Site iconSite icon Janayugom Online

കൊല്ലം — പുനലൂർ പാതയിലെ സര്‍വീസ്, റെയില്‍വേ ഇരുട്ടില്‍ തപ്പുന്നു

വൈദ്യുതീകരണം പൂർത്തിയാക്കിയ കൊല്ലം — പുനലൂർ റെയിൽ പാതയിൽ വൈദ്യുത തീവണ്ടി എന്നുമുതൽ സർവ്വീസ് നടത്തുമെന്ന വ്യക്തവരുത്താതെ റയിൽവേ. വൈദ്യുത യാത്രാ തീവണ്ടികൾ ഓടിക്കാമെന്ന് സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായ് പാത സന്ദർശിച്ചു നൽകിയ റിപ്പോർട്ട് റെയിൽവേ അധികൃതർക്ക് ലഭിച്ചു. കമ്മീഷണർ നിർദ്ദേശിച്ചിട്ടുള്ള മാറ്റങ്ങൾ കൂടി നടപ്പിൽ വരുത്താൻ നിർദ്ദേശിച്ചിരുന്നു
പാതയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏതാനും നിർദ്ദേശങ്ങളും കൂടി കമ്മീഷണർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ 20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഇലക്ട്രിക്കൽ വിഭാഗം അധികൃതർ അറിയിച്ചു
പ്രവൃത്തികൾ പൂർത്തിയാക്കി ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർക്ക് റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് മാത്രമേ പാതയിൽ വൈദ്യുത തീവണ്ടി ഓടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കൂ. ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ തുടങ്ങുക. പാതയിൽ ഏതൊക്കെ വണ്ടികൾ ഓടിക്കാമെന്നതു സംബന്ധിച്ച് മധുര ഡിവിഷൻ തീരുമാനമെടുക്കും.
44 കിലോമീറ്റർ നീളുന്ന പാതയിൽ പ്രവൃത്തി തുടങ്ങിയത് കഴിഞ്ഞ ജൂലായ് മാസമാണ്. നിർമാണ സാമഗ്രികളുടെ ക്ഷാമം, കോവിഡ്, കനത്ത മഴ തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച് കഴിഞ്ഞ മാസമാണ് വൈദ്യുതീകരണം പൂർത്തിയാക്കിയത്. എന്നാൽ നിശ്ചയിച്ചതിലും 10 ദിവസം മുൻപേ സുരക്ഷാ കമ്മീഷണറുടെ പരിശോധന നടത്തേണ്ടി വന്നതിനാൽ നിരവധി അന്തിമ ജോലികൾ ബാക്കിയായിരുന്നു.
ആവണീശ്വരം — പുനലൂർ സെക്ഷനിൽ വയറിങ് ജോലികൾ ഉൾപ്പെടെ പൂർത്തിയായി വരുന്നതേയുള്ളൂ. പാതയിലെ മരങ്ങൾ ഇനിയും മുറിച്ചു നീക്കിയിട്ടില്ല.
ഇത്തരം പ്രവൃത്തികളും കമ്മീഷണർ നിർദ്ദേശിച്ച മാറ്റങ്ങളും നടപ്പിൽ വരുത്തി കഴിഞ്ഞാൽ യാത്രാ തീവണ്ടി ഓടിക്കാനാവും.
പുനലൂരിൽ നിന്നും തമിഴ്‌നാട്ടിലെ ചെങ്കോട്ടയിലേക്ക് 49 കിലോമീറ്റർ നീളുന്ന പാതയിലും വൈദ്യുതീകരണ പ്രവൃത്തികൾ നടന്നുവരികയാണ്. അടുത്ത കൊല്ലം മാർച്ച് 31- നുള്ളിൽ പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് റെയിൽവേ ബോർഡ് നൽകിയിട്ടുള്ള നിർദ്ദേശം. ഈ പാത കൂടി വൈദ്യുതീകരിച്ചാൽ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് ദക്ഷിണ കേരളത്തിൽ നിന്നുതന്നെ ഏറ്റവും ദൂരം കുറഞ്ഞ പാതകളിൽ ഒന്നായി കൊല്ലം-ചെങ്കോട്ട പാത മാറും.

Exit mobile version