Site iconSite icon Janayugom Online

തലകുത്തിനിപ്പ്

kunjammini kadhakalkunjammini kadhakal

രാവിലെ വീടിനുചുറ്റും ചുറ്റിനടന്ന് ചേമ്പിലേലെ വെള്ളം തട്ടിതൂവി, കുഴിയാനക്കുഴികൾ നോക്കിവെച്ച് കുഞ്ഞമ്മിണി വീട്ടീക്കേറീപ്പോ ‘കൊച്ചേട്ടൻമുറീ‘ൽ ഒരന ക്കോല്ല്യ. പോസും കുഞ്ഞേട്ടനും തുപ്രനും അവിട്യാ കിടക്കണത്. ഹാർമോണിയം, ബുൾബൾ, ജിപ്സി, ഇലത്താളം, ഇതൊക്കെ മേശേമേല് പൊതപ്പിട്ടുമൂടിവെച്ചിട്ട്ണ്ട്. ഒന്നിലും തൊട്ടുപോകര്തെന്നാ ആജ്ഞ. ആരൂല്ലാത്ത തക്കംനോക്കി അതിലൊന്നു കുത്തിനോക്കാന്നുവച്ച് പതുങ്ങിച്ചെന്നു. അപ്പേണ്ട് ആരോ ശ്വാസം വലിക്കണ ഒച്ച.! നോക്കീപ്പോ തുപ്രൻ ഒരു മൂലേല് തലകുത്തിനിക്കണ്.! ‘എന്താ തല കുത്തിനിക്കണേ‘ന്ന് തുപ്രന്‍റെ മോത്തേക്ക് നൂണ്ടുകിടന്ന് ചോദിച്ചു.

‘വ്യായാമം ചെയ്യാ, മോള് പൊക്കോ‘ന്ന് തുപ്രൻ. ‘നീ തല്ലുകൊള്ളാണ്ട് പോയേ’ കുഞ്ഞേട്ടന്‍റെ ആജ്ഞാസ്വരം. അപ്പഴാ കണ്ടേ വേറോരു മൂലേല് കുഞ്ഞേട്ടൻ തലകുത്തിനിക്കണ്, അടുത്ത മൂലേല് പോസും. മുണ്ട് ചുരുട്ടിക്കേറ്റി കാലിന്‍റെ ഇടേക്കൂടി വലിച്ചുകെട്ടിവച്ചാ തലകുത്തി നിൽപ്പ്. ‘കോണോ’ന്ന് കേട്ടിട്ടുള്ളു, ഇതാവോ കോണം? സംശായി, അവള്‍ അമ്മേടെ അടുത്തേക്കോടി. ‘അമ്മേ ഞാനൊരൂട്ടം കണ്ടു.’ പണിത്തിരക്കിലായ അമ്മ അലസമായി നോക്കി. കോണം ഒരു ചീത്തവാക്കാണ്ന്ന തോന്നലിൽ പറയാൻ നാണിച്ചതു കണ്ടപ്പോ അമ്മേടെ അലസത പോയി, ‘എന്താ കണ്ടേ‘ന്ന് ചോദിച്ചു. ‘കുഞ്ഞേട്ടനും പോസും തുപ്രനും തലകുത്തിനിക്കണ്.! ‘തലോത്തിനിക്കണോ’ അമ്മയ്ക്ക് അതിശയം.! ‘ങ്ങും, കോണോട്ത്ത്’ അവള്‍ സ്വകാര്യം പറഞ്ഞു. ‘എന്തൂട്ടീ കൊച്ച് പറയണേ, എവിടെ?’ അമ്മ ശരം പോലെ പാഞ്ഞുചെന്നു. ‘ഇതെന്തു കൂത്താ… മൂന്നെണ്ണോം തലോത്തിനിക്കണേ…’ അമ്മ താടിക്ക് കൈവച്ചു. ‘വ്യായാമാ… അമ്മ ഒന്നുപോവോ പ്ലീസ്’ കുഞ്ഞേട്ടൻ കെഞ്ചി. ‘ഓഹോ… തലോത്തി നിക്കലാണോ വ്യായാമം.!

