Site icon Janayugom Online

കെപിസിസി ഭാരവാഹി ലിസ്റ്റ്; കെസി- കെഎസ്-വി ഡി ഗ്രൂപ്പ് കൈയ്യടക്കി, എ,ഐ ഗ്രൂപ്പുകള്‍ അമര്‍ഷത്തില്‍

കെപിസിസിയുടെ ഭാരവാഹികളെ നിശ്ചയിച്ചതിനെ തുര്‍ന്ന് കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ അമര്‍ഷം ശക്തമാകുന്നു. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകാന്‍ സാധ്യതയേറുന്നു. കെ പി സി സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് ആർക്കും തെരുവിൽ ഇറങ്ങേണ്ട സാഹചര്യം ഉണ്ടാവില്ലെന്നാണ് പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞചെങ്കിലും. പാര്‍ട്ടിയില്‍ അടിയൊഴുക്ക് സജീവമായിരിക്കുന്നു. പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ പ്രതിഷേധിക്കില്ലെന്നും സുധാകരൻ പറയുന്നു. തങ്ങളുടെ വിശ്വസ്തരെ വെട്ടി നിരത്തിയെന്ന ആക്ഷേപമാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. നാലു വൈസ്‌ പ്രസിഡന്റുമാരും 23 ജനറല്‍ സെക്രട്ടറിമാരും 28 നിര്‍വാഹക സമിതിയംഗങ്ങളും ഉള്‍പ്പെടുന്ന പട്ടികയാണ് ഹൈക്കമാന്റ് അംഗീകരിച്ചത്. 

എൻ ശക്‌തന്‍, വി ടി ബല്‍റാം, വി ജെ പൗലോസ്‌, വി പി സജീന്ദ്രന്‍ എന്നിവരാണു വൈസ്‌ പ്രസിഡന്റുമാര്‍. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. 28 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്നു പേര്‍ വനിതകളാണ്‌. ദീപ്‌തി മേരി വര്‍ഗീസ്‌, കെ എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണു പട്ടികയില്‍ ഇടം പിടിച്ചത്‌. വൈസ് പ്രസിഡന്‍റുമാരായി വനിതകളാരും ഇല്ല. എ‑ഐ ഗ്രൂപ്പുകൾ പുനഃസംഘടനയ്ക്കായി പേരുകൾ നൽകിയിരുന്നു. ഇതിൽ നിന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവും ചേർന്ന് പേരുകൾ തെരഞ്ഞെടുത്തു. ഇതിലും ചില വെട്ടലുകൾ വന്നു. എവി ഗോപിനാതും കെ ശിവദാസൻ നായരും പട്ടികയിൽ നിന്ന് പുറത്തായി. ഇതോടെ ഒരു നേതാവിന്റേയും നോമിനികളെ അവരുടെ ഇഷ്ടാനുസരണം സ്ഥാനാർത്ഥിയാക്കിയില്ലെന്ന സന്ദേശമാണ് ഹൈക്കമാണ്ട് നൽകുന്നത്. ഇതിന് പിന്നിൽ കെസിയുടെ കരങ്ങളാണ്. സമീപകാലത്തു പാർട്ടി അച്ചടക്കം ലംഘിച്ചവർ എന്നതു കണക്കിലെടുത്താണ് എ.വി.ഗോപിനാഥിനെയും കെ.ശിവദാസൻനായരെയും ഒഴിവാക്കിയത്. 

അതേസമയം ഇവരെ തഴയില്ലെന്നും പിന്നീട് പരിഗണിക്കുമെന്നും നേതൃത്വം അറിയിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നോമിനിയായിട്ടു പോലും ഗോപിനാഥിന് പുനഃസംഘടനയിൽ ഇടം ലഭിച്ചില്ല. ശിവദാസൻ നായർക്ക് വേണ്ടി ഉമ്മൻ ചാണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. ശിവദാസൻ നായരേയും അവസാനം ഒഴിവാക്കി. എ വി ഗോപിനാഥ് സുധാകരന്‍റെ വിശ്വസ്തനാണ്.അതേസമയം നൽകിയ പേരുകളിൽ ആരെയൊക്കെയാണു പട്ടികയിൽ പെടുത്തിയിരിക്കുന്നത് എന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്ന പരാതി ഗ്രൂപ്പ് നേതൃത്വങ്ങൾക്കുണ്ട്. ഭാരവാഹികളിലെ ചില പേരുകൾ അസംതൃപ്തിക്കു വഴിവച്ചു. അതിലും മെച്ചപ്പെട്ട ആളുകളെ ബന്ധപ്പെട്ട ജില്ലകളിൽനിന്നു പരിഗണിക്കാനുണ്ടായിരുന്നുവെന്ന അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്.ഉമ്മൻ ചാണ്ടി നിർദേശിച്ച പട്ടികയിൽനിന്ന് ഏഴു പേർ ഭാരവാഹികളായി. രമേശ് ചെന്നിത്തല നൽകിയ പട്ടികയിൽനിന്നു നാലു പേരും. അതേസമയം ചെന്നിത്തല മുൻഗണനാപട്ടികയിൽ പെടുത്തിയ ചിലർ പട്ടികയിലില്ല. നിർവഹാകസമിതിയിൽ ചെന്നിത്തല അനുകൂലികൾ പലരുണ്ട്. കെസിയുടേയും സുധാകരന്റേയും ആളുകൾ എല്ലാം പഴയ വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഈ പുനഃസംഘടനയും ഐ ഗ്രൂപ്പിന് കരുത്തു കിട്ടുന്നതാണ്. എന്നാൽ ചെന്നിത്തല, സതീശൻ, സുധാകരൻ, കെസി ഗ്രൂപ്പുകളായി അവർ നാലുതട്ടിലാണ്.രമണി പി.നായർ, റോയ് കെ.പൗലോസ് എന്നിവർ ആദ്യം പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ കെപിസിസിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അന്വേഷണ സമിതി ഇവരുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതിനാൽ തൽക്കാലം മാറ്റിവച്ചു.കെപിസിസി ഭാരവാഹി പട്ടികയിൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണത്തിൽ ഉമ്മൻ ചാണ്ടി വിഭാഗത്തിന് അഞ്ചും രമേശ് ചെന്നിത്തല വിഭാഗത്തിന് നാലും ലഭിച്ചപ്പോൾ കെ.സി.വേണുഗോപാലിന് എട്ടു പേരെ നേടിയെടുക്കാൻ കഴിഞ്ഞു. 

