കേരളത്തിന്റെ സമ്പദ്ഘടനയില്‍ 33 ശതമാനം പങ്കുവഹിക്കുന്ന ലോകത്തെമ്പാടുമുള്ള പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടിയാണ് കേരള സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ലോകകേരള സഭ ചേരുന്നത്. 140 എംഎല്‍എമാരെയും സംസ്ഥാനത്തുനിന്നുള്ള എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച മൂന്നാം ലോകകേരള സഭ ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. പ്രവാസലോകത്ത് ഗാര്‍ഹിക ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളി മുതല്‍ കേരളത്തിന്റെ ഉന്നതനായ വ്യവസായി യൂസഫലിയും രവിപിള്ളയും വരെ, ലോകമെമ്പാടുമായി വിവിധ മേഖലയില്‍ തൊഴിലെടുക്കുന്ന മലയാളികളെ പ്രതിനിധീകരിച്ച് നടന്നതാണ് ഈ മഹാസമ്മേളനം.. ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും പൂര്‍ണമായി സത്യസന്ധത ഉള്ളതും അംഗീകരിക്കപ്പെടാന്‍ പോകുന്നതുമാണ്. തൊഴില്‍ അന്വേഷിച്ച് വിദേശത്ത് പോകുന്ന നമ്മുടെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനങ്ങള്‍ നല്കാന്‍ കഴിയും. അവര്‍ ഏത് ഭാഷയാണ് പഠിക്കേണ്ടത്, അവര്‍ക്ക് എങ്ങനെയാണ് ട്രെയിനിങ്ങുകള്‍ കൊടുക്കുക എന്നതായിരുന്നു ചര്‍ച്ച.
ഭാഷ, പ്രത്യേകിച്ച് ഇംഗ്ലീഷ്, അറബി തുടങ്ങി ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നവ പഠിപ്പിക്കാനും ലോകത്ത് ഇന്ന് കിട്ടുന്ന തൊഴില്‍ സാധ്യതകള്‍ എന്തെല്ലാമാണെന്നുള്ളത് അവരെ പരിചയപ്പെടുത്താനും എങ്ങനെ സാധിക്കുമെന്നതായിരുന്നു ചര്‍ച്ചകളിലൊന്ന്. രണ്ടാമത്തേത് വിദേശ മലയാളികള്‍ക്ക് ഇന്നുണ്ടാകുന്ന സമ്പത്ത് ഏതെല്ലാം രീതിയില്‍ വിനിയോഗിക്കാം, എങ്ങനെ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും ഗുണപരമാക്കാം, മാറ്റങ്ങള്‍ വരുത്താം എന്നിവയുമായിരുന്നു. പ്രധാനമായും വിദ്യാഭ്യാസ മേഖലയിലും രണ്ടാമതായി തൊഴില്‍ മേഖലയിലും മൂന്നാമത് കാര്‍ഷിക മേഖലയിലുമാണ് ചര്‍ച്ചകളുണ്ടായത്. ഇതിനെയെല്ലാം കുറിച്ച് സമഗ്രമായ ചര്‍ച്ചയും തീരുമാനങ്ങളും അവിടെയുണ്ടായി. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ വരാന്‍പോകുന്നവരെ നമുക്ക് എങ്ങനെ സഹായിക്കാം, അവരുടെ പദ്ധതികളെ എങ്ങനെ നടപ്പിലാക്കാം എന്നുള്ളതായിരുന്നു മറ്റൊരു ചര്‍ച്ച. അതും വളരെ ദീര്‍ഘവീക്ഷണത്തോടുകൂടി. അതില്‍ ആരെയെല്ലാം ഉള്‍പ്പെടുത്താം എന്നുള്ളതിനെക്കുറിച്ചും സമഗ്രമായ ചര്‍ച്ച നടത്തി തീരുമാനങ്ങളെടുത്തു. ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ നില്ക്കുന്ന പ്രവാസികള്‍ക്ക് അവരുടെ ക്ഷേമനിധിയില്‍ നിന്നുമുള്ള പെന്‍ഷന്‍ എത്ര വര്‍ധിപ്പിക്കാം, അതില്‍ അംഗമാകാത്തവരെ എങ്ങനെ അംഗമാക്കാം എന്നുള്ളതിനെക്കുറിച്ചും ധാരണയുണ്ടാക്കി.
നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം, ക്ഷേമനിധിയിലെ പ്രവര്‍ത്തനങ്ങളും മലയാളമിഷന്റെ പ്രവര്‍ത്തനങ്ങളും എങ്ങനെ മെച്ചപ്പെടുത്താം എന്നിങ്ങനെ വളരെ ദീര്‍ഘമായ ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടായി. ലോകത്തെമ്പാടുമുള്ള മലയാളികളെക്കുറിച്ച് പ്രത്യേകിച്ച്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ എത്രപേരുണ്ടെന്നോ അവര്‍ ആരൊക്കെയാണെന്നോ ഉള്ള കൃത്യമായ ഒരു കണക്ക് നമ്മുടെ സംസ്ഥാനത്തോ രാജ്യത്തോ ഇല്ല. എന്നാല്‍ കേരളത്തിലെങ്കിലും മുഴവന്‍പേരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡാറ്റ എങ്ങനെ ഉണ്ടാക്കുമെന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അതിന് തീരുമാനവും ഉണ്ടാകും.
