Site iconSite icon Janayugom Online

സംഗീത ശോഭയില്‍ എം ജയചന്ദ്രന്‍

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഏറെ തിളക്കമേറിയതാണ് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റേത്. മലയാള സംഗീത ലോകത്ത് പുതുചരിത്രം എഴുതിച്ചേര്‍ക്കുകയാണ് ജയചന്ദ്രന്‍ എന്ന സംഗീത പ്രതിഭ. ആയിഷ, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലെ മൂന്ന് ഗാനങ്ങളാണ് ഇത്തവണ അവാര്‍ഡ് നേട്ടത്തിനര്‍ഹനാക്കിയത്. ഇത് ഒന്‍പതാം തവണയാണ് സംഗീത സംവിധാനത്തിന് ജയചന്ദ്രന്‍ പുരസ്കാരം നേടുന്നത്. ഏറ്റവും കൂടുതല്‍ തവണ സംഗീത സംവിധായകനുള്ള അവാര്‍‍ഡ് ലഭിച്ചു എന്ന നേട്ടം ജയചന്ദ്രനും മാത്രം സ്വന്തം.

2003 ല്‍ ഗൗരിശങ്കരം എന്ന സിനിമയിലെ ഗാനത്തിനാണ് ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. പെരുമഴക്കാലം എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ 2004 ലും അവാര്‍ഡ് ലഭിച്ചു. 2007 ല്‍ നിവേദ്യം 2008 ല്‍ മാടമ്പി എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും പുരസ്കാരം ലഭിച്ചു. 2010 ല്‍ കരയിലേക്ക് ഒരു കടല്‍ ദൂരം എന്ന സിനിമയിലെ ഗാനങ്ങള്‍ക്കും 2012 ല്‍ സെല്ലുലോയിഡ് എന്ന ചിത്രത്തിനും 2016 ല്‍ കാംബോജി എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അണിയിച്ചൊരുക്കിയതിന് 2021 ലാണ് അവസാനം മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. സംഗീത സംവിധായകനു പുറമെ മികച്ച ഗായകനുള്ള പുരസ്കാരം 2005 ല്‍ നോട്ടം എന്ന ചിത്രത്തിലൂടെ ജയചന്ദ്രനെ തേടി എത്തി.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ഒരു തവണ മികച്ച പശ്ചാത്തല സംവിധായകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ സംഗീതത്തിനും മികച്ച ഗായികക്കും മികച്ച പശ്ചാത്തല സംഗീതത്തിനും പുരസ്കാരം ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ ഗാനത്തിന് 2015 ല്‍ ദേശീയ അവാര്‍ഡും ജയചന്ദ്രന്‍ നേടി. ഇത്തവണ മികച്ച ഗായികക്കുള്ള അവാര്‍ഡ് നേടിയ മൃദുല വാര്യര്‍ പാടിയ പാട്ട് ചിട്ടപ്പെടുത്തിയത് ജയചന്ദ്രനാണ്. ഇതോടെ ജയചന്ദ്രന്റെ സംഗീതത്തില്‍ മികച്ച ഗായികക്കുള്ള അവാര്‍‍ഡ് എട്ടു തവണ ലഭിച്ചു എന്നതും ഇത്തവണത്തെ പുരസ്കാര നേട്ടത്തിന് ശോഭ കൂട്ടുന്നു.

അതീവ സന്തോഷമെന്ന് എം ജയചന്ദ്രന്‍

പുരസ്കാരം ലഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും അതിന് തന്നെ പരിഗണച്ച സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നതായും എം ജയചന്ദ്രന്‍ പ്രതികരിച്ചു. പുരസ്കാരം നേടിതന്ന രണ്ടു സിനിമകള്‍ക്കുവേണ്ടിയും രണ്ട് വര്‍ഷങ്ങളാണ് മാറ്റിവച്ചത്. ആ കഠിനാധ്വാനവും നിതാന്ത പരിശ്രമവും ജൂറി തിരിച്ചറിഞ്ഞു. അത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. ഏറ്റവും കൂടുതല്‍ തവണ സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിട്ടുള്ളത് തനിക്കാണെന്നും അത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sam­mury: Music direc­tor: M Jay­achan­dran (Pathon­patham Noot­tan­du, Ayisha)

Exit mobile version