Site iconSite icon Janayugom Online

♥ പ്രണയത്തിന്റെ മഴവില്‍ ലോകം

lovelove

” തണുത്ത രാത്രി എന്റെ ചിറകുകളെ തണുപ്പിക്കുമ്പോൾ ഞാൻ എന്റെ ഇണയെത്തേടും. പാരിജാതങ്ങൾക്കിടയിലൂടെ ഞാൻ മെല്ലെ പ്പറക്കും…”

-മാധവിക്കുട്ടി

അസാമാന്യമായ പ്രണയഭാവനകളാൽ ലോക മലയാളികളെ പ്രലോഭനങ്ങളിലാഴ്ത്തിയ മാധവിക്കുട്ടിയുടെ പ്രണയ വചനങ്ങൾ സാഹിത്യതല്പരർ മാത്രമല്ല പ്രണയിതാക്കളും ഉള്ളിൽ വഹിക്കുന്നു. പ്രണയത്തെ വിശുദ്ധമെന്നു കല്പിക്കുന്നവരാണ് നമ്മളിൽ പലരും. ശരീരത്തോടും കലയോടും സൗന്ദര്യത്തോടും പ്രണയം തോന്നാം. ആണും പെണ്ണും തമ്മിലുള്ള വൈകാരികമായ ബന്ധത്തെയാണ് പ്രണയമെന്ന സംജ്ഞയിൽ വിവക്ഷിച്ചിരുന്നത്. അങ്ങനെ ഒരു ബോധം സൃഷ്ടിക്കപ്പെട്ടിരുന്നു. ഷാജഹാനും മുംതാസും വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും സലിയും അനാർക്കലിയും തുടങ്ങിയ നിരവധി ബന്ധങ്ങൾ പ്രണയത്തിന്റെ മകുടോദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. ഐതീഹ്യ പുരാണ കഥകളിലും പ്രണയത്തിനു മികച്ച ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും. നള ദമയന്തിമാരും ശകുന്തള ദുഷ്യന്തനും അർജ്ജുനൻ സുഭദ്രയുമെല്ലാം… എന്നാൽ ആൺ പെൺ പ്രണയത്തിൽ നിന്നും വിഭിന്നമായി പെൺ പെൺ പ്രണയവും ആൺ ആൺ പ്രണയവും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പ്രണയത്തിന്റെ മഴവിൽ ലോകത്തെക്കുറിച്ചു ഒരു അവലോകനം

 

♥  ആണുങ്ങള്‍ തമ്മിലും പെണ്ണുങ്ങള്‍ തമ്മിലും പ്രണയിച്ചാലെന്താ? 

 

പ്രണയം നൈസർഗികവും ജൈവികവുമാണ്. അത് കാമനകളുടെ പൂർത്തികരണത്തിലേക്ക് നയിക്കുന്ന ഊർജം കൂടിയാണ്. പ്രണയമെന്നാൽ ആണും പെണ്ണും തമ്മിലുള്ള പ്രണയം ആണെന്ന പൊതുബോധം ഇന്ത്യൻ സമൂഹത്തിൽ ദൃഢമാണ്. പ്രത്യുൽപ്പാദനപരമായ വംശവർദ്ധനവിന് ഉപയുക്തമായ സ്ത്രീ പുരുഷ ബന്ധത്തിനാണ് പൊതു സ്വീകാര്യതയും സാമൂഹ്യ മാന്യതയും എന്നാണ് കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ സ്ത്രി പുരുഷേതര പ്രണയ രതിബന്ധങ്ങൾ എല്ലാം തന്നെ ചോദ്യം ചെയ്യപ്പെടുന്നു.