തലോത്തിനിന്നോണ്ടൊന്നും ദേഹൊറയ്ക്കില്ല. വ്യായാമോന്ന് വച്ചാലേ നല്ലോണം ദേഹനങ്ങി പണീടുക്കണം. കുടുബത്തിലെ പണിമാത്രം ചെയ്താമതീ ദേഹൊറച്ചു ഈട്ടിത്തടിപോലെ മിനുങ്ങാന്‍. അമ്മ പറഞ്ഞുതരാം നല്ലനല്ല വ്യായാമങ്ങൾ. ഒരാളുപോയി പറമ്പിലെ പട്ടയൊക്കെ പര്‍ക്കിക്കൂട്ട്, ഒരാളത് കീറിയിട്, തുപ്രൻ പോയി ഇഞ്ചി നടാൻ വാരം മാട്. ചിലര്ണ്ട്, കുടുബത്തൊരു പണി ചെയ്യില്ല, എന്നിട്ട് വെളിച്ചാവുമ്പേ റോട്ടീക്കൂടി തേരാപാരാ പായും, അല്ലെങ്കിൽ പേപിടിച്ചോണം ഓടും. അല്ലെങ്കീ ദാ ഇതോലുള്ള കോപ്രായങ്ങൾ കാണിക്കും, വ്യായാമാത്രെ!’ അമ്മേടെ നിര്‍ത്താതുള്ള പറച്ചില്‍ കേട്ട് മൂവരും തല കുത്തിനിപ്പ് നിര്‍ത്തിയെണീറ്റു. ‘അമ്മയ്ക്ക് വല്ലോമറിയോ, ഇത് ആസനോണ്, അമ്മ ആസനോന്ന് കേട്ടിട്ടുണ്ടോ?’ കൊച്ചാക്കണപോലുള്ള കുഞ്ഞേട്ടന്‍റെ ചോദ്യം അമ്മയ്ക്കത്ര പിടിച്ചില്ല.

‘പിന്നെ ആസനംന്ന് കേക്കാണ്ടാ, നാണോല്ല്യാത്തോന്‍റെ ആസനത്തില്‍ ആല് മുളച്ചാ അതും അവനൊരു തണല്‍…’ അമ്മ പറഞ്ഞ ‘ആസന’ ത്തിന്‍റെ അര്‍ത്ഥവ്യാപ്തി കേട്ട് പോസും കുഞ്ഞേട്ടനും തലകുത്തിച്ചിരിച്ചു. ‘ആ ആസനമല്ല ഈ ആസനം, ഇത് യോഗാസനം, അതിലെ ശീര്‍ഷാസനമാണ് തലകുത്തി നിപ്പ്. മനസ്സിലായോ…’ ചോദ്യത്തിനുത്തരം പറയാതെ അമ്മ, ചെക്കന്മാര്‍ക്ക് പുതിയ കാര്യങ്ങളറിയാമെന്ന ചാരിതാര്‍ത്ഥ്യത്തോടെ, എന്നാലത് സമ്മതിക്കാന്‍ മടിച്ച് ‘പോടാ ചെര്‍ക്കാ’ന്ന്‍ പറഞ്ഞ് അമ്മ അടുക്കളേല്‍ക്ക് പാഞ്ഞു. ‘അമ്മ വ്യായാമം ചെയ്യണ്ട സമയായിട്ടോ‘ന്ന്‍ കുഞ്ഞേട്ടന്‍ വിളിച്ചു പറഞ്ഞു. ‘പകലന്തിയോളം പിന്നെ ഞാൻ ചെയ്യണേന്താ.! വീട്ടിലും പറമ്പിലുമായി ഒരഞ്ചാറുമൈലെങ്കിലും നടക്കണുണ്ട്. അതുപോരേ‘ന്ന്‍ അമ്മേടെ ന്യായം.

