റിലീസിന് തയ്യാറാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘കിരാത’യിലൂടെ മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്ന പ്രവാസിയായ നിർമ്മാതാവും നടനുമാണ് ഇടത്തൊടി ഭാസ്കരൻ. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയിൽ പേരൂർ ഗ്രാമത്തിലെ കർഷക കുടുംബമായ ഇടത്തൊടി തറവാട്ടിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ മികവു പുലർത്തിയിരുന്നു.
പേരൂർ എഎസ്ബിഎസ് എയ്ഡഡ് സീനിയർ ബേസിക് സ്കൂളിലെ വാർഷികാഘോഷ പരിപാടിക്ക് ഒരു നാടകത്തിൽ മുഴുനീള ഗൃഹനാഥ വേഷം അവതരിപ്പിച്ചു കൊണ്ടാണ് അരങ്ങിലേക്ക് രംഗപ്രവേശം ചെയ്തത്. പിന്നെ പത്തിരിപ്പാല ഗവ. ഹൈസ്കൂളിൽ വെച്ച് ‘ശുദ്ധമദ്ദളം’ എന്ന ഏകാംഗ നാടകം തുടങ്ങി നിരവധി നാടകങ്ങളിൽ അഭിനയിച്ചു. മികവുറ്റ പല കലാ-സാംസ്കാരിക പ്രകടനങ്ങളിലൂടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിരുന്നു.
1983ൽ സൗദി അറേബ്യയിൽ തൊഴിലിൽ വ്യാപൃതനായതോടെ കലാരംഗത്തു നിന്നും താല്‍ക്കാലികമായി വിട്ടുനിന്നു. എന്നാൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ഭാസ്കരൻ നിരവധി സേവന സന്നദ്ധ സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
ഔദ്യോഗിക മേഖലയിലെ പ്രവർത്തനങ്ങൾ
********************************************
ഗൾഫിൽ കഴിഞ്ഞ നാല്പത്തിമൂന്ന് വർഷത്തെ സെയിൽസ് ആന്റ് മാർക്കറ്റിങ് ലീഡർഷിപ്പ് ക്വാളിറ്റി കൈമുതലായുള്ള ഇടത്തൊടി ഭാസ്കരൻ എണ്ണയും പ്രകൃതി വാതകവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ അരാംകോയുടെ ഡ്രില്ലിംഗ് ഡിവിഷണുകളുടെ കേബിൾ ആന്റ് ആക്സസറീസ് സപ്ലൈസ്, ഡ്രില്ലിങ് കെമിക്കൽസ് എന്നിവ പ്രധാനമായും വിതരണം ചെയ്ത കമ്പനിയുടെ ട്രേഡിങ് ഡിവിഷണൽ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ യുണൈറ്റഡ് അറബ് എമിരേറ്റ്സിൽ ആസ്ഥാന ഓഫീസ് ഉള്ള അക്വാകെമി എന്ന സ്ഥാപനത്തിന്റെ സൗദി അരാംകോയ്ക്ക് വേണ്ടിയുള്ള ബിസിനസ് സർവീസിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു.
സാമൂഹിക, മാനുഷിക സേവനങ്ങൾ
**********************************
ലോകമെമ്പാടുമുള്ള മലയാളികളെ ബന്ധിപ്പിക്കുന്നതിനും പരസ്പരം ആശയവിനിമയം നടത്താനും സഹകരിക്കാനും കഴിയുന്ന വേൾഡ് മലയാളി കൗൺസിലി (WMC) ന്റെ സൗദി ദമാം പ്രവിശ്യയിലെ പ്രസിഡന്റായി 2014 മുതൽ 2016 വരെ പ്രവർത്തിച്ചു. പിന്നീട് WMC മിഡിൽ ഈസ്റ്റിന്റെ വൈസ് ചെയർമാനായും പ്രവർത്തിച്ചു. ബഹ്റൈൻ രാജ്യത്തിലെ വിവിധ ആശുപത്രികളിലേക്ക് രക്തം ദാനം ചെയ്യുന്ന നിരവധി പേർ അംഗങ്ങളായ സന്നദ്ധസംഘടനയായ ബ്ളഡ് ഡോണേഴ്സ് കേരള (BDK) യുടെ ബഹ്റൈൻ ചാപ്റ്ററിന്റെ രക്ഷാധികാരിയുമായിരുന്നു.
പുരസ്ക്കാര തിളക്കത്തിൽ
***********************
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങളിൽ പഠനങ്ങൾ നടത്തുന്ന പ്രമുഖ ഗവേഷണ പദ്ധതികളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് സ്റ്റഡീസ്’ നൽകുന്ന ‘പ്രവാസി ഭാരതി സിരോമണി പുരസ്കാർ’ അവാർഡ് ഇടത്തൊടി ഭാസ്കരനെ തേടിയെത്തുകയുണ്ടായി. 2024 ൽ കോൺഫെഡറേഷൻ ഓഫ് എൻആർഐ അസോസിയേഷൻ, ഡൽഹിയുടെ എൻആർഐ ഗ്ലോബൽ കർമ്മ ശ്രേഷ്ഠ എക്സലൻസ് അവാർഡും ഇടത്തൊടി ഭാസ്കരന് ലഭിച്ചു.
