Site iconSite icon Janayugom Online

ലഖിംപൂര്‍-ഖേരി അക്രമം; സാക്ഷിയെ ഭീഷണിപ്പെടുത്തി; ബിജെപി നേതാവിനും മകനുമെതിരെ കേസ്

കര്‍ഷക സമരത്തിനിടെ എട്ട് പേര്‍ കൊല്ലപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ മുന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും ബിജെപി നേതാവുമായ അജയ് മിശ്ര, മകന്‍ ആശിഷ് മിശ്ര, അമന്‍ ദീപ് സിങ്, പേരറിയാത്ത മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.
2021 ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍-ഖേരിയയിലെ ടിക്കുണിയയില്‍ അജയ് മിശ്രയുടെ മകന്റെ വാഹനവ്യൂഹം മൂന്ന് കര്‍ഷകരെയും ഒരു പത്രപ്രവര്‍ത്തകനെയും ഇടിച്ചുവീഴ‍്ത്തി. മോഡി സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് മടങ്ങുന്നതിനിടെയാണ് മറ്റ് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടതോടെ, ഈ വര്‍ഷം ഓഗസ്റ്റിലാണ് യുപി പൊലീസ് അജയ് മിശ്രയ്ക്കും മകനും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സാക്ഷിയായ ബല്‍ജീന്ദര്‍ സിങ് പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ വൈകിയതെന്ന് പൊലീസ് പറയുന്നു.
2023 ഓഗസ്റ്റ് 15ന് ആശിഷ് മിശ്രയ്ക്കെതിരെ വിചാരണ കോടതിയില്‍ മൊഴി നല്‍കരുതെന്ന് അമന്‍ദീപ് സിങ്ങും മറ്റൊരാളും തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ബല്‍ജീന്ദര്‍ സിങ് ആരോപിച്ചു. കൂടാതെ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും വഴങ്ങാതിരുന്നപ്പോള്‍ ഭീഷണിമുഴക്കുകയും ചെയ്തു. ഇതോടെ ബല്‍ജീന്ദര്‍ സിങ് തന്റെ ഗ്രാമം വിട്ട് പഞ്ചാബില്‍ സ്ഥിരതാമസമാക്കിയതായി എഫ്ഐആറില്‍ പറയുന്നു.
ബല്‍ജീന്ദര്‍ സിങ്ങിനുള്ള ഭീഷണികളെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഓഗസ്റ്റ് നാലിന് കോടതിയെ അറിയിച്ചു. പരാതി അന്വേഷിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി യുപി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എസ‍്പി സങ്കല്പ് ശര്‍മ്മ പറഞ്ഞു. 

Exit mobile version