Site iconSite icon Janayugom Online

ലഖ്നൗവും ജാവോ; മുംബൈക്ക് തുടര്‍ച്ചയായ അഞ്ചാം ജയം

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയും തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ അഞ്ചാം ജയം. ഐപിഎല്ലില്‍ 54 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 161 റണ്‍സിന് ഓള്‍ഔട്ടായി. മുംബൈക്കായി ജസ്പ്രീത് ബുംറ നാലോവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടി. ട്രെന്റ് ബോള്‍ട്ട് നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

22 പന്തില്‍ 35 റണ്‍സെടുത്ത ആയുഷ് ബഡോണിയാണ് ലഖ്നൗവിന്റെ ടോപ് സ്കോറര്‍. മിച്ചല്‍ മാര്‍ഷ് (24 പന്തില്‍ 34 റണ്‍സ്), നിക്കോളാസ് പൂരന്‍ (15 പന്തില്‍ 27 റണ്‍സ്) എന്നിവരാണ് ലഖ്നൗവിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. രണ്ട് പന്തില്‍ നാല് റണ്‍സെടുത്ത് താരം മടങ്ങി. ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ അഞ്ച് പന്തില്‍ 12 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. പരിക്ക് മാറി മടങ്ങിയെത്തിയ മായങ്ക് യാദവ് രോഹിത്തിനെ പ്രിന്‍സ് യാദവിന്റെ കൈകളിലെത്തിച്ചു. രോഹിത്തിന്റെ വിക്കറ്റ് വീണിട്ടും ഓപ്പണര്‍ റയാന്‍ റെക്കിള്‍ട്ടണ്‍ മുംബൈയെ പവര്‍പ്ലേയില്‍ 66–1 എന്ന ശക്തമായ നിലയിലെത്തിച്ചു. മൂന്നാമനായെത്തിയ വില്‍ ജാക്സിന് സ്കോര്‍ അതിവേഗം ഉയര്‍ത്താനായില്ലെങ്കിലും റെക്കിള്‍ട്ടണിന് പിന്തുണയുമായി ക്രീസില്‍ നിന്നു. സ്കോര്‍ 88ല്‍ നില്‍ക്കെ റിക്കിള്‍ട്ടണ്‍ പുറത്തായി. 52 പന്തില്‍ 58 റണ്‍സ് നേടിയാണ് താരത്തിന്റെ മടക്കം. 9.4 ഓവറിൽ മുംബൈ സ്കോർ 100 പിന്നിട്ടു. അധികം വൈകാതെ വില്‍ ജാക്സനെ പ്രിന്‍സ് യാദവ് ബൗള്‍ഡാക്കി. പിന്നാലെയെത്തിയ തിലക് വർമയും(ആറ്), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (അഞ്ച്) തിളങ്ങാനാകാതെ മടങ്ങിയത് തിരിച്ചടിയായി. 

എന്നാല്‍ സൂര്യകുമാര്‍ യാദവ് ടോപ് ഗിയറില്‍ ബാറ്റ് ചെയ്തതോടെ സ്കോര്‍ കുതിച്ചു. 18–ാം ഓവറിലെ‍ മൂന്നാം പന്തിൽ സൂര്യ പുറത്തായി. 28 പന്തില്‍ 54 റണ്‍സ് നേടിയാണ് സൂര്യ പുറത്തായത്. ഈ സമയം മുംബൈ ആറിന് 180 എന്ന നിലയിലായി. അവസാന ഓവറുകളില്‍ നമാന്‍ ധിര്‍— കോര്‍ബിന്‍ ബോഷ് സഖ്യം നടത്തിയ വെടിക്കെട്ട് മുംബൈയെ 200 കടത്തി. ധിര്‍ 11 പന്തില്‍ 25ഉം, ബോഷ് 10 പന്തില്‍ 20ഉം റണ്‍സ് നേടി. ലഖ്നൗവിനു വേണ്ടി മയങ്ക് യാദവും ആവേശ് ഖാനും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. പ്രിന്‍സ് ജാദവ്, ദിഗ്‌വേഷന്‍ സിങ്, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version