ള വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എല്ലാമെല്ലാമാണ്.

കഴിഞ്ഞ ദിവസം എലിമിനേറ്ററില്‍ കൊല്‍ക്കത്തയോട് നാല് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയാണ് ബാംഗ്ലൂര്‍ പുറത്തായത്. ഇതോടെയാണ് ആര്‍സിബി ക്യാപ്റ്റനായി കിരീടമുയര്‍ത്താനുള്ള കോലിയുടെ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചത്. ഈ സീസണിനു ശേഷം ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്നു അദ്ദേഹം യുഎഇയിലെ രണ്ടാംപാദത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും എന്നാല്‍ അടുത്ത സീസണിലും ആര്‍സിബിക്കു വേണ്ടി കളിക്കുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

കോലി ക്യാപ്റ്റനായ 140 മത്സരങ്ങളില്‍ 66 വിജയവും 70 തോല്‍വിയും ബാംഗ്ലൂര്‍ നേടിയത്. യുവതാരങ്ങള്‍ക്ക് അവരുടെ താല്‍പര്യം പോലെ കളിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ‘ബാംഗ്ലൂരിന് വേണ്ടി ഞാന്‍ എല്ലാം നല്‍കി. ഇനിയുള്ള സീസണില്‍ ഒരു താരമെന്ന നിലയിലും അത് തുടരും. തീര്‍ച്ചയായും, ഞാന്‍ ആര്‍സിബിയില്‍ തുടരും. മറ്റൊരു ടീമിന് വേണ്ടി കളിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു. ഈ ഫ്രാഞ്ചൈസിയോട് എനിക്ക് കടപ്പാടുണ്ട്, വിശ്വാസവും കൂറുമുണ്ട്’- കോലി മത്സരശേഷം പറഞ്ഞു. 

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന സ്കോറായ 263 റണ്‍സ് നേടിയിട്ടുള്ളത് കോലിക്കു കീഴിലായിരുന്നു. കൂടാതെ അവരുടെ ഏറ്റവും ചെറിയ സ്കോറും അദ്ദേഹത്തിനു കീഴില്‍ തന്നെയായിരുന്നുവെന്നത് മറ്റൊരു കൗതുകമാണ്. മാത്രമല്ല ഇന്നും തകര്‍ക്കാന്‍ പറ്റാത്ത വ്യക്തിഗത റെക്കോഡുകള്‍ കോലിക്ക് കീഴിലുണ്ട്. ഐപിഎല്ലിലെ ഒരു സീസണിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് കോലി. 

ENGLISH SUMMARY:Kohli becomes uncrowned king; The new cap­tain will lead Bangalore
You may also like this video

Exit mobile version