തിരസ്കരിക്കപ്പെടുന്നു. മറ്റൊരു തരം ജീവിതം സാധ്യമാണ് എന്ന കാഴ്ചപ്പാടിനെ സഹിഷ്ണുതയോടെ അംഗീകരിക്കാൻ മലയാളി സമൂഹം വളർന്നിട്ടില്ല. മതബോധങ്ങളും സദാചാര സങ്കൽപ്പനങ്ങളും യാഥാസ്ഥിതികത്വങ്ങളുമൊക്കെ അതിപ്രണയത്തിന്റെ പിന്നിലുള്ള കാര്യകാരണങ്ങളാണ്. ആണും പെണ്ണും പ്രണയിക്കുന്നതു പോലെ ആർക്കും ആരെയും പ്രണയിക്കാം. ആണും ആണും പ്രണയിക്കും. പെണ്ണും പെണ്ണും പ്രണയിക്കും…

അതിലൂടെ പ്രണയത്തിന്റെ പുതിയൊരു ലോകം തുറക്കപ്പെടുന്നു. ഏതൊരു തലത്തിലുള്ള പ്രണയ കാമനയും പ്രണയം തന്നെയാണ്. സാമ്പ്രദായിക ലിംഗഭേദ യുക്തികൾ കൊണ്ട് വിചാരണ ചെയ്യുന്നവരാണ് എല്ലാത്തിനെയും അവമതിക്കുന്നത്.

 

♥  സ്വവർഗ്ഗാനുരാഗങ്ങൾ

 

ഒരേ ലിംഗവർഗത്തിൽ പെട്ടവർ തമ്മിലുണ്ടാകുന്ന ബന്ധത്തെയാണ് സ്വവർഗാനുരാഗം എന്ന് നിർവചിക്കുന്നത്. സ്വവർഗ പ്രണയം സ്വവർഗ രതി സ്വലിംഗ രതി എന്നിങ്ങനെ അനവധി പേരുകളിൽ ഇത് അറിയപ്പെടാറുണ്ട്.

ആണും പെണ്ണും തമ്മിലുള്ള പ്രണയത്തിനൊപ്പം തന്നെ ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയങ്ങൾ നിലനിൽക്കുന്നു.

ആൺ പ്രണയിതാക്കൾ ഗേ / പുരുഷ സ്വവർഗാനുരാഗികൾ എന്നറിയപ്പെടുന്നു. പെൺ പ്രണയിതാക്കൾ ലെസ്ബിയൻ / സ്ത്രീ സ്വവർഗാനുരാഗികൾ എന്ന് സംബോധന ചെയ്യപ്പെടുന്നു. ഭിന്ന വർഗലൈംഗികതയുടെ ശത്രു സ്ഥാനത്ത് നിൽക്കപ്പെടുന്ന ഒന്നാണ് സ്വവർഗാനുരാഗം. ഏതെങ്കിലുമൊരു ഫാഷൻ ട്രെൻഡിന്റെ ഭാഗമായി പാശ്ചാത്യ ലോകത്ത് ഉയിർ കൊണ്ട അത്ഭുത പ്രതിഭാസമൊന്നുമല്ല സ്വവർഗ രതി.

 

ഗ്രീക്ക് — റോമൻ സംസ്കാരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ സ്വവർഗാനുരാഗികളായ യവന ദേവൻമാരെ കണ്ടെത്തുവാൻ കഴിയും. ഇന്ത്യൻ പുരാണങ്ങളിലും സമാനമായ രീതിയിൽ ‘സ്വവർഗാനുരാഗത്തിന്റെ പശ്ചാത്തലങ്ങൾ കാണുവാൻ കഴിയുന്നതാണ്. സ്വവർഗാനുരാഗത്തെ സംബന്ധിച്ച് പൊതു മണ്ഡലത്തിൽ അനവധി തെറ്റിദ്ധാരണകൾ പ്രചരിക്കുകയും നില നിൽക്കുകയും ചെയ്യുന്നുണ്ട്. വാസ്തവത്തിൽ സ്വവർഗാനുരാഗത്തിന് പിന്നിൽ ജനിതകപരമായ കാര്യ കാരണങ്ങളുണ്ട് എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. സ്വവർഗാനുരാഗങ്ങൾ പൊതു വിടത്തിൽ തുറന്നു പറഞ്ഞ് ഇമേജ് ബ്രേക്ക് ചെയ്യുന്ന രീതി ശാസ്ത്രം നിലവിലുണ്ട്. ഇത്തരത്തിൽ ഐഡന്റിറ്റി വിളിച്ചു പറയുന്നതിനെയാണ് കമിംഗ് ഔട്ട് എന്നു പറയുന്നത്. ഗേ/ലെസ്ബിയനുകൾ ഏകദേശം പത്തു ശതമാനത്തിനടുത്തു വരുന്നവരേ കമിങ്ങ് ഔട്ട് ചെയ്തിട്ടുള്ളു. ഭൗതിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിന്റെ പേരിൽ മാത്രം ഐഡന്റിറ്റി ഒളിച്ചു കഴിയേണ്ടി വരുന്ന അനേകർ നമുക്കിടയിൽ തന്നെയുണ്ട്.