അമ്മ പറഞ്ഞ പണ്യോന്നും ആരും ചെയ്തില്ല, അതോണ്ടാവും ആരും ഈട്ടിത്തടി പോലെ മിനുങ്ങീല്ല. അമ്മേടെ ഉപദേശത്തിൽ തലകുത്തിനിൽപ്പ് അലസിപോയെങ്കിലും പിറ്റേന്ന് തുടർന്നു. തുപ്രന്‍റെ സഹായത്തോടെ കുഞ്ഞമ്മിണി തലകുത്തിനിക്കാ നൊരു ശ്രമം നടത്തീങ്കിലും ഉടുപ്പ് മോത്തേക്ക് വീണ് കണ്ണ്‍ കാണാണ്ടായത് പ്രശ്നായപ്പോ ‘ഇത് ആണുങ്ങടെ വ്യായാമാ,മോക്ക് പറ്റ്ല്ല്യ’ന്ന്‍ പറഞ്ഞു തുപ്രൻ. ‘എന്നേം കോണോടുപ്പിക്ക്, അപ്പ പറ്റില്ല്യേ‘ന്നായി അവള്‍. അതുകേട്ടപാടെ പോസും കുഞ്ഞേട്ടനും ഛടപടേന്ന് തലകുത്തിനിൽപ്പീന്ന് വീണ് ഉറഞ്ഞുചിരിക്കണ്! ‘പോണുണ്ടോ ശല്യപ്പെടുത്താണ്ട്’ ചിരി നിർത്തി പെട്ടെന്ന് ഗൗരവം പൂണ്ടു കുഞ്ഞേട്ടൻ. ‘വ്യായാമം ചെയ്താ വിശപ്പുണ്ടാകും, കൊറേ കഴിക്കാന്‍ പറ്റും, അപ്പോ വണ്ണം വയ്ക്കും. കുഞ്ഞേട്ടന് വല്ലവിധേനയും തടിവയ്ക്കണം.

‘കൊളക്കോഴി’വിളീന്നും രക്ഷപ്പെടണം. അങ്ങനേണ് യോഗ, മാജിക്, കൈനോട്ടം ഇതൊക്കേള്ള പഴ്യോരു പുസ്തകം തേടിപ്പിടിച്ച് യോഗാസനത്തിലെത്തീത്. സ്ഥിരായി ചെയ്താ ശരീരവും മനസ്സും ഉണരും, മനസ്സ് ഏകാഗ്രമായാല്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റും. സൂക്കേടുകള്‍ വരൂല്ല്യ. ഈ തലകുത്തിനിപ്പാണ് ശീര്‍ഷാസനം. ‘എടാ തലകുത്തിനിക്കുമ്പോ നിങ്ങക്ക്ന്താ തോന്ന്യേ, സുഖം തോന്ന്യോ, മനസ്സും ശരീരോക്കെ അയഞ്ഞപോലെ?’ കുഞ്ഞേട്ടന്‍റെ ചോദ്യത്തിന് ‘പിന്നേ, ഒരു സുഖോല്ല്യ, കഴുത്തൊടിയോന്നുള്ള പേട്യാരുന്നൂ’ന്ന് പോസ്. ‘ശരിയാ നല്ല സുഖോണ്ടായി, വയറ്റിലെ കൊടലെല്ലാം കീഴ്മേല്‍ മറിഞ്ഞ്, ഭാരോല്ലായ്മ തോന്നി’ന്ന്‍ തുപ്രന്‍. ‘മനസ്സിനെ ഏകാഗ്രമാക്കിയാ സംഗതിയേക്കും’ന്ന്‍ കുഞ്ഞേട്ടന്‍. പിന്നെ ബുക്കെടുത്ത് വായിച്ച് പറഞ്ഞു. ‘നമ്മള്‍ ചെയ്ത പോലെ പെട്ടെന്നൊരൂസം തല കുത്തിനിക്കാല്ലട്ടോ, മുമ്പ് പഠിക്കേണ്ട കൊറേ ആസനോണ്ട്. ആദ്യം നീണ്ടു നിവര്‍ന്നുകെടന്ന് ശ്വാസത്തില്‍ ശ്രദ്ധിക്കണം. പിന്നെ ഓരോ കാലും 45ഡിഗ്രി പൊക്കി മെല്ലെ താഴ്ത്തണം, പിന്നെ 90ഡിഗ്രി പൊക്കി താഴ്ത്തണം. കാല് പൊക്കുമ്പോള്‍ ശ്വാസം പിടിക്കേം താഴ്ത്തുമ്പോള്‍ ശ്വാസം വിടേം ചെയ്യണം. പിന്നെ, രണ്ടുകാലും ഒരുമിച്ച് പൊക്കേം താഴ്ത്തേം ചെയ്യണം. എല്ലാ ദിവസോം 20–25 പ്രാവശ്യോങ്കിലും ചെയ്തു ശീലിക്കണം. എന്നാലേ കാലുകള്‍ തോളുവരെ പൊക്കി ശരീരം കൈകളില്‍ താങ്ങി നിര്‍ത്താന്‍ പറ്റൂ. അതാണ് സർവാംഗാസനം.

