Site iconSite icon Janayugom Online

അഡ്‌ലെയ്ഡില്‍ അടിതെറ്റി; ഇന്ത്യ 180ന് പുറത്ത്

പിങ്ക് പന്തില്‍ മികച്ച റെ­ക്കോ­ഡുള്ള ഓസ്ട്രേലിയ ഒരിക്കല്‍ കൂടി ആധിപത്യം തെളിയിച്ചു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 180 റണ്‍സിന് ഓള്‍ഔട്ടാക്കി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. പാറ്റ് കമ്മിന്‍സും സ്കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സുമായി നഥാന്‍ മക്‌സ്വീനിയും 20 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍. ഇ­ന്ത്യന്‍ സ്‌കോറിന് 94 റണ്‍സ് മാത്രം പിന്നിലാണ് ഓസീസ്. 13 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖ­വാജയുടെ വിക്കറ്റാണ് ഓ­സീസിന് നഷ്ടമായത്. ജ­സ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ മിച്ചൽ സ്റ്റാർക്കിന്റെ പേസ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. 14.1 ഓവറിൽ 48 റൺസ് വിട്ടുകൊടുത്ത് സ്റ്റാർക്ക് ആറു വിക്കറ്റ് വീഴ്ത്തി. നിതീഷ് കുമാർ റെഡ്ഡിയാണ്(42) ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. കെ എൽ രാഹുൽ(37) റൺസെടുത്തു.
ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റ് നഷ്ടത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കെ എല്‍ രാഹുല്‍ — ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സ് വരെയെത്തിച്ചു. എന്നാല്‍ 37 റ­ണ്‍സെടുത്ത രാഹുലിനെ മടക്കി സ്റ്റാര്‍ക്ക് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിവെട്ടി. വിരാട് കോലി (7), ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (3) എന്നിവര്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി. 31 റണ്‍സെടുത്ത് ഭേദപ്പെട്ട ഇന്നിങ്സിന്റെ സൂചന നല്‍കിയ ഗില്ലിനെ സ്‌കോട്ട് ബോളണ്ടും പുറത്താക്കി. പിടിച്ചുനില്‍ക്കുമെന്നു തോന്നിച്ച റിഷഭ് പന്താണ് ആറാമനായി കൂടാരം കയറിയത്. താരത്തെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലാബുഷെയ്നിന്റെ കൈകളില്‍ എത്തിച്ചു. 21 റണ്‍സാണ് പന്ത് നേടിയത്. പിന്നീട് ക്രീസിലെത്തിയ ആര്‍ അശ്വിന്‍ 22 പന്തില്‍ 22 റണ്‍സെടുത്തു മടങ്ങി. ഹര്‍ഷിത് റാണയും ജസ്പ്രിത് ബുംറയും റണ്ണൊന്നുമെടുക്കാതെയും പുറത്തായി. 

Exit mobile version