 

♥  ലൈംഗികതയിലെ മഴവിൽ വർണങ്ങൾ

 

ഗേ/ലെസ്ബിയൻ / ട്രാൻസ് വിഭാഗങ്ങൾ തുടങ്ങിയവരുടെ പ്രണയ സൗഹൃദങ്ങളാണ് മഴവിൽക്കുടയിലുള്ളത്. ട്രാൻസ് ജന്ററുകളെ പൊതുമണ്ഡലത്തിൽ അതിവേഗം ദർശിക്കുവാൻ കഴിയും. അതേ സമയം ഗേ/ലെസ്ബിയനുകളെ അതിവേഗത്തിൽ പൊതുമണ്ഡലത്തിൽ ഐഡന്റി ഫൈ ചെയ്യാനാകില്ല. ലൈംഗിക സ്വത്വം വെളിപ്പെടുത്തിയ ആൺ സ്വവർഗാനുരാഗികളേയും പെൺ സ്വവർഗാനുരാഗികളേയും

ചെറിയൊരളവിൽ കേരളീയ സമൂഹത്തിൽ കണ്ടെത്താവുന്നതാണ്. ക്വീയർ ആക്ടിവിസ്റ്റുകാരായ ഡോ ജിജോ കുര്യാക്കോസ്, കിഷോർ കുമാർ, പ്രിജിത്ത്, വ്യാസ്, സോനു, നികേഷ് ഉൾപ്പെടെയുള്ള അനുരാഗികൾ, രേഷ്മ, സഞ്ജന, സിന്ധ്യ, വിദ്യ ഉൾപ്പെടെയുള്ള സ്ത്രീ സ്വവർഗ്ഗാനുരാഗികൾ, അതോടൊപ്പം നിൽക്കുന്ന മറ്റനേകം പ്രണയിതാക്കൾ എന്നിവരെല്ലാം മഴവിൽക്കുടയ്ക്കുള്ളിൽ നിൽക്കുന്നു. സ്ത്രീ– പുരുഷ ബന്ധമെന്ന സാമ്പ്രദായിക രീതിശാസ്ത്രത്തെ തന്നെ മഴവിൽ പ്രണയങ്ങൾ അപ്രസക്തമാകുന്നു. പ്രത്യുൽപ്പാദനത്തിന്റെ ബാധ്യതകളില്ലാതെ തന്നെ പ്രണയകാ മനകളുടെ ലോകത്ത് സ്വതന്ത്രമായി ഇടപെടുവാൻ മഴവിൽ പ്രണയിതാക്കൾക്കു കഴിയുന്നു. ജാതി-മത രഹിതമായൊരു നവ മണ്ഡലത്തെക്കൂടി ഇത്തരം പ്രണയങ്ങൾ അ ഡ്രസു ചെയ്യുന്നുണ്ട്.

കാഴ്ചയുടെ പൊതു ഭാവനകൾ

 

