രണ്ട് മാസം മാത്രം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ഇത്രയേറെ കരുതൽ കായംകുളം സ്വദേശി അനിൽ കുമാർ പ്രതീക്ഷിച്ചിരുന്നില്ല. കാഴ്ച നഷ്ടപ്പെടുമ്പോൾ ജീവിതം തന്നെ ഇരുട്ടിലായി എന്ന് അനിൽ കുമാർ കരുതിപ്പോയ നിമിഷമുണ്ടായിരുന്നു. എന്നാൽ എം എ യൂസഫലിയും, ലുലു ഗ്രൂപ്പ് മാനേജ്മെന്റും, ജീവനക്കാരും പ്രതീക്ഷയുടെ തിരിനാളമായി മുന്നിലെത്തിയതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അനിൽ.
ഇന്തോനേഷ്യയിലുളള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്ത് വരുന്നതിനിടെയാണ് കായംകുളം സ്വദേശി അനിൽ കുമാറിന് കാഴ്ച നഷ്ടപ്പെടുന്നത്. കടുത്ത പ്രമേഹരോഗമായിരുന്നു അനില്‍കുമാറിന്റെ ജീവിതത്തിൽ വില്ലനായത്. ജോലി ചെയ്ത രണ്ട് മാസക്കാലയളവിനിടയിൽ ഒരു ദിവസം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് എത്തി ഉറക്കം എഴുന്നേൽക്കുമ്പോഴാണ് കാഴ്ച ശക്തി നഷ്ടമായത്.
പിന്നീട് ലുലു ഗ്രൂപ്പ് ജീവനക്കാർ ചേർന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയില്‍ അനിൽ കുമാറിന് ചികിത്സയ്ക്ക് സംവിധാനമൊരുക്കി. ഇന്‍ഷുറന്‍സിന് പുറമെ ചികിത്സയ്ക്കായി ചെലവായ 2 ലക്ഷം രൂപ ലുലു ഗ്രൂപ്പ് തന്നെ കെട്ടിവെച്ചു. നാട്ടിലേക്ക് പോകണമെന്ന് അനില്‍കുമാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോകാനുള്ള വിമാനടിക്കറ്റും സഹായത്തിനായി അഞ്ചരലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും, ജീവനക്കാരും ചേർന്ന് നൽകി. രണ്ട് മാസത്തെ അധിക ശമ്പളവും അനിലിന് ഉറപ്പാക്കി. ആകെ പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് അനില്‍കുമാറിന്റെ ചികിത്സയ്ക്കുൾപ്പെടെ അന്ന് കൈമാറിയിരുന്നത്. തുടർന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോൾ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഒരു ലക്ഷം രൂപ കൂടി അനിൽ കുമാറിന് നല്‍കുകയും ചെയ്തു.
ചികിത്സക്ക് പുറമെ മകളുടെ പഠന ചെലവിനുള്ള തുക കണ്ടെത്തുന്നതിനടക്കം അനിൽ കുമാർ ബുദ്ധിമുട്ടുന്നതായുള്ള വിവരം അറിഞ്ഞയുടനെയാണ് മുൻ ജീവനക്കാരന് കരുതലുമായി എം എ യൂസഫലി വീണ്