Site iconSite icon Janayugom Online

പൊതുപണിമുടക്കിനെ എതിർക്കുന്ന റേഷൻ സംഘടനകൾക്കെതിരെ കെആർഇഎഫ്

രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടേയും സംയുക്താഭിമുഖൃത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിനെതിരെ രംഗത്ത് വന്നിരിക്കുന്ന റേഷൻ വ്യാപാരി സംഘടനകളായ എകെആർആർഡിഎ, കെഎസ്ആർആർഡിഎ എന്നിവയുടെ നിലപാട് തൊഴിലാളി വിരുദ്ധവും അപഹാസ്യവുമാണെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ(എഐടിയുസി) കൊല്ലം ജില്ലാ കമ്മിറ്റി. ദേശീയ പണിമുടക്ക് വിജയിക്കേണ്ടത് റേഷൻ ജീവനക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും രാജ്യത്തിന്റെയും ആവശ്യമാണ്. ഇന്ധന വില അടിക്കടി വർദ്ധിപ്പിക്കുകയും പൊതു മേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുകയും തൊഴിലാളികളുടെ സാർവത്രിക സാമൂഹിക പരിരക്ഷ നിഷേധിക്കുകയും ചെയ്യുന്ന കാലത്ത് തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിൽ പണിമുടക്കിനെതിരെ രംഗത്ത് വരുന്നവർ തൊഴിലാളി വഞ്ചകരും ഒറ്റുകാരുമാണ്. ജനങ്ങളുടെ സൗകര്യാർഥം ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്ന സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കുകയില്ലെന്ന ചില സംഘടനകളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഫെഡറേഷൻ (എഐടിയുസി)ജില്ലാ പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, സെക്രട്ടറി ടി സജീവ് എന്നിവർ പ്രസ്താവനയില്‍ അറിയിച്ചു.

Exit mobile version