Site icon Janayugom Online

കെപിസിസി നേതൃത്വവും ഗ്രൂപ്പുകളും ആരോപണ‑പ്രത്യാരോപണത്തില്‍; അച്ചടക്കസമിതി രൂപീകരണവുമായി ഹൈക്കമാന്‍ഡ്

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും, ഗ്രൂപ്പുകളും പരസ്പരം പോരടിക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രശ്നപരിഹാത്തിനായി അച്ചടക്കസമിതി രൂപീകരിക്കണമെന്നു നിര്‍ദ്ദേശിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം കൂടിയ യുഡിഎഫ് യോഗം ബഹിഷ്കരിച്ചിരുന്നു. കെപിസിസി നേതൃത്വവും, ഗ്രൂപ്പുകളും പരസ്പരം ആരോപണ‑പ്രത്യാരോപണങ്ങളുമായി അങ്കതട്ടിലിറങ്ങിയിരിക്കുകയാണ്.

കെ പി സി സി നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടിൽ പ്രതിഷേധിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും യു ഡി എഫ് യോഗം ബഹിഷ്ക്കരിച്ച് കൊണ്ടായിരുന്നു പ്രതിഷേധം പ്രകടിപ്പിച്ചത്. ഇതോടെ കടുത്ത പ്രതിസന്ധിയിലായ സംസ്ഥാന നേതൃത്വം ഇരു നേതാക്കൾക്കുമെതിരെ ഹൈക്കമാന്റിനെ സമീപിക്കാനുള്ള നീക്കത്തിലായിരുന്നു. അതിനിടെയാണ് ഇപ്പോൾ അച്ചടക്ക സമിതി രൂപീകരിക്കണെന്ന ഗ്രൂപ്പ് നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള ഹൈക്കമാന്റ് ഇടപെടൽ. ഗ്രൂപ്പ് നിർദ്ദേശങ്ങൾ പരിഗണിക്കാതെയാണ് കെ പി സി സി നേതൃത്വം തിരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന പരാതി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മുതിർന്ന നേതാവ് ഉമ്മൻചാണ്ടി അറിയിച്ചിരുന്നു.

രാഷ്ട്രീയകാര്യസമിതി നിലനിർത്തുക, അച്ചടക്കസമിതിയെ നിശ്ചയിക്കുക, പുനഃസംഘടന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉമ്മൻചാണ്ടി സോണിയയെ അറിയിച്ചിരുന്നു. എന്നാൽ പുനഃസംഘടന നടപടികൾ നിർത്തിവെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന നിലപാടായിരുന്നു ദേശീയ നതേൃത്വം കൈക്കൊണ്ടത്. അതേസമയം ഗ്രൂപ്പ് നേതാക്കളുടെ കൂടി അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് കൊണ്ടാകണം പുനഃസംഘടന പൂർത്തിയാക്കേണ്ടതെന്ന നിർദ്ദേശം ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് നൽകി. അച്ചടക്ക സമിതിയെ നിശ്ചയിക്കണമെന്ന ഗ്രൂപ്പുകളുടെ ആവശ്യത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

എം പിമാർക്കും എം എൽ എമാർക്കും എതിരായ പരാതികളിൽ ഒഴികെയുള്ള പരാതികൾ പരിഗണിക്കുന്നതിനായിരിക്കും സമിതി. സമിതി അംഗങ്ങളെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഏകപക്ഷീയമായുള്ള അച്ചടക്ക നടപടികളാണ് നേതൃത്വം തുടരുന്നതെന്ന ആക്ഷേപമായിരുന്നു ഗ്രൂപ്പ് നേതാക്കൾ ഉന്നയിച്ചിട്ടുണ്ടായിരുന്നത്. അതിനിടെ രാഷ്ട്രീയകാര്യ സമിതിയെ നിലനിർത്തണമെന്ന ആവശ്യത്തിന് ഹൈക്കമാന്റ് തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്. എന്നിരുന്നാലും കെ പി സി സി എക്സിക്യൂട്ടീവിന് ആയിരിക്കും തിരുമാനം എടുക്കാനുള്ള അന്തിമ അധികാരം.നേരത്തേ കെ പി സി സി ജംബോ കമ്മിറ്റികൾ ഉണ്ടായിരുന്ന സമയത്താണ് രാഷ്ട്രീയ കാര്യ സമിതി രൂപീകരിച്ചത്. എന്നാൽ ഇപ്പോൾ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ 50 പേരാണ് ഉള്ളത്. അതുകൊണ്ട് തന്നെ രാഷ്ട്രീയകാര്യ സമിതി നിലനിർത്തുകയെന്നതിന് പ്രസക്തിയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

