അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ലീലാ മേനോന്‍ മാധ്യമ പുരസ്‌കാരത്തിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ സ്ത്രീജീവിതം സംബന്ധിച്ച് ‘കാട്ടുതീയിലെ പെൺപൂക്കൾ’ എന്ന ശീർഷകത്തിൽ ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരക്കാണ് അച്ചടി മാധ്യമത്തിലെ മികച്ച ഫീച്ചറിനുള്ള അവാർഡ്. നവംബർ മൂന്നിന് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പുരസ്‌കാരം സമർപ്പിക്കും.
പത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് ജോസ് പനച്ചിപ്പുറത്തിന് (മലയാള മനോരമ) ആണ്. പത്ര ഫോട്ടോഗ്രാഫിയിൽ ആർ ജയറാം (ജന്മഭൂമി), ദൃശ്യ മാധ്യമ റിപ്പോർട്ടിങ്ങിൽ റിയ ബേബി (മാതൃഭൂമി ന്യൂസ്), വീഡിയോഗ്രാഫിയിൽ രമേശ് മണി (മനോരമ ന്യൂസ്), സോഷ്യൽ മീഡിയ വിഭാഗത്തിൽ വടയാർ സുനിൽ (എബിസി മലയാളം) എന്നിവരും അവാർഡിന് അർഹരായി.
കെ കെ മധുസൂദനൻ നായർ, കെ ആർ ജ്യോതിർഘോഷ്, ടി സതീശൻ, പി വേണുഗോപാൽ, പി സുജാതൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