പിന്നെ താങ്ങിയ കൈകള്‍ മാറ്റി പൂര്‍ണ്ണമായും തലേല്‍ മാത്രം ശരീരം താങ്ങി നില്‍ക്കണ അവസ്ഥേല്‍ക്ക് കൊണ്ടുവരണതാണ് ശീര്‍ഷാസനം. സ്ഥിരായി ചെയ്താലേ ഇതൊക്കെ ചെയ്യാന്‍ പറ്റൂ.’ ക്ലാസ്സെട്ക്കണ പോലെ കുഞ്ഞേട്ടന്‍ പറഞ്ഞുനിര്‍ത്തി. ‘ആസനം വല്ല്യ പാടാല്ലേ’ന്ന് തുപ്രന്‍ ചോദിച്ചു ‘ങും…നല്ല പാടാ, രാവിലെയെണീറ്റ് ചെയ്യണം, അതാ പ്രശ്നം’ കുഞ്ഞേട്ടന്‍റെ മോത്ത് ‘രാവി ലെയെണീക്കല്‍ തന്നെക്കൊണ്ട് പറ്റ്വോ’ന്ന നിരാശ കണ്ട് പോസ് തലയാട്ടി, ‘നടന്നതു തന്നെന്ന് കളിയാക്കി ചിരിച്ചോണ്ട് എണീറ്റുപോയി. ‘അവനൊന്നും മനസ്സിലായില്ല, അതാ എണീറ്റുപോയേ’ന്ന് കളിയാക്കല്‍ ഇഷ്ടപ്പെടാതെ കുഞ്ഞേട്ടന്‍. ‘എടാ ചെക്കന്മാരെ ഇതൊക്കെ തടിമിടുക്കൊള്ളോര്‍ക്ക് പറഞ്ഞ പണ്യാ, അല്ലാതെ നിങ്ങടെപ്പോലുള്ള എലുമ്പന്മാര്‍ക്ക് പറ്റൂല്ല്യാ. ബുക്ക് നോക്കി പഠിക്കണ്ട കാര്യോമല്ല. ഒരിക്കേ കളരിക്കേ ചെന്നപ്പേ, കൊറേ ചെക്കന്മാര് ദേഹോക്കെ എണ്ണേട്ട് തല കുത്തിനില്‍ക്കാ.! മെയ് വഴക്കം കിട്ടണോങ്കി ഇങ്ങനെ പല കസര്‍ത്തുകളും ചെയ്യ ണോത്രേ. അതിന് കൊറേ ചിട്ടവട്ടോക്കേണ്ട്, അല്ലാതെ ചുമരുചാരി തലകുത്തി നിന്നോണ്ടൊന്നും കാര്യൊല്ല്യ. പെട്ടെന്നൊരൂസം കൊണ്ട് യോഗാഭ്യാസിയാവാന്‍ പറ്റൂല്ല്യ, അതിന് അതിന്‍റേതായ ചിട്ട്യോളും ക്രമങ്ങളൂണ്ട്. അത് പാലിച്ചില്ലേല്‍ ഗുണോണ്ടാവില്ല, ദോഷാവേം ചെയ്യും.’ അപ്പന്‍റെ വിവരണം കൂടിയായപ്പോള്‍ യോഗാസനം തല്‍ക്കാലം വേണ്ടെന്നുവച്ചു. കോളേജീ ചേര്‍ന്നപ്പോള്‍ കുഞ്ഞേട്ടന് സൌന്ദര്യബോധം കൂടി, വണ്ണം വയ്ക്കണോന്നുള്ള മോഹം കലശലായി. അപ്പഴാ രണ്ടു ബനിയനിട്ടാല്‍ വണ്ണം തോന്നിക്കൂന്നൊ രു ഐഡിയ കിട്ടീത്.