സമിതി നിലനിർത്തുകയാണെങ്കിൽ തന്നെ കൃത്യമായ ഇടവേളകളിൽ കൂടണമെന്ന നിർദ്ദേശമൊന്നും പരിഗണിക്കപ്പെട്ടേക്കില്ല. സമിതിയിലെ ഒഴിവുകൾ നികത്തുന്നതിനായി ഗ്രൂപ്പ് നേതാക്കളായ ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും നേതൃത്വം നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. ഒഴിവ് നികത്തിയ ശേഷം യോഗം വിളിക്കാമെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. അതിനിടെ ഹൈക്കമാന്റ് അനുമതിയോടെ പുനഃസംഘടന നടപടികൾ ജനവരിയോടെ പൂർത്തിയാക്കാനുള്ള നടപടികൾ കെ പി സി സി നേതൃത്വം ആരംഭിച്ച് കഴിഞ്ഞു. ഡി സി സി അഴിച്ചു പണിക്കായി ഓരോ ജില്ലയുടെയും ചുമതലയുള്ള കെ പി സി സി ഭാരവാഹികൾ അവിടെയെത്തി ചർച്ച ആരംഭിച്ചു കഴിഞ്ഞു. ഗ്രൂപ്പ് നേതാക്കളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് കൊണ്ടാവണം പുനഃസംഘടന പൂർത്തിയാക്കേണ്ടതെന്നാണ് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. കൂടിയാലോചനകളിലൂടെ മാത്രമേ പുനഃസംഘടന തുടരൂ എന്ന് കേരള നേതൃത്വവും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.

ഇതുപ്രകാരം ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും പേരുകൾ നിർദ്ദേശിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പേരുകൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് ഇരുവരും. പേരുകൾ ചടങ്ങ് പോലെ നിർദ്ദേശിക്കുന്നതല്ലാതെ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് നേതാക്കളുടെ ആക്ഷേപം. നേരത്തേ ഡി സി സി അധ്യക്ഷൻമാരുടെ നിയമനത്തിലും കെ പി സി സി അംഗങ്ങളുടെ നിയമനം സംബന്ധിച്ചും നിർദ്ദേശം നൽകിയിട്ടും അവസാനം പേരുകളെല്ലാം ഒഴിവാക്കപ്പെട്ടിരുന്നുവെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഒരാഴ്ചയ്ക്കുള്ളിൽ പേരുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

പേരുകൾ നൽകാൻ ഗ്രൂപ്പുകൾ തയ്യാറായില്ലെങ്കില്‍ അത് പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചേക്കും. യു ഡി എഫ് യോഗത്തിൽ നിന്നും ഉമ്മൻചാണ്ടിയും ചെന്നിത്തലയും വിട്ടു നിന്നതിൽ ഗ്രൂപ്പ് നേതാക്കൾക്കെതിരെ ഹൈക്കമാന്റിന് പരാതി നൽകാനുള്ള നീക്കത്തിലായിരുന്നു നേതൃത്വം. രണ്ട് നേതാക്കളും ചേർന്ന് പാർട്ടിയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നുവെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ ആരോപണം. നിസാരമായ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് അണികളിൽ അവമതിപ്പ് ഉണ്ടാക്കാൻ ഇരുനേതാക്കളും ശ്രമിക്കുന്നുവെന്നും കെ പി സി സി നേതൃത്വം കുറ്റപ്പെടുത്തുന്നു. മുതിർന്ന നേതാക്കളുടെ നടപടിയിൽ ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും കൊതിക്കെറുവാണെന്നായിരുന്നു ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ പ്രതികരിച്ചത്. പ്രശ്നങ്ങള്‍ പക്വമായി പരിഹരിക്കുന്നതിനു പകരം സ്വയം ചെറുതാകും വിധമുളള പ്രവര്‍ത്തനങ്ങളാണ് ഇരുനേതാക്കളില്‍ നിന്നും ഉണ്ടാകുന്നതെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: KPCC lead­er­ship and groups in alle­ga­tions and counter-alle­ga­tions; High Com­mand with the for­ma­tion of the Dis­ci­pli­nary Committee

You may also like this video:

Exit mobile version