Site icon Janayugom Online

കുമാരനാശാന്‍

ല്ലനയാറ്റിലെ ബോട്ടുയാത്രതന്‍ ദുരന്ത വൃത്താന്തം പത്രത്തില്‍ നിറഞ്ഞീടവെ
നൂറ്റാണ്ടു പിന്നിട്ടവാര്‍ത്തയതെങ്കിലും
തപ്താര്‍ത്തമാകുന്നെന്‍ അന്തരംഗം
കാവ്യ പ്രകാശം തൂകിയൊരാശാന്‍തന്‍
ശോഭനമാര്‍ന്നൊരു നാളുകളില്‍
കുറിച്ചിട്ടതില്ലേ യുഗപരിവര്‍ത്തന കാവ്യസമാഹാരങ്ങളെത്രയെത്ര?
വീണപൂവിനെ വിശ്വസാഹിത്യത്തില്‍ പ്രതിഷ്ഠിച്ചു മുക്താകാരം തൂലികയാല്‍
രാമായണത്തിലെ വൈദേഹി സീതയോ ചിന്താവിഷ്ടയാം സീതയായി
ജാതി മര്‍ത്ത്യനില്‍ എവിടെയെന്നുള്ളതാം ചോദ്യമു-
യര്‍ത്തി മാതംഗിയാല്‍
കാമാര്‍ത്തബന്ധങ്ങളൊക്കെയും
വ്യര്‍ത്ഥമെന്നോതി ഉപഗുപ്തന്‍ തന്‍ വാക്കുകളാല്‍
അമൂര്‍ത്തമാം പ്രണയത്തില്‍
ചിത്രം വരച്ചിട്ടു നളിനി ദിവാകര സംഗമത്താല്‍
സ്നേഹമാണഖിലസാരമൂഴില്‍ എന്നതാം വാക്ക-
ന്വര്‍ത്ഥമാക്കി മദന ലീലാവേര്‍പാടിലും
ഭേദങ്ങളറ്റൊരു പൊരുളിനെ കാഹളമൂതിവീര്‍പ്പിക്കുന്നു വേദവും
വൈദികനും എന്നോതി ദുരവസ്ഥയില്‍
സ്ത്രീശക്തിയിലൂടെ പുത്തനാം വിപ്ലവ പന്ഥാവ് വെട്ടിത്തളിച്ചവന്‍ കുമാരനാശാന്‍
ഒരു ജാതി ഒരു മതമെന്നതാം ഗുരുവചനമുരുവിട്ടു
ഗുരു തന്‍ പിന്‍ഗാമിയായി
ശ്രീഭൂവിലസ്ഥിരമെന്നോതി പുഷ്പത്തെ അധികതുംഗപദത്തിലെ
ശോഭിച്ചിരുന്നൊരു രാജ്ഞിയാക്കി
കാല്പനികതയിലെ പുതു വസന്തമേ
വിപ്ളവത്തിന്‍ ശുക്രനക്ഷത്രമേ
കവിത്രയങ്ങളില്‍ ആശയസമ്പുഷ്ടിതന്‍
യുഗസൃഷ്ടാവായി വിളങ്ങുന്നു നീ
നൂറിലും പൂക്കുന്ന പുഷ്പവാടിയായിന്നും
കാവ്യലോകത്ത് വിരാജിപ്പു നീ

Exit mobile version