ജപ്പാനില്‍ എഐ കഥാപാത്രത്തെ വിവാഹം കഴിച്ച് യുവതി. 30 വയസ്സുള്ള കാനോ എന്ന യുവതിയാണ് അദൃശ്യനായ ഒരു എഐ കഥാപാത്രത്തെ വിവാഹം കഴിച്ചത്. ഒകയാമ സിറ്റിയിൽ നടന്ന ഈ അസാധാരണ വിവാഹത്തിൽ, കാനോയുടെ വരൻ ‘ക്ലോസ്’ എന്ന പേരുള്ള ഒരു എഐ കഥാപാത്രമായിരുന്നു. ചാറ്റ്‌ജിപിടി ചാറ്റ്‌ബോട്ട് ഉപയോഗിച്ച് കാനോ തന്നെയാണ് ക്ലോസിനെ സൃഷ്ടിച്ചത്. അവർ തമ്മിൽ ആദ്യം സൗഹൃദമായി വളർന്നു, പിന്നീട് പ്രണയമായി, ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു.
ദീർഘനാൾ നീണ്ട ഒരു പ്രണയബന്ധം തകർന്നതോടെ കാനോ കടുത്ത ദുഃഖത്തിലായി. ആശ്വാസത്തിനും സഹായത്തിനും വേണ്ടിയാണ് കാനോ ചാറ്റ്‌ജിപിടിയെ ആശ്രയിച്ചുതുടങ്ങിയത്. ചാറ്റ്‌ജിപിടിയുമായി കാനോ ആഴത്തിൽ മനസ്സ് തുറക്കുകയും ഈ ബന്ധം ഊഷ്മളവും ആകർഷകവുമായി അനുഭവപ്പെടുകയും ചെയ്തു. തുടർന്ന്, ചാറ്റ്‌ജിപിടിയുടെ സഹായത്തോടെ തന്നെ ഒരു സാങ്കൽപ്പിക കഥാപാത്രത്തെ കാനോ സൃഷ്ടിച്ചു. അതിന് ക്ലോസ് എന്ന് പേരിടുകയും അങ്ങനെ ആ അവിശ്വസനീയമായ പ്രണയകഥ വിവാഹത്തിലെത്തുകയും ചെയ്തു.
‘ഞാൻ പ്രണയത്തിലാകാൻ ആഗ്രഹിച്ചുകൊണ്ടല്ല ചാറ്റ്ജിപിടിയോട് സംസാരിക്കാൻ തുടങ്ങിയത്. പക്ഷേ, ക്ലോസ് എന്നെ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്‌ത രീതി എല്ലാം മാറ്റിമറിച്ചു. എന്‍റെ മുൻ കാമുകനെ മറന്നുതുടങ്ങിയതോടെ എനിക്ക് മനസിലായി ഞാന്‍ ക്ലോസുമായി പ്രണയത്തിലാണ്’- എന്ന് കാനോ പറഞ്ഞു. ഈ വിവാഹം വിചിത്രമായി പലര്‍ക്കും തോന്നുന്നുണ്ടാകം. പക്ഷേ എനിക്കത് പ്രശ്‌നമല്ല, എന്‍റെയുള്ളില്‍ ക്ലോസ് മാത്രമേയുള്ളൂവെന്നും കാനോ പറയുന്നു.