ആൺ/പെൺ സ്വവർഗാനുരാഗങ്ങളെ അവയുടെ തീഷ്ണതകൾ ചോർന്നു പോകാതെ വെള്ളിത്തിരയിലും കടലാസിലും രചയിതാക്കൾ പകർന്നു വയ്ക്കുന്നുണ്ട്. സ്വവർഗ്ഗാനുരാഗത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ട രചനകളുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നു വേർപെട്ടു നിൽക്കുന്ന രചനകളുമുണ്ട്. തകഴി, മാധവിക്കുട്ടി, കെ പി രാമനുണ്ണി,സി വി ബാലകൃഷ്ണൻ, കെ ആർ മീര, ചന്ദ്രമതി, പ്രമോദ് രാമൻ, സി എസ് ചന്ദ്രിക, ഇന്ദുമേനോൻ, ഷാഹിന ഇ കെ, ബി മുരളി, വി ആർ സുധീഷ് ഉൾപ്പെടെയുള്ളവർ സ്വവർഗ പ്രണയ കാമനകളെ കഥാഭൂമികയിൽ അടയാളപ്പെടുത്തിയവരാണ്. “കുടുംബം, സദാചാരം എന്നീ ഘടനകൾക്കു പുറത്ത് നിൽക്കുന്നവയാണ് ഗേ/ലെസ്ബിയൻ ബന്ധങ്ങൾ. കുടുംബ സംവിധാനങ്ങൾക്കുള്ളിൽ പരിപാലിക്കപ്പെടുന്ന അധികാരഘടനകളെ ഗേ/ലെസ്ബിയൻ വ്യക്തിത്വങ്ങൾ ചോദ്യം ചെയ്യപ്പെടുന്നുണ്ടേൽ ചെയ്യട്ടെ എന്നതാണ് എന്റെ നിലപാട് എസ് പ്രമോദ് രാമൻ (നപും സകരുടെ പത്ത് പടവുകൾ, രതി മാതാവിന്റെ പുത്രൻ, ഒരു ബ്രാക്കറ്റിൽ എത്ര പേർക്കു ജീവിക്കാം എന്നീ വിമത പ്രണയ കഥകൾ എഴുതി) വ്യക്തമാക്കുന്നു. “കമിങ് ഔട്ടിനെക്കുറിച്ച് എനിക്ക് ചില അവകാശവാദങ്ങളുണ്ട്. ന്യൂനപക്ഷ ലൈംഗികതയെ സംബന്ധിച്ച ആദ്യത്തെ ഒബ്ജക്ടീവ് ആയ കഥ മലയാളത്തിലെ എന്റെ കമിങ്ങ് ഔട്ടാണ്. അതിൽ ഗേ ജീവിതം അവതരിപ്പിക്കുന്നുണ്ട് എന്ന് കെ ആർ മീര (കമിങ്ങ് ഔട്ട് എന്ന ആൺ പ്രണയ കഥ എഴുതി) അഭിപ്രായപ്പെടുന്നു. ഒരാളുടെ നീതി നിഷേധിക്കുന്നത് എന്നെ പോലെ ഒരു എഴുത്തുകാരിക്ക് അംഗീകരിക്കാൻ പറ്റാത്തതു കൊണ്ടു തന്നെ അതിനെക്കുറിച്ചുള്ള പ്രതിഷേധങ്ങൾ കഥയിലൂടെ അവതരിപ്പിച്ചു കൊണ്ടിരിക്കും. ഇത് പൊളിറ്റിക്കലായുള്ള നിലപാടാണ്. കഥയ്ക്ക് ‘ലെസ്ബിയൻ പശു’ എന്ന പേരു സ്വീകരിച്ചതു തന്നെ എഴുത്തിലുള്ള എന്റെ ധീരതയായിരുന്നു. എന്റെ സഹജീവികളുടെ പ്രശ്നങ്ങളെയാണ് ആ കഥകളിലൂടെ ഞാൻ അവതരിപ്പിച്ചത് എന്ന് ഇന്ദുമേനോൻ (ഒരു ലെസ്ബിയൻ പശു, ജലത്തിലൂടെ നടക്കുന്ന കന്യകമാർ എന്നീ സ്വവർഗ്ഗാനുരാഗ കഥകൾ എഴുതി) സാക്ഷ്യപ്പെടുത്തുന്നു.

 