ഹ്രസ്വ ചിത്രങ്ങളിലൂടെ ബിഗ്സ്ക്രീനിലേക്ക്
*************************************
ഇടത്തൊടി ഫിലിംസിന്റെ ബാനറിൽ ഇതിനോടകം നാല് ഹ്രസ്വചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ബഹ്റൈനിൽ ആദ്യമായി ഒരുക്കിയ ഹ്രസ്വചിത്രമായിരുന്നു സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ് (Stars in the darkness). ഗർഭഛിദ്രത്തിനെതിരെ ശക്തമായ സന്ദേശം നൽകുന്ന ചിത്രം ബഹ്റൈനിലും കേരളത്തിലും ജനശ്രദ്ധയാകർഷിച്ചു. ഗർഭസ്ഥശിശുവിനെ എഐ സാങ്കേതിക സംവിധാനം കൃത്യമായി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു. മികച്ച ഷോർട്ട് ഫിലിമിനും പ്രവാസി നിർമ്മാതാവിനുമുള്ള സത്യജിത് റേ അവാർഡുകൾ ഈ ഹ്രസ്വചിത്രത്തിലൂടെ ലഭിച്ചു. കാലികപ്രസക്തമായ വിഷയവുമായെത്തിയ ‘അച്ഛൻമാഷി‘ലെ മികവുറ്റ പ്രകടനത്തിന് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച എം ആർ ഗോപകുമാറിന് മികച്ച നടനുള്ള അവാർഡും ലഭിച്ചു(ഈ ഹ്രസ്വ ചിത്രത്തിൽ ഇടത്തൊടി ഭാസ്കരൻ എം ആർ ഗോപകുമാറിനോടൊപ്പം ഒരു റോളിൽ അഭിനയിച്ചു).
തുടർന്ന് നിർമ്മിക്കപ്പെട്ട ആന്തോളജി ചിത്രമായ ഷെൽട്ടറിൽ ‘ഫേസസ് ഇൻ ഫേസസ് ’ (Faces in phases), ‘സ്റ്റെയിൽമേറ്റ്’ (Stalemate) തുടങ്ങിയ ചിത്രങ്ങൾക്ക് സംശ്ഥാന സർക്കാരിന്റെ സാംസ്കാരിക ഘടകവും കോൺടാക്ട് ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി പ്രകാശ് വടകര (ഫേസസ് ഇൻ ഫേസസ്), മികച്ച നടിയായി നീതു ജനാർദ്ദനൻ (ഫേസസ് ഇൻ ഫേസസ്), മികച്ച തിരക്കഥാകൃത്തായി ജയാമേനോൻ (സ്റ്റെയിൽമേറ്റ്) എന്നിവരും അവാർഡുകൾ കരസ്ഥമാക്കി.
ഇടത്തൊടി ഫിലിംസിന്റെ ബാനറിൽ ബഹ്റൈനിലും നാട്ടിലും റിലീസായ ഈ നാല് ഹ്രസ്വചിത്രങ്ങൾക്കു മുമ്പ് തന്നെ നാട്ടിൽ നിർമ്മാണം ആരംഭിച്ച ഒരു മുഴുനീള ചലചിത്രം ഇടത്തൊടി ഭാസ്കരൻ നിർമ്മിച്ച് ഉടൻ തീയേറ്ററുകളിൽ എത്തുന്ന ആക്ഷൻ ക്രൈം ത്രില്ലർ സിനിമയാണ് ‘കിരാത’. നവാഗതനായ റോഷൻ കോന്നി സംവിധാനം ചെയ്ത ചിത്രം, നിരവധി പുതുമുഖങ്ങളോടൊപ്പം എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ,അജയ് തുണ്ടത്തിൽ സംവിധായകൻ തുളസീദാസ്, ഡോ രജിത്കുമാർ, അരിസ്റ്റോ സുരേഷ്, രാജ്മോഹൻ, നീനാ കുറുപ്പ് വൈഗ റോസ് തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു. ചിത്രത്തിൽ ഇടത്തൊടി ഭാസ്കരനും ഒരതിഥി വേഷത്തിലെത്തുന്നു.
കുടുംബം
*******
ചന്ദ്രമതി ഭാര്യയും കിരൺ ഭാസ്കരനും അരുൺ ഭാസ്കരനും മക്കളും തീർത്ഥാ കിരൺ മരുമകളും രണ്ടു വയസുകാരി കാശ് വി കിരൺ കൊച്ചുമകളുമാണ്.

