Site iconSite icon Janayugom Online

12 വര്‍ഷങ്ങള്‍ക്ക് ശേഷം കോലി രഞ്ജിക്കിറങ്ങുന്നു; ഡല്‍ഹി നാളെ റെയ്ല്‍വേസിനെ നേരിടും

രഞ്ജി ട്രോഫിയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സമാനമായ ഒരുക്കവും ആവേശവും നിറയുന്ന മത്സരം വന്നെത്തി. ഒരേയൊരു കാരണം, കിങ് കോലി (വിരാട് കോലി) നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി കളിക്കാനെത്തുന്നുവെന്നതാണ്. നാളെ റെയ്ല്‍വേസിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് കോലിയിറങ്ങുക. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം സുരക്ഷാ ക്രമീകരണങ്ങൾ, സംപ്രേഷണ സൗകര്യങ്ങൾ തുടങ്ങിയ തയ്യാറാക്കികഴിഞ്ഞു. രാവിലെ 9.30നാണ് മത്സരം ആരംഭിക്കുന്നത്.

2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെ ആയിരുന്നു വിരാട് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്. കഴിഞ്ഞ ദിവസം കോലിയുടെ പരിശീലനം കാണാനും ആരാധകരെത്തിയിരുന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ മോശം പ്രകടനത്തിന് പിന്നാലെ ബിസിസിഐ കടുംപിടിത്തം നടത്തിയതോടെ കോലിയും രോഹിത്തുമുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ രഞ്ജി കളിക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണെത്തുന്നത്. ആയുഷ് ബഡോണിയാണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍. നേരത്തെ ഡല്‍ഹിയുടെ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഇല്ലായിരുന്നു. എന്നാല്‍ വിരാട് കോലി കളിക്കുമെന്ന് ഉറപ്പായതോടെ ബിസിസിഐ ഇടപെട്ട് മത്സരത്തിന്റെ തത്സമയ സംപ്രേഷണത്തിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിനാല്‍ റെയ്ല്‍വേസിനെതിരായ മത്സരശേഷം കോലി നാഗ്പൂരിലേക്ക് മടങ്ങും. 

Exit mobile version