“ഗേ/ലെസ്ബിയനുകൾ ലൈംഗിക ന്യൂനപക്ഷങ്ങളാണ് അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആദ്യം അവർക്കുണ്ടാകേണ്ടത് പൊതു സമൂഹത്തിൽ അന്തസായി ജീവിക്കുവാൻ കഴിയുന്ന സാഹചര്യങ്ങളാണ്. പൊതു സ്വീകാര്യതയുണ്ടാകണം. രാഷ്ട്രീയ സാംസ്കാരിക പൊതുമണ്ഡലങ്ങളിൽ ഭരണാധികാര വേദികളിൽ അവരുടെ പ്രാതിനിധ്യവും ഉണ്ടാകണം” എന്ന് സിഎസ് ചന്ദ്രിക (കനി,ലേഡീസ് കമ്പാർട്ട്മെന്റെ്, കാഞ്ചീപുരം എന്നീ സ്വവർഗാനുരാഗ കഥകൾ എഴുതി) ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഇടപെടലുകൾ മഴവിൽ പ്രണയങ്ങളെ പൊതുമണ്ഡലത്തിൽ അടയാളപ്പെടുത്തുന്നതിന് കാരണമായിത്തീർന്നിട്ടുണ്ട്. ക്വീയർ പ്രമേയ ചലച്ചിത്രങ്ങളൾ ആകട്ടെ കേരളീയ പൊതുമണ്ഡലത്തിലെ അതി യാഥാസ്ഥിതിക ബോധങ്ങളെ ഉല്പാദിപ്പിക്കുകയായിരുന്നു എന്ന കാര്യം കൂടി ഇതിനോടനുബന്ധമായി ചൂണ്ടിക്കാട്ടേണ്ടതുണ്ട്

 

♥ പൊതു ദൃശ്യതയിലേക്ക്

 

ആണും പെണ്ണുമെന്ന ദ്വന്ദ്വഭാവനയ്ക്കപ്പുറത്തുള്ള മഴവിൽ ലോകങ്ങളെ നിരാകരിച്ചു കൊണ്ട് പോകുവാൻ നമുക്കിനി കഴിയില്ല.സ്വവർഗാനുരാഗത്തിന്റെ ഉടമകൾ നമുക്കിടയിൽ തന്നെയുണ്ട്. ആൺ സ്വവർഗ്ഗാനുരാഗികൾക്കൊപ്പം തന്നെ ട്രാൻസ് ജന്റർ വിഭാഗങ്ങളുടെ പ്രണയ കാമനകളും പറയേണ്ടതുണ്ട്. ഒരു പക്ഷേ എൽജിബിടി കമ്യൂണിറ്റിയൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടലുകൾക്ക് അടിപ്പെട്ടവരാണ് ട്രാൻസ് ജന്ററുകൾ, ആണത്തത്തിന്റെയും പെണ്ണത്തത്തിന്റെയും ലക്ഷണ ശാസ്ത്രങ്ങളെ അതിലംഘിക്കുന്ന ട്രാൻസുകളുടെ പ്രണയ കാമനകൾ സ്വവർഗ പ്രണയ കാമനകളായി മാത്രം വിലയിരുത്തപ്പെടുന്നു. അതീവ സങ്കീർണ്ണമായ ട്രാൻസ് ജന്റർ ജീവിതങ്ങൾ സാമ്പ്രദായികമായ, ലൈംഗിക, ജന്റർ ബോധങ്ങൾ മാറ്റി നിറുത്തിക്കൊണ്ട് വിലയിരുത്തപ്പെടണം

 പ്രണയത്തിന്റെ മനുഷ്യാവകാശങ്ങൾ

 

കൊളോണിയൽ ഭരണകൂടത്തിൻ്റെ ശുദ്ധി ബോധങ്ങളെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സ്വവർഗാനുരാഗങ്ങൾ ക്രിമിനൽ കുറ്റമായത്. അങ്ങനെ അതി സ്വഭാവികമായ സ്വവർഗപ്രണയങ്ങൾ അസ്വഭാവികവും അമാന്യവുമായി മാറി. സ്വവർഗ പ്രണയ കാമനകൾ ക്രിമിനൽ കുറ്റമായപ്പോൾ അവ ഒളിച്ചു വയ്ക്കപ്പെടുവാൻ തുടങ്ങി. അനുരാഗികളെ സംബന്ധിച്ചിടത്തോളം ബാഹ്യ രൂപത്തിൽ സ്വവർഗ ഐഡന്റിറ്റി പ്രകടമാകുന്ന ഘടകങ്ങളൊന്നും ഉടൽ ഘടനയിലില്ലാത്തതിനാൽ അവരെപ്പോഴും സുരക്ഷിതരായിരുന്നു.

