Site iconSite icon Janayugom Online

സംഘർഷത്തിന് വഴിവെച്ചത് ചെയർമാന്റെ ധിക്കാര നടപടി: സിപിഐ

കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ ഉണ്ടായ സംഘർഷത്തിന് കാരണം മുൻസിപ്പൽ ചെയർമാന്റെ ധിക്കാര നടപടി ആണെന്ന് സിപിഐ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഒരു ഓഫീസിനു മുന്നിൽ പ്രതിഷേധ പരിപാടി നടക്കുന്നതിനിടയിലൂടെ ഓഫീസിൽ പ്രവേശിക്കാൻ മുതിരുന്നത് പ്രതിഷേധക്കാരെ വെല്ലുവിളിക്കുന്നതാണ്. അത്തരം പ്രവർത്തനമാണ് ചെയർമാൻ നടത്തിയത്. യോഗം നടക്കുന്നതിനിടയിലൂടെ ചെയർമാൻ ഓഫീസിൽ പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായത്. വഴിയോര കച്ചവടസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യം തർക്കങ്ങൾ ഉയർന്നപ്പോൾ ചെയർമാൻ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അറിഞ്ഞില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു നടത്തിയ തെരഞ്ഞെടുപ്പ് ആണെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. ഉദ്യോഗസ്ഥരുടെ ഏകപക്ഷീയ നടപടിക്ക് കൂട്ടുനിൽക്കുന്ന ചെയർമാന്റെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്.
പാർട്ടി മണ്ഡലം സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പാർട്ടി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

Exit mobile version