കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ വഴിയോര കച്ചവട സമിതി തെരഞ്ഞെടുപ്പ് ഏകപക്ഷീയമായി നടത്തിയ ഉദ്യോഗസ്ഥ നിലപാടിനെതിരെ പ്രതിഷേധിച്ചുകൊണ്ട് എഐടിയുസി മുൻസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സിപിഐ മണ്ഡലം സെക്രട്ടറി എ എസ് ഷാജി ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിൽ പ്രതിഷേധ മാർച്ച് എത്തി യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ ചെയർമാൻ എ ഷാജു യോഗത്തിനിടയിലൂടെ മുനിസിപ്പാലിറ്റിക്ക് അകത്തേക്ക് കയറാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയായി. ഇതേ സമയം ഐഎൻടിയുസിയുടെയും സമരം ഇതേ വിഷയത്തിൽ നടക്കുന്നുണ്ടായിരുന്നു. എന്നാൽ ചെയർമാൻ എഐടിയുസി പ്രതിഷേധത്തിനിടയിലൂടെ ഓഫീസിൽ കയറിപോയതാണ് തർക്കത്തിന് ഇടയാക്കിയത്.
തർക്കങ്ങൾക്കിടയിൽ സിപിഐ മണ്ഡലം സെക്രട്ടറി എ എസ് ഷാജി നിലത്തു വീണു. പരിക്കേറ്റ എ എസ് ഷാജിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി ആർ സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് കാവുവിള സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ഡി രാമകൃഷ്ണപിള്ള, മണ്ഡലം അസി. സെക്രട്ടറി ജി മാധവൻ നായർ, സെക്രട്ടറിയേറ്റംഗം മൈലം ബാലൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം സുരേന്ദ്രൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി എ അധിൻ, സംസ്ഥാന കമ്മിറ്റിയംഗം ഡി എൽ അനുരാജ്, ജോയിന്റ് സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവർ സംസാരിച്ചു.
സുരേന്ദ്ര ഭവനിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിന് നേതാക്കളായ ഹബീബ്, സലിം, എസ് എം ഹനീഫ്, മുകേഷ്, പ്രശാന്ത് ഈയ്യംകുന്ന്, ഷാജി എന്നിവർ നേതൃത്വം നൽകി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിപിഐ മണ്ഡലം സെക്രട്ടറി എ എസ് ഷാജിയെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെആർ ചന്ദ്രമോഹനൻ, എൻ രാജൻ, ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, പി എസ് സുപാൽ എം എൽ എ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.