Site iconSite icon Janayugom Online

വര്‍ഗീയ ശക്തികള്‍ക്ക് മുമ്പില്‍ കേരളം മുട്ടുമടക്കില്ല: മന്ത്രി പി എ മുഹമ്മദ് റിയാസ്

ma muhammedma muhammed

മതനിരപേക്ഷ കേരളം സംരക്ഷിക്കാന്‍ ഏതറ്റം വരെയും സര്‍ക്കാര്‍ പോകുമെന്നും വര്‍ഗ്ഗീയ ശക്തികള്‍ക്ക് മുമ്പില്‍ കേരളം മുട്ടു മടക്കില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം കടപ്പുറത്തെ ഫ്രീംഡ സ്‌ക്വയറില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം അപകടപ്പെടുത്താന്‍ സംസ്ഥാനത്ത് ബോധപൂര്‍വവമായ ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരം നീക്കങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍വതല സ്പര്‍ശിയായ സമഗ്ര വികസനമെന്ന കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

വൈവിധ്യപൂര്‍ണമായ വികസന പ്രവര്‍ത്തനങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ ഇടയിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തെ സംബന്ധിച്ച് വികസന കുതിപ്പിന്റെ ആറാം വര്‍ഷമാണിത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്നവര്‍ക്കും വികസനത്തിന്റെ ഗുണഫലം ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും സ്വന്തം പേരിലുള്ള ഭൂമിയില്‍ ജീവിക്കുവാനും സ്വന്തമായി കിടപ്പാടം ഉണ്ടാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി വികസന പദ്ധതികള്‍ നടപ്പാക്കിവരുന്നു. നല്ല വസ്ത്രം ധരിക്കാനും നല്ല ഭക്ഷണം കഴിക്കാനും നല്ല വിദ്യാഭ്യാസം നേടാനും നല്ല ചികിത്സ ഉറപ്പു വരുത്തുവാനുമുള്ള ജനങ്ങളുടെ അവകാശം സാക്ഷാത്കരിക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട പട്ടയ വിതരണവും ലൈഫും ആര്‍ദ്രവും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും തുടരുവാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത് ആ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയാണ്. അതോടൊപ്പം അതി ദരിദ്രരെയും പിന്നാക്കാവസ്ഥയിലുള്ളവരെയും കണ്ടെത്തി അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രത്യേക പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സര്‍ക്കാര്‍ സേവനം വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കി രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ അവരെ ചേര്‍ത്ത് നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങള്‍ക്കും സ്വീകരിക്കാവുന്ന ഒരു ബദല്‍ നയമാണ് നമ്മുടെ സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. എല്ലാ വികസന സൂചികകളിലും രാജ്യത്തെ ഒന്നാംനമ്പര്‍ സംസ്ഥാനമാണ് കേരളം. എന്നാല്‍ നമുക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ രീതിയില്‍ വളര്‍ത്തുവാന്‍ കഴിയുന്ന പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സുസ്ഥിരമായ ഒരു വികസന അന്തരീക്ഷം കേരളത്തില്‍ ഒരുക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഉന്നത വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഉതകുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഗവേഷണത്തിലധിഷ്ഠിതമായതും തൊഴിലധിഷ്ഠിതമായ നൂതന കോഴ്‌സുകള്‍ അവതരിപ്പിക്കും. ഐ ടി ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളും ഇതോടൊപ്പം മാറും.
പശ്ചാത്തല വികസനത്തിന് പുതിയ മാതൃകയായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന അര്‍ധ അതിവേഗ പാതയിലൂടെ ഈ സംസ്ഥാനത്തെ കാല്‍നൂറ്റാണ്ട് മുന്നിലേക്ക് നടത്തുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭാവി തലമുറയെക്കൂടി കണ്ടാണ് കെ ‑റെയില്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. കേരളത്തില്‍ ഭൂരിപക്ഷം ജനങ്ങളും ഇതിന്റെ ഗുണം മനസ്സിലാക്കികഴിഞ്ഞു. തെറ്റായ പ്രചരണങ്ങളില്‍ അകപ്പെട്ടുപോയവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പദ്ധതി മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിക്കുമെന്ന് സര്‍ക്കാരിന് ഉറച്ച വിശ്വാസമുണ്ട്. കെ — റെയിലിനായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തി. രണ്ടാം പിണറായി സര്‍ക്കാരിന്റേത് സമാനതകളില്ലാത്ത ഭരണ മുന്നേറ്റമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
എംഎല്‍എമാരായ കെ പി കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, കെ എം സച്ചിന്‍ദേവ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, ജില്ലാ ഡെവലപ്പ്‌മെന്റ് കമീഷണര്‍ അനുപം മിശ്ര, പബ്ലിക് റിലേഷന്‍സ് റീജിണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ സി അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ദീപ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Ker­ala will not kneel before com­mu­nal forces: Min­is­ter PA Moham­mad Riyaz

You may like this video also

Exit mobile version