വടക്കൻ ഗാസയിലെ ജനവാസ മേഖലകളില്‍ ഇസ്രയേല്‍ കരയുദ്ധം ശക്തമാക്കി. നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് സൈന്യം എത്തിയതായി ഇസ്രയേല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇസ്രയേലി ടാങ്കുകൾ നഗരത്തിന് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. നേരിട്ടുള്ള യുദ്ധത്തില്‍ ഇരുപക്ഷത്തും പരസ്പരം കനത്ത നാശനഷ്ടങ്ങൾ നേരിടുന്നുണ്ട്. 50 ഹമാസ് സൈനികരെ വധിച്ചതായി ഇസ്രയേല്‍ സൈന്യവും 33 ഇസ്രയേല്‍ സൈനികരെ വകവരുത്തിയതായി ഹമാസും അവകാശപ്പെട്ടു. ഹമാസ് കേന്ദ്രമെന്ന് ആരോപിച്ച് ഗാസാ സിറ്റിയിലെ അല്‍ഷിഫാ ആശുപത്രിക്കുനേരെ ഇന്നലെയും വ്യോമാക്രമണമുണ്ടായി. അൽ‑റാന്റിസി കുട്ടികളുടെ ആശുപത്രിയിലെയും അൽ‑നാസർ ഹോസ്പിറ്റലിലെയും എല്ലാ സേവനങ്ങളും സ്തംഭിച്ചു. വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞമാസം ഏഴുമുതൽ 15,000 ലക്ഷ്യങ്ങളെങ്കിലും ആക്രമിച്ചതായി ഇസ്രയേൽ പറയുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും തീവ്രമായ ബോംബാക്രമണങ്ങളിലൊന്നാണിത്. വടക്കന്‍ ഗാസയില്‍ നിന്നും ആയിരക്കണക്കിന് പലസ്തീനികളുടെ പലായനം തുടരുകയാണ്. അതിനിടെ വടക്കന്‍ ഗാസ ഒഴിയുന്നതിന് ദിവസേന നാല് മണിക്കൂർ യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഹമാസിന്റെ തുരങ്കവും അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുകയാണ് സേനയുടെ ലക്ഷ്യമെന്ന് ഇസ്രയേലി പ്രതിരോധ സേന പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ 10,500 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ മുനമ്പില്‍ പരിക്കേറ്റ സാധാരണക്കാരെയും വിദേശികളെയും റാഫ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് എത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞതായും ഹമാസ് ആരോപിച്ചു.
അതേസമയം ഇസ്രയേലിനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ നഷ്ടമായിത്തുടങ്ങി. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇസ്രയേലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും സ്പെയിന്‍ ആവശ്യപ്പെട്ടു. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബെല്‍ജിയവും അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്ന് ഫ്രാന്‍സും ആവശ്യം ഉന്നയിച്ചു.
English Summary:Land warfare is strong; Temporary ceasefire for four hours a day
You may also like this video