Site iconSite icon Janayugom Online

ഗ്രൂപ്പുകളെ തള്ളി പുനസംഘടനയുമായി കെപിസിസി നേതൃത്വം; രാഷ്ട്രീയകാര്യസമിതി വിളിച്ചുകൂട്ടുവാനായി ഗ്രൂപ്പുകള്‍ മുറവിളികൂട്ടുന്നു

കെപിസിസി പുനസംഘടനയുമായി പ്രസിഡന്‍റ് കെ സുധാകരന്‍ നീങ്ങുകയാണ്. പുനഃസംഘടന സംബന്ധിച്ചുള്ള അതൃപ്തികൾ പാർട്ടിയിൽ തുടരുകയാണ്. നടപടികൾ നിർത്തിവെയ്ക്കണമെന്ന ഗ്രൂപ്പുകളുടെ ആവശ്യം ഹൈക്കമാന്റ് തള്ളിയതോടെ കാര്യങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാനാണ് നേതൃത്വത്തിന്റെ തിരുമാനം. അതേസമയം പുനഃസംഘടന സംബന്ധിച്ചുള്ള ആവശ്യത്തിൽ അനുകൂല നിലപാട് കൈക്കൊണ്ടിട്ടില്ലെങ്കിലും നേതാക്കളെ വിശ്വാസത്തിൽ എടുത്ത് കൊണ്ട് തന്നെമുന്നോട്ട് പോകണമെന്ന കോൺഗ്രസ് അധ്യക്ഷയുടെ നിർദ്ദേശം ഗ്രൂപ്പുകൾ ആയുധമാക്കുകയാണ്. പാര്‍ട്ടി ഭരണഘടന പ്രകാരമല്ല അച്ചടക്ക നടപടികൾ കൈക്കൊള്ളുന്നതെന്നതായിരുന്നു കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഉമ്മൻചാണ്ടി പ്രധാനമായും ഉയർത്തിയ പരാതി. ഉമ്മൻചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ കെ പി സി സി മുൻ സെക്രട്ടറി എംഎഎം ലത്തീഫിനെതിരെ കൈക്കൊണ്ട നടപടി ഉമ്മൻചാണ്ടിയെ ഏറെ ചൊടിപ്പിച്ചിരുന്നു. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയായിരുന്നു കെപിസിസി തിരുമാനം. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി നേതാക്കള്‍ തീരുമാനമെടുക്കുന്നുവെന്നും സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ ഉമ്മൻചാണ്ടി അറിയിച്ചിരുന്നു.

നേതാക്കളുടെ സൗകര്യം നോക്കി സമിതി യോഗം വിളിക്കുന്ന തരത്തിലാണ് ഇപ്പോൾ പാർട്ടിയിൽ കാര്യങ്ങൾ നടക്കുന്നതെന്നായിരുന്നു ഉമ്മൻചാണ്ടി അറിയിച്ചത്. ഇതോടെ ഉടൻ തന്നെ രാഷ്ട്രീയകാര്യ സമിതിയും വൈകാതെ വിളിക്കാൻ തീരുമാനം ആയിട്ടുണ്ട്. അതിനിടെ പുനഃസംഘടന നടപടികൾക്ക് സംസ്ഥാന നേതൃത്വം വേഗം കൂട്ടി. 10 ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചർച്ച പൂർത്തിയാക്കി പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്. 40 സെക്രട്ടറിമാരെ നിയമിക്കാനാണ് ആലോചന. ഇത് സംബന്ധിച്ചുള്ള കൂടിയാലോചനകൾ തിങ്കളാഴ്ചയോടെ തുടങ്ങും.ഡി സി സി അധ്യക്ഷൻമാരുടേയും കെ പി സി സി പുനഃസംഘടനയിലും നിർദ്ദേശങ്ങൾ തേടിയ സമാന രീതിയിൽ ഗ്രൂപ്പ് നേതാക്കളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റേയും തിരുമാനം. പേരുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക നൽകാൻ ഇവർ നേതാക്കളോട് ആവശ്യപ്പെടും. അതേസമയം പുനഃസംഘടനയുമായി ഗ്രൂപ്പ് നേതാക്കൾ സഹകരിക്കുമോയെന്ന കാര്യം പറയുവാന്‍ കഴിയില്ല. നേരത്തേ പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ തിരുമാനിച്ചാൽ സഹകരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഗ്രൂപ്പ് നേതാക്കൾ. നിർദ്ദേശങ്ങൾ നൽകേണ്ടതില്ലെന്ന തിരുമാനവും ഗ്രൂപ്പ് നേതാക്കൾ സംയുക്തമായി കൈക്കൊണ്ടിരുന്നു. ഇനി സംഘടന തിരഞ്ഞടുപ്പ്‌ തന്നെയാണ് ഗ്രൂപ്പുകളുടെ ലക്ഷ്യം. ഒറ്റക്കെട്ടായി ഔദ്യോഗിക നേതൃത്വത്തെ വീഴ്ത്താനുള്ള നീക്കങ്ങളും ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ അച്ചടക്ക സമിതി രൂപീകരിക്കാൻ കെ പി സി സി നേതൃത്വം തയ്യാറായിട്ടുണ്ട്. ഒരു ചെയർമാനും രണ്ടോ മൂന്നോ അംഗങ്ങളായിരിക്കും സമിതിയിൽ ഉണ്ടാകുക.

Eng­lish sum­ma­ry: KPCC lead­er­ship with reorganization

Exit mobile version