Site iconSite icon Janayugom Online

അന്തിമ വോട്ടർപ്പട്ടികയിൽ ഉൾപ്പെടാതെ അർഹരായ ലക്ഷക്കണക്കിന് വോട്ടർമാർ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപ്പട്ടികയിൽ ഉൾപ്പെടാതെ അർഹരായ ലക്ഷക്കണക്കിന് വോട്ടർമാർ. കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ തയ്യാറാക്കിയ പട്ടികയിൽ 2,84,30,761 പേർ ഉണ്ടായിരുന്ന സ്ഥാനത്ത്, കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷൻ തയ്യാറാക്കിയ എസ്‌ഐആർ അന്തിമ പട്ടികയിൽ 2,69,53,644 ആയി കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ്‌ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 14,77,117 വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. രണ്ടു പട്ടികയും തമ്മിൽ ബന്ധമില്ലെങ്കിൽപ്പോലും രണ്ടുമാസത്തിനിടെ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അർഹരായ 14 ലക്ഷത്തോളം പേർ എവിടെയാണെന്ന ചോദ്യം രാഷ്ട്രീയ പാർട്ടികളും ഉയർത്തുന്നു.

മരിച്ചവരുടെ എണ്ണം കുറച്ചാൽ പോലും ഇത്രയധികം വോട്ടർമാർ എങ്ങനെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടു എന്ന കാര്യത്തിൽ കമ്മിഷന് മറുപടിയില്ല. എസ്‌ഐആർ വോട്ടർപ്പട്ടികയിൽ 4.24 ലക്ഷം കന്നിവോട്ടർമാരെ ഉൾപ്പെടുത്തിയെന്ന് അവകാശപ്പെടുമ്പോഴും വലിയൊരു വിഭാഗം യോഗ്യരായ വോട്ടർമാരെ ഒഴിവാക്കിയത് ദുരൂഹമാണ്. ഓരോ മണ്ഡലത്തിലും ശരാശരി 10,000 ലധികം വോട്ടർമാർ കുറയും. കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി നടത്തിയ എസ്ഐആറിൽ സാധാരണക്കാർക്ക്‌ ബോധവല്‍ക്കരണം ലഭിക്കാത്തത്‌ വലിയ വെല്ലുവിളിയായി. പട്ടികയിൽ പേരുണ്ടെന്ന് കരുതി വോട്ട് ചെയ്യാൻ എത്തുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പോളിങ് സ്റ്റേഷനുകളിൽനിന്ന് നിരാശരായി മടങ്ങേണ്ടി വരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്‌.

2025 ഒക്ടോബര്‍ 27 മുതല്‍ 2026 ജനുവരി 30 വരെ സ്വീകരിച്ച ഫോമുകളില്‍ രണ്ട് ലക്ഷത്തി അറുനൂറ്റിതൊണ്ണൂറ്റിനാലെണ്ണം നിരസിച്ചതിന്റെ കാരണം എന്താണെന്ന് കമ്മിഷന്‍ വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ രാജന്‍ യോഗത്തില്‍ പറഞ്ഞു. അത് പുനഃപരിശോധിച്ച് വ്യക്തത വരുത്തി പാര്‍ട്ടി പ്രതിനിധികളെ അറിയിക്കണമായിരുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി 16 വരെ സ്വീകരിച്ച ഫോമുകളുടെ എണ്ണത്തില്‍ പരിശോധന ഉണ്ടായിട്ടില്ല. അന്തിമലിസ്റ്റ് വരുന്നതിന് മുമ്പ് രാഷ്ട്രീയ പ്രതിനിധികളുടെ യോഗം വിളിച്ചതില്‍ ദുരുദ്ദേശം സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version