കെ. സുധാകരനെ നേരത്തെ കെപിസിസി അധ്യക്ഷൻ ആക്കിയില്ലെന്നു കുറ്റപ്പെടുത്തി പാർട്ടി വിട്ടുപോയ കോഴിക്കോട്ടെ കെ.ജയന്തിന്, ജനറൽ സെക്രട്ടറി പദവി നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിക്കാതെ വിട്ടുനിന്നതിനാൽ ജയന്തിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നു കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺകുമാറും എംപി എംകെ രാഘവനും ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശത്തെ മറികടന്നാണ് കെ.സുധാകരൻ തന്‍റെ അനുയായിയെ ചേർത്ത് നിർത്തിയത്.തരൂരിനെ പിന്തുണക്കുന്ന ജി.എസ് ബാബു, തിരുവഞ്ചൂരിന്റെ അനുയായിയായ പി.എ .സലീം, കെ.മുരളീധരൻ നിർദേശിച്ച മരിയാപുരം ശ്രീകുമാർ എന്നിവർക്കും ജനറൽ സെക്രട്ടറി പദവി നൽകി. വൈസ് പ്രസിഡന്റ് പദവിയിൽ വിടി ബൽറാം, വിജെ പൗലോസ് എന്നിവരെ ഉയർത്തിക്കാട്ടിയത് പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു. കെ.സി വേണുഗോപാൽ അനുകൂലികളായ പഴകുളം മധു, പി.എം നിയാസ്, എം എം നസീർ എന്നിവരെ ജനറൽ സെക്രട്ടറിമാരായി നിലനിർത്തിയപ്പോൾ രമേശ് ചെന്നിത്തലയുടെ കടുത്ത ഗ്രൂപ് വക്താവായ ജ്യോതികുമാർ ചാമക്കാലയെ നിർവാഹക സമിതിയിൽ ഉള്‍പ്പെടുത്തി. കെപിസിസിയുമായി ഇടഞ്ഞ വി എം സുധീരൻ, മുല്ലപ്പളളി എന്നിവര്‍ നിർദ്ദേശിച്ചവർക്കും ഭാരവാഹിയാകാൻ പറ്റിയില്ല. ടോമി കല്ലാനി നിർവ്വാഹക സമിതിയിൽ എത്തി. 

ഭാരവാഹികളായി കേരളത്തിൽ സ്ത്രീപ്രാതിനിധ്യം അഞ്ചു പേരിൽ ഒതുങ്ങി എന്നതും നിരാശ പടർത്തുന്നു.കെപിസിസി പുനഃസംഘടനയിലും പിടിമുറുക്കുന്നത് കെസി വേണുഗോപാൽ തന്നെ. നാലു വൈസ് പ്രസിഡന്റുമാരും 28 ജനറൽ സെക്രട്ടറിമാരും. ഇതിൽ ഒൻപത് പേർ കെസിയുടെ വിശ്വസ്തരാണ്. പഴകുളം മധുവാകും കെസി ഗ്രൂപ്പിനെ കെപിസിസിയിൽ നയിക്കുകയെന്നാണ് വ്യക്തമാകുന്നത്.പരസ്യ പോരിന് മുതിരേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ ഗ്രൂപ്പുനേതാക്കള്‍ക്കുള്ളത്. സംഘടന തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മാറ്റി നിർത്തലുകൾക്ക് മറുപടി നൽകാം എന്നതാണ് ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങിയാൽ പുതിയ കെ പി സി സി നേതൃത്വത്തിന് പിടിച്ച് നിൽക്കാൻ പോലും സാധിക്കില്ലെന്ന് നേതൃത്വം കരുതുന്നുണ്ട്. എന്നാല്‍ ലിസ്റ്റിനെതിരേ രംഗത്തു വരാനാണ് ത്രീവ്ര ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.

Eng­lish Sum­ma­ry :KPCC List Kerala

You may also like this video :

Exit mobile version