പോസിന്‍റെ ബനിയന്‍ അടിച്ചുമാറ്റീണ് പരീക്ഷണം. സ്കൂളില്‍ പോകാന്‍നേരം ബനിയന്‍ കാണാതാവുമ്പോ പോസ് ചുണ്ടുകോട്ടി ദയനീയമായി കരയും. കുഞ്ഞേട്ടന്‍റെ ബനിയന്‍മോഷണം കയ്യോടെ പിടികൂടി വല്ല്യേട്ടന്‍ താക്കീത് ചെയ്തപ്പോ പഴേ ബനിയന്‍ അടീലിട്ട് അഡ്ജസ്റ്റ് ചെയ്തു കുഞ്ഞേട്ടന്‍. ബനിയനിടല്‍ പ്രയോഗികമല്ലെന്ന് തോന്നീപ്പോ നിര്‍ത്തി. പിന്നെ പച്ചമുട്ട കുടിക്കല്‍, കടല മുളപ്പിച്ചുതിന്നല്‍, മാവില്‍ തൂങ്ങല്‍ മുതലായ പൊടിക്കൈകളൊക്കെ പരീക്ഷിച്ച്, കഴഞ്ചിട വണ്ണം കൂടാതെ നിരാശനായപ്പേണ് കൂട്ടുകാരനീന്നും ഒറ്റമൂലി പ്രയോഗം കിട്ടീത്. ചതോപ്പ (ആയുര്‍വേദമരുന്ന്) നെയ്യില്‍ വറുത്ത്, താറാവുമുട്ട ചേര്‍ത്തിളക്കി പൊരിച്ച്, ത്രിസന്ധ്യനേരത്ത്, മിണ്ടാതെ, ആരും കാണാതെ, ഇരുട്ടത്ത് നാല്‍പ്പത്തൊന്നുദിവസം തിന്നണം. ശരീരം പുഷ്ടിപ്പെടും, മുഖം വെളുത്തുതുടുക്കും. സുന്ദരയുവകോമളനാകൂന്ന് ചുരുക്കം.! കുഞ്ഞേട്ടന്‍ ഒരൂസം കോളേജീന്ന് വന്നിട്ട് ആരു മറിയാതെ ഒരു പൊതി അമ്മേനേല്‍പ്പിച്ചു പറഞ്ഞു. ‘ത്രിസന്ധ്യനേരത്ത്, ആരും കാണാതെ, മിണ്ടാതെ, ഇരുട്ടത്ത്, നാപ്പത്തൊന്നൂസം…’ അതുകേട്ട് അമ്മ ചിരിയൊതുക്കി.

