Site iconSite icon Janayugom Online

ഗ്യാൻവാപി നൽകുന്ന പാഠം

ന്ത്യയുടെ മതനിരപേക്ഷതയ്ക്ക് വെല്ലുവിളി ഉയർത്തിയ ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാലെ മറ്റൊരു അവകാശവാദവുമായി വർഗീയ വിഘടനവാദികൾ ഗ്യാൻവാപി മസ്ജിദിൽ എത്തിയിരിക്കുന്നു. ഇത്തരം അനാവശ്യ അവകാശവാദങ്ങളുടെ ഉദ്ദേശലക്ഷ്യം രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയെ ദുർബലപ്പെടുത്തുകയും ജനങ്ങളെ മതവിദ്വേഷത്തിന്റെ പേരില്‍ വിഘടിപ്പിച്ചു നിർത്തുകയുമാണ്. ഗ്യാൻവാപി മസ്ജിദിനുള്ളിൽ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട വിശ്വഹിന്ദുപരിഷത്ത് കാശി ഘടകത്തിന്റെ വാദം, രാജ്യത്ത് നിലനില്ക്കുന്ന മതനിരപേക്ഷ നിയമങ്ങളുടെ നഗ്നമായ ലംഘനവും ഭരണഘടനയുടെ അനുച്ഛേദം 25 അനുസരിച്ച് മതപരമായ ആചാരങ്ങൾ നടത്താനുള്ള ഒരു മതവിഭാഗത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്. ഭരണഘടന നല്കുന്ന ആരാധനാസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നതിന് ഇത്തരക്കാരെ പ്രേരിപ്പിച്ചത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നടന്ന ബാബരി മസ്ജിദ് സംഭവം ആയിരുന്നു എന്നതിൽ സംശയമില്ല.
ബാബരി മസ്ജിദ് ഇന്ത്യൻ മതനിരപേക്ഷതയ്ക്കേറ്റ ഏറ്റവും വലിയ മുറിവായി എല്ലാവരും സമ്മതിക്കുമ്പോൾ മറ്റൊരു ബാബരി മസ്ജിദ് ഇന്ത്യയിൽ ആവർത്തിക്കില്ല എന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ വാക്കുകൾക്ക് ഒരു പ്രസക്തിയും ഇല്ല എന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനം തെളിയിച്ചിരിക്കുന്നു. ഗ്യാൻവാപി മസ്ജിദിൽ ആരാധനാസ്വാതന്ത്ര്യം വേണം എന്ന അവകാശവാദം ചരിത്രപരമായും നിയമപരമായും നിലനില്ക്കുന്ന ഒന്നല്ല. സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിൽ സൂചിപ്പിച്ചതുപോലെ എല്ലാ മതങ്ങളോടും സമഭാവനയോടെയും സഹവർത്തിത്വത്തോടുകൂടിയും പെരുമാറുന്ന ഹിന്ദുമതത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട ഒരു നടപടിയല്ല ഇവിടെ സംഭവിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഗ്യാന്‍വാപി വിവാദം നല്‍കുന്ന സൂചനകള്‍


മതസ്പർധകാരണം മറ്റു രാജ്യങ്ങളിൽ വിചാരണ നേരിടേണ്ടിവന്നവര്‍ക്ക് അഭയം നല്‍കിയ രാജ്യമാണ് ഭാരതം. ആ ചരിത്രം നിലനില്ക്കുന്ന ഇന്ത്യയിൽ ഇത്തരം അവകാശവാദത്തിന് പിന്നിലുള്ള രാഷ്ട്രീയ അജണ്ടകളാണ് പരിശോധിക്കപ്പെടേണ്ടത്. ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നടക്കുന്ന അവകാശവാദം മാത്രമാണ് ഗ്യാൻവാപിയിൽ സംഭവിച്ചിരിക്കുന്നത് എന്ന സത്യം മനസിലാക്കേണ്ടതുണ്ട്. നിയമവാഴ്ചയെ അസ്ഥിരപ്പെടുത്തുവാൻ കഴിയുന്ന ഇത്തരം അവകാശവാദങ്ങൾ ഭാവിയിൽ ഉണ്ടാവാതിരിക്കേണ്ടത് അത്യാവശ്യമാണ്.
രാജ്യത്തിന്റെ അഖണ്ഡതയേയും ഏകതയേയും ജനങ്ങളുടെ സാഹോദര്യത്തേയും ചോദ്യം ചെയ്യുന്ന ഇത്തരം ആശയഗതികളെ എതിർത്തു തോല്പിക്കേണ്ടത് ഓരോ മതേതരവാദികളുടെയും ഉത്തരവാദിത്തമാണ്. ഒരു ആരാധനാലയത്തിനുള്ളിൽ മറ്റൊരു മതവിഭാഗത്തിന് ആരാധനാസ്വാതന്ത്ര്യം വേണം എന്ന അവകാശവാദം ആരാധനാലയങ്ങളുടെ സംരക്ഷണ നിയമം 1991ന് എതിരാണ്. ഒരു മതനിരപേക്ഷ രാഷ്ട്രം എന്ന നിലയിൽ രാജ്യത്തെ ആരാധനാലയങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി 1991 ൽ നിലവിൽ വന്ന നിയമമാണിത്. ആരാധനാലയങ്ങൾക്ക് നേരെയുണ്ടാകുന്ന കടന്നുകയറ്റങ്ങൾ തടയുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരാൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിനെ പ്രേരിപ്പിച്ചത്. ബാബരി മസ്ജിദ് പോലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കാതിരിക്കുക എന്ന ഉദ്ദേശലക്ഷ്യവും ഈ നിയമത്തിന് പിന്നിലുണ്ട്.