വിദേശങ്ങളില്‍ ജോലി തേടി പോയവരുടെ വിവരങ്ങളുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ഇതര സംസ്ഥാനത്തിലും യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും മലേഷ്യയിലും മറ്റും അവിടെ പൗരത്വം സ്വീകരിച്ച് ജീവിതം നയിക്കുന്ന കുടിയേറ്റക്കാരേറെയാണ്. ഇവര്‍ മലയാളികളാണെന്നും ഇന്ത്യക്കാരാണെന്നും കൃത്യതയില്ല. ഇന്ത്യയില്‍ വേരുകളുള്ള എത്രപേരുണ്ട് എന്ന വ്യക്തമായ വിവരങ്ങള്‍ നമ്മളുണ്ടാക്കണം. ഇതിന് സാധ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു ഉറപ്പ് കേരളത്തിന്റെ മുഖ്യമന്ത്രി ലോകകേരള സഭയില്‍ നല്‍കിയിട്ടുണ്ട്.
ഇത് വെറുമൊരു ചര്‍ച്ചയല്ല, തുടരുന്ന പ്രവര്‍ത്തനമാണ്. കേരളത്തിന്റെ എംപിമാര്‍, നിയമസഭാ അംഗങ്ങള്‍, ചീഫ് സെക്രട്ടറി എന്നിവരും പ്രധാന ഉദ്യോഗസ്ഥന്മാരും കലാ-സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും സാന്നിധ്യമറിയിച്ച വേദികളിലാണ് ചര്‍ച്ചയും തീരുമാനങ്ങളും ഉണ്ടാകുന്നത്. കേരളത്തിന്റെ സമഗ്രമായ മാറ്റത്തിന്, ഈ രാജ്യത്തുണ്ടാകാന്‍ പോകുന്ന മാറ്റത്തിന് കാല്‍വയ്പായാണ് ലോകകേരള സഭയെ കണക്കാക്കുന്നത്. കേരളത്തില്‍ ജോലി നഷ്ടപ്പെട്ട് വന്ന പ്രവാസികളുടെ പ്രതിനിധി എന്ന നിലയിലാണ് എനിക്ക് ലോകകേരള സഭയിലെ അംഗമാകാന്‍ കഴിഞ്ഞത്. ചര്‍ച്ചയിലും മറ്റും പങ്കെടുക്കാനുമായി. ഇന്ന് 3000–3500 രൂപയോളം പെൻഷന്‍ കിട്ടുന്നുണ്ട്. കേരളത്തിലെ എല്‍ഡിഎഫ് ഗവര്‍ണ്മെന്റ് പ്രവാസികളോട് കാണിച്ച ഏറ്റവും വലിയ കരുണയാണത്.
വീഴ്ചകളും കുറവുകളുമുണ്ട്, തെറ്റുകളും കുറ്റങ്ങളുമുണ്ട്. അതൊക്കെ തിരുത്തിക്കൊണ്ട് മുന്നോട്ടു പോകുവാന്‍ വളരെ സമഗ്രമായ ചര്‍ച്ചയും തീരുമാനങ്ങളുമാണുണ്ടായത്. അതില്‍ ഒരു ധൂര്‍ത്തും കണ്ടില്ല. വിദേശ മലയാളികള്‍ക്ക് ആഹാരം നല്‍കുകയുണ്ടായി. അത് വിദേശ മലയാളികളായ വ്യവസായ പ്രമുഖര്‍ സംഭാവന ചെയ്തതാണ്. കേരള ഗവണ്മെന്റ് വളരെ തുച്ഛമായ പൈസ മാത്രമാണ് ചെലവഴിച്ചത്.
കേരളത്തിനെ കേരളമാക്കിയത് കര്‍ഷകരും തൊഴിലാളികളുമാണെങ്കില്‍ 1970ന് ശേഷം ഈ സംസ്ഥാനത്തിന്റെ സാര്‍വത്രികമായ വികസനത്തിന് എല്ലാ മേഖലയിലും എത്തപ്പെട്ട വിഭാഗമാണ് പ്രവാസി മലയാളികള്‍. അവര്‍ക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് ഉതകുന്ന ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അതുതന്നെയാണ് ലോകകേരള സഭയുടെ വിജയവും. ലോകത്തെമ്പാടുമുള്ള മലയാളികളുടെ വിഷയത്തില്‍ ഇടപെടാന്‍ ലോകകേരള സഭ രൂപീകരിക്കുകയും മൂന്നാം വര്‍ഷവും വിജയകരമായി വിളിച്ചുചേര്‍ക്കുകയും ചെയ്ത കേരള സര്‍ക്കാരിന് പ്രവാസി ഫെഡറേഷന്റെ അഭിവാദ്യങ്ങള്‍ നേരുന്നു.