Site iconSite icon Janayugom Online

ശശി തരൂര്‍ വിഷയം പ്രതികരിക്കാനില്ലെന്ന് കെപിസിസി

ശശി തരൂര്‍ വിഷയത്തില്‍ പ്രതികരിച്ച് വഷളാക്കേണ്ടെന്ന് നേതാക്കളുടെ തീരുമാനം. കോണ്‍ഗ്രസില്‍ നേതാക്കളുടെ അഭാവമുണ്ടെന്നും തനിക്കാണ് ജനസമ്മതിയെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുണ്ടായിട്ടും മൗനം പാലിക്കുകയാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍. സംസ്ഥാന സര്‍ക്കാരിന്റെ വ്യാവസായിക നയത്തെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ വാക്കുകള്‍ക്കെതിരെ നേതാക്കളില്‍ പലരും രംഗത്തെത്തിയിരുന്നെങ്കിലും തരൂര്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയില്ല. ഇതില്‍ ശക്തമായ അമര്‍ഷം വി ഡി സതീശനുണ്ടെങ്കിലും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് മൗനം പാലിക്കാനുള്ള തീരുമാനമെന്നാണ് അറിയുന്നത്.

ദേശീയ നേതൃത്വത്തിനെതിരെയും കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിമുഖത്തില്‍ ശശി തരൂര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഇന്നലെയും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം ശക്തമായ അഭിപ്രായം പറഞ്ഞ കെ മുരളീധരനും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ ഇന്നലെ മയപ്പെടുത്തിയാണ് അഭിപ്രായം പറഞ്ഞത്. തരൂര്‍ അതിരുവിടരുതെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഇന്ന് മൗനം പാലിച്ചു. മാധ്യമങ്ങളും എതിര്‍പാര്‍ട്ടിക്കാരുമാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് നിലവില്‍ നേതാക്കളുടെ തീരുമാനം. 

Exit mobile version