ഇതുകൂടി വായിക്കൂ: ഗ്യാൻവാപി ഉയർത്തുന്ന ചോദ്യങ്ങൾ


ഈ നിയമത്തിന്റെ സെക്ഷൻ നാല് അനുസരിച്ച് നിലവിലുള്ള ആരാധനാലയങ്ങളിലേക്ക് മറ്റ് മതവിഭാഗത്തിൽപ്പെട്ടവർ കടന്നുകയറുകയും നശിപ്പിക്കുകയും ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു.
ഇത്തരം ആവശ്യങ്ങൾ രാജ്യത്തെ കോടതികളുടെ പരിഗണനാവിഷയമായി കൊണ്ടുവരാൻ പാടില്ലായെന്നും നിയമം പറയുമ്പോഴാണ് ഇങ്ങനെയുള്ള അവകാശവാദവുമായി തല്പരകക്ഷികൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മൂന്നു വർഷം ജയിൽ ശിക്ഷയും പിഴയും നൽകുവാൻ കഴിയുന്ന കുറ്റം തന്നെയാണ് ഇവരുടെ ഈ അവകാശവാദവും. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കേണ്ട രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി, ആരാധനാലയങ്ങളുടെ സംരക്ഷണ നിയമവും ഭരണഘടനയും അതിന്റേതായ പൂർണ അർത്ഥത്തിൽ വ്യാഖ്യാനിച്ചുകൊണ്ട് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നിലയ്ക്കുനിർത്തുമെന്ന് പ്രത്യാശിക്കാം.


ഇതുകൂടി വായിക്കൂ: ഗ്യാന്‍വാപി മസ്ജിദ് അടുത്ത അയോധ്യ


ഞ്ച് ഹിന്ദു സ്ത്രീകളാണ് മസ്ജിദിനുള്ളിലെ ശൃംഗര്‍ ഗൗരീസ്ഥാനത്ത് ആരാധിക്കാന്‍ അനുമതി വേണമെന്ന ആവശ്യം ഉന്നയിച്ച് വാരാണസിയിലെ ജില്ലാ കോടതിയെ സമീപിച്ചത്. മസ്ജിദ് സമുച്ചയത്തില്‍ ശിവലിംഗത്തോട് സാമ്യമുള്ള ഒരു നിര്‍മ്മിതി കണ്ടെത്തിയതായി നേരത്തെ തന്നെ ഹിന്ദുത്വവാദികള്‍ അവകാശവാദം നിരത്തുകയും ചെയ്തിരുന്നു. ഇത് ജലധാരയാണെന്നും ശിവലിംഗമല്ലെന്നും മസ്ജിദ് കമ്മിറ്റിയും വാദിച്ചു. ഇവര്‍ക്കായി 51 വാദങ്ങളും കോടതിയില്‍ അഭിഭാഷകന്‍ സമര്‍പ്പിച്ചു. ഈമാസം 12ന് കോടതി ഇരുവിഭാഗത്തിന്റെയും വാദം കേള്‍ക്കും. മാധ്യമങ്ങളടക്കം നിയമമേഖലയ്ക്കുപുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കാതെയാണ് കഴിഞ്ഞ ദിവസത്തെ കോടതി നടപടികള്‍. അഭിഭാഷകരും ഹര്‍ജിക്കാരും ഉള്‍പ്പെടെ 40 പേര്‍മാത്രമായിരുന്നു കോടതിക്കുള്ളില്‍. 12നും തല്‍സ്ഥിതി തുടര്‍ന്നേക്കാം.
സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ് കേസിലെ എല്ലാ നടപടികളും. നേരത്തെ സിവില്‍ കോടതിയിലുണ്ടായിരുന്ന മുഴുവന്‍ രേഖകളും സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യം കോടതി പരിഗണിക്കുന്നത്, പ്രാര്‍ത്ഥനയ്ക്ക് അനുവാദം തേടിയുള്ള ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേള്‍ക്കാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതായിരിക്കും. മസ്ജിദ് കമ്മിറ്റിയുടെ വാദത്തില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്, 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്ന്.
പള്ളിയില്‍ ശിവലംഗം കണ്ടെത്തിയെന്ന് പറയുന്ന ഭാഗം അടച്ചുമുദ്രവയ്ക്കാനും ഇവിടെ സിആര്‍പിഎഫിനെ വിന്യസിച്ച് സന്ദര്‍ശകരെ നിയന്ത്രിക്കാനും ‍ സിവില്‍ കോടതി ജഡ്ജ് ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടത് വലിയ സംവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച സുപ്രീം കോടതി, പള്ളിയിലേക്ക് മുസ്‌ലിം വിശ്വാസികള്‍ക്ക് പ്രവേശിക്കാനോ പ്രാര്‍ത്ഥന നടത്തുന്നതിനോ യാതൊരു തടസവും സൃഷ്ടിക്കരുതെന്നും ഉത്തരവിട്ടത് സമാധാനത്തിനാണ് വിത്തുപാകിയത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലായി നിലനിന്ന സംഘര്‍ഷാവസ്ഥയ്ക്ക് ശമനമായി. നീതിന്യായ കോടതികളുടെ ഇത്തരം സമാധാന നീക്കങ്ങള്‍ രാജ്യത്തെയാകെയാണ് ആശ്വസിപ്പിക്കുന്നത്.

Exit mobile version