‘ലൂസിഫറി’ നെ പിന്നിലാക്കി ‘കുറുപ്പി‘ന്റെ തേരോട്ടം. കേരളത്തിലെ ആദ്യ അതിവേഗ 50 കോടി നേടുന്ന സിനിമ കൂടിയാണ് ഈ ദുൽഖർ സൽമാൻ ചിത്രം. വെറും അഞ്ചു ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ക്ലബിൽ എത്തിയത്. ആദ്യ ദിവസം കേരളത്തിൽ മാത്രം 6.3 കോടി രൂപ കളക്ഷൻ നേടിയാണ് ’ കുറുപ്പി’ ന്റെ ജൈത്രയാത്ര. കോവിഡ് പശ്ചാത്തലത്തിൽ 50 ശതമാനം കാണികളെ മാത്രം പ്രവേശിപ്പിച്ചാണ് ഈ നേട്ടമെന്നത് മറ്റൊരു നാഴികക്കല്ലാണ്. കേരളത്തിൽ 505 തിയേറ്ററുകളിലാണ് ’ കുറുപ്പ് ’ പ്രദർശിപ്പിക്കുന്നത്. ആദ്യ ദിവസം രാത്രി 12 നു ശേഷം പ്രധാന കേന്ദ്രങ്ങളിൽ അഡീഷണൽ ഷോ നടത്തിയെന്നത് മറ്റൊരു നേട്ടമാണ്.
കോവിഡ് കാലത്ത് തിയേറ്റർ റിലീസിംഗിന് അനുകൂലമായി കാണികൾ പ്രതികരിക്കുമോ എന്ന ആശങ്കയ്ക്കിടയിലാണ് ചിത്രത്തിന് പ്രേക്ഷകർ ഇത്ര വലിയ വരവേൽപ്പ് നൽകിയത്. ലോകമെമ്പാടുമുള്ള 1500 സ്ക്രീനുകളിലും ‘കുറുപ്പ് ’ പ്രദർശിപ്പിക്കുന്നുണ്ട്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ് ചിത്രം. ഓൺലൈൻ പ്ലാറ്റ് ഫോമിൽ വമ്പൻ ഓഫറുകൾ ലഭിച്ചിട്ടും അതിനെ അവഗണിച്ച് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു. ഇതോടെ ഒ ടി ടി റിലീസിനൊരുങ്ങിയിരുന്ന പല ചിത്രങ്ങളും തിയേറ്റർ റിലീസിലേക്ക് മാറുകയും ചെയ്തു.
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫാറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്റ്സുമാണ് നിർമ്മാതാക്കൾ. ’ മൂത്തോൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ശോഭിത ധുലിപാലയാണ് നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൽമാന്റെ ആദ്യ ചിത്രമായ ‘സെക്കൻഡ് ഷോ’ യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ’ കുറുപ്പി’ ന്റെയും സംവിധായകൻ.