Site iconSite icon Janayugom Online

സെഞ്ചുറിയടിച്ചിട്ടും കോലി തന്നെ ഇര; വിമര്‍ശനം തുടര്‍ന്ന് ഗൗതം ഗംഭീര്‍

സെ‌ഞ്ചുറിയോടെ തിരിച്ചെത്തിയിട്ടും ഇന്ത്യന്‍ താരം വിരാട് കോലി തന്നെ വിമര്‍ശകരുടെ ഇര. 1021 ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ കോലിയുടെ ആദ്യ സെഞ്ചുറിയായിരുന്നു ഏഷ്യാകപ്പിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പിറന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും വിമര്‍ശകര്‍ക്ക് തൃപ്തിയായിട്ടില്ല. മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ കോലിയെ വെറുതെ വിടാനൊരുക്കമല്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിരാട് കോലി സെഞ്ച്വറി നേടിയിരിക്കുന്നതെന്നു നിങ്ങള്‍ തിരിച്ചറിയണമെന്ന് ഗംഭീര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു സെഞ്ച്വറി പോലുമില്ലെങ്കില്‍ മറ്റേതെങ്കിലും യുവതാരത്തിനു അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗൗതം ഗംഭീറിന്റെ വാക്കുകള്‍.

മൂന്നു വര്‍ഷമെന്നത് വലിയൊരു കാലയളവ് തന്നെയാണ്. ഞാന്‍ വിരാട് കോലിയെ വിമര്‍ശിക്കാന്‍ ശ്രമിക്കുകയല്ല. പക്ഷെ അദ്ദേഹത്തിനു ഇത്രയും കാലം സെഞ്ച്വറിയില്ലാതിരുന്നിട്ടും ടീമില്‍ തുടരാനായത് മുമ്പ് ഒരുപാട് റണ്‍സ് നേടിയെന്നതു കൊണ്ടു മാത്രമാണ്. പക്ഷെ മറ്റേതെങ്കിലും യുവതാരമായിരുന്നു കോലിയുടെ സ്ഥാനത്തെങ്കില്‍ ടീമില്‍ തുടരുമായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി. 

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ടീമില്‍ നിന്നും നേരത്തേ ഒഴിവാക്കപ്പെട്ടവരുടെ നിരയിലുണ്ട്. പക്ഷെ മൂന്നു വര്‍ഷത്തോളം സെഞ്ച്വറിയില്ലാതിരുന്നിട്ടും ടീമില്‍ നിന്നും പുറത്താക്കപ്പെടാത്ത ഒരാളെപ്പോലും എനിക്കറിയില്ല. അങ്ങനെയൊരാള്‍ ടീമില്‍ തുടര്‍ന്നിട്ടുണ്ടെങ്കില്‍ അതു വിരാട് കോലി മാത്രമാണെന്നും ഗൗതം ഗംഭീര്‍ പറയുന്നു.

വിരാട് കോലിക്കെതിരായ ഗൗതം ഗംഭീറിന്റെ വിമര്‍ശനങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എം എസ് ധോണിയോടും വിരാട് കോലിയോടുമൈാക്കെ അയാള്‍ക്കു അസൂയയാണെന്ന് പലരും പ്രതികരിച്ചു.കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി കോലി സെഞ്ചുറി നേടിയില്ലെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടി. സെഞ്ച്വറികള്‍ മാത്രമാണ് ഇല്ലാതിരുന്നത്. ഗംഭീര്‍ വെറും ചവറാണ്, അയാള്‍ ആരെയും പ്രശംസിക്കുന്നത് കേട്ടിട്ടില്ലെന്നും ചിലര്‍ പ്രതികരിച്ചു. 

Eng­lish Summary:Kohli him­self was the vic­tim after century
You may also like this video

Exit mobile version