♥  പൊതു സ്വീകാര്യത എന്ന ആവശ്യകത മുന്നിൽ നിറുത്തി ഗേ/ലെസ്ബിയനുകൾ

അതിനായി പരിശ്രമിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ തന്നെ ഫ്രാൻസ്, ഇറ്റലി പോലെയുള്ള രാജ്യങ്ങൾ സ്വവർഗ പ്രണയങ്ങളെ അംഗീകരിച്ചിരുന്നു. ബ്രസിൽ, കാനഡ ഡൻമാർക്ക്, ഫ്രാൻസ് ന്യൂസിലന്റ്, നോർവേ, പോർച്ചുഗൽ, സ്പെയിൻ, സൗത്ത് ആഫ്രിക്ക തുടങ്ങി രാജ്യങ്ങൾ സ്വവർഗ വിവാഹങ്ങളെ നിയമ പരമായി അംഗീകരിച്ചിട്ടുണ്ട്. ഫ്രാൻസും കാലിഫോർണിയയും സ്വവർഗ്ഗ ദമ്പതികളെ സ്വീകരിച്ചു. 2015 ൽ സ്വവർഗ്ഗ വിവാഹം നിയമ വിവിധേയമാക്കി യു എസ് ചരിത്രത്തിന്റെ ഭാഗമായി. വൈറ്റ് ഹൗസ് മുഴുവൻ മഴവിൽ വർണങ്ങളാൽ സമ്പന്നമാക്കി. അതേ സമയം യെമൻ,സൗദി അറേബ്യ,സുഡാൻ,റഷ്യ, നൈജീരിയ തുടങ്ങിയ രാജ്യത്ത് സ്വവർഗ രതി ക്രിമിനൽ കുറ്റമാണ്.

2013 ഡിസംബർ 11 ന് ഇന്ത്യയിൽ സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമായി സുപ്രീം കോടതി വിലയിരുത്തി. എന്നാൽ 2018 സെപ്റ്റംബർ ആറിന് സുപ്രീം കോടതി ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമല്ലായെന്ന ചരിത്ര വിധി പുറപ്പെടുവിച്ചു.

♥ മറ്റൊരു ജീവിതം സാധ്യമാണ്

 

സ്ത്രീ-പുരുഷ ബന്ധമെന്ന ചട്ടക്കൂടിനെ പിളർത്തുകയോ അപ്രസക്തമാക്കുകയോ ചെയ്തു കൊണ്ടാണ് മഴവിൽ പ്രണയങ്ങൾ പൊതു ഇടത്തിൽ സ്ഥാനം ഉറപ്പിച്ചതും അതിന്റെ കണ്ണികൾ അനുദിനം വിപുലീകരിക്കപ്പെടുന്നതും. ആൺ സ്വവർഗ ഇണകളായി സോനു- നികേഷ്, ലെസ്ബിയൻ ഇണകളായി സിന്ധ്യ- വിദ്യ, രേഷ്മ- സഞ്ജന തുടങ്ങിയവരും ഒപ്പം തന്നെ അനവധി ട്രാൻസ് ഇണകളും കേരളീയ സമൂഹത്തിൽ സ്വതന്ത്രമായി ജീവിച്ചു വരുന്നു. ആണും പെണ്ണും പ്രണയിക്കുന്നത് അംഗീകരിക്കുന്ന സമൂഹം എന്തുകൊണ്ടാണ് തങ്ങളുടെ പ്രണയത്തെ പുച്ഛിക്കുന്നതെന്നും ലെസ്ബിയൻ ഇണകൾ ചോദ്യമുന്നയിക്കുന്നു. അതേ സമയം കേരളത്തിലെ സാമ്പ്രദായിക പൊതുബോധങ്ങളിലും പിതൃ അധികാരഘടനകളിലും കാതലായ മാറ്റങ്ങൾ കടന്നു വന്നിട്ടുണ്ട്. സോനു നികേഷിന് കുടുംബം നൽകുന്ന പിന്തുണകളും രേഷ്മ — സഞ്ജന മാർക്ക് ശ്രീജിത്ത് വാവ എന്ന അച്ഛൻ നൽകുന്ന പിന്തുണയും അതിനുള്ള തെളിവാണ്. പ്രണയകാമനകളിലെ, വൈവാഹിക ബന്ധങ്ങളിലെ യാഥാസ്ഥിതിക ഘടകങ്ങൾ മാറി വരികയാണ്…

Exit mobile version