‘എന്‍റെ മോനേ നേരാനേരത്തിന് ഭക്ഷണം കഴിച്ച് അല്ലലില്ലാതിരുന്നാ വണ്ണം വയ്ക്കും. അതെങ്ങനെ, കാലത്ത്യേള്ള ഒരുക്കം സകല കണ്ണാടീലും നോക്കിവരുമ്പേക്കും തിന്നാന്‍ നേരം കിട്ടോ… പിന്നെങ്ങന്യാ..’ അങ്ങനെ അമ്മ പറഞ്ഞൂങ്കിലും സന്ധ്യക്ക് എല്ലാരേമൊളിച്ച് സൂത്രത്തില്‍ മരുന്നുണ്ടാക്കികൊടുത്തു. ലൈറ്റ് ഓഫാക്കി ഇരുട്ടത്തിരുന്ന് ആരുമറിയാതെ തിന്നാന്‍ കുഞ്ഞേട്ടന്‍ പെട്ട പാട്.! രണ്ടൂസം കാര്യങ്ങള്‍ നന്നായി നടന്നു. മൂന്നാംദിവസം ഒന്നുമറിയാതെ കുഞ്ഞമ്മിണി വന്ന് ലൈറ്റിട്ടപ്പോ ഇരുട്ടത്തിരുന്ന് കുഞ്ഞേട്ടന്‍ വെപ്രാളപ്പെട്ട്, ആക്രാന്തംപിടിച്ച് എന്തോ തിന്നണ്.! വണ്ണം വയ്ക്കാനുള്ള കുഞ്ഞേട്ടന്‍റെ തീവ്രാഭിലാഷമറിയാതെ ‘എനിക്ക് തരോ’ന്ന് അവള്‍ കെഞ്ചി. വീട്ടിലാരേലും എന്തേലും തിന്നണ കണ്ടാല്‍ പിച്ചക്കാരെ പ്പോലെ കൈനീട്ടണൊരു സൊഭാവോണ്ട്. കൈവീശി ലൈറ്റുകെടുത്താന്‍ ആംഗ്യം കാണിച്ചിട്ട് കുഞ്ഞേട്ടന്‍ മരുന്ന് കോരികൊടുത്തു. കയ്ച്ചുപ്പിച്ചടിക്കണ സാധനോണ്, അവളത് തുപ്പിക്കളഞ്ഞു.

അമ്മ ചിരിയടക്കണ കണ്ട് പന്തികേട് തോന്നിയ കുഞ്ഞേട്ടന്‍ ‘എന്താ’ന്നൊരു ചോദ്യം. ‘എന്താന്നോ…’ അമ്മ തറപ്പിച്ചുനോക്കി. ശാസ്ത്രം, യുക്തി, അന്ധവിശ്വാസം… എന്തൊക്ക്യാ വീമ്പുപറച്ചില്‍. മരുന്ന് തിന്നണത് ശരി. ഇരുട്ടത്ത്, മിണ്ടാതെ ആരും കാണാണ്ട് തിന്നണേന്തിനാ… ഒരു കാര്യം ചെയ്യുമ്പോ എന്തൂട്ടാ ചെയ്യണേന്നുള്ള ബോധോണ്ടാവണം. അല്ലെങ്കില്‍ ആള്‍ക്കാര്ടെ മുമ്പില്‍ നാണം കെടേണ്ടി വരും. പിന്നെ, ന്‍റെ മോന് പ്രായത്തിന്‍റെ വളര്‍ച്ചേക്കേണ്ട്, നല്ല മുഖശ്രീമുണ്ട്. വണ്ണം വയ്ക്കുമ്പേ വെക്കട്ടെ. വെറുതേ സമയം കളയാതെ പഠിത്തത്തീ ശ്രദ്ധിക്ക്. പഠിച്ച് ജോലീക്കെ കിട്ട്യാ മനസമധാനാവും, വണ്ണോം വയ്ക്കും. ഇപ്പോ പഠിക്കണ്ട സമയാ, അതോര്‍മ്മേണ്ടായാ മതി’ അങ്ങനെ തലകുത്തിനില്‍പ്പും ഒറ്റമൂലീം തല്‍ക്കാലത്തേക്ക് വേണ്ടെന്നുവച്ചു.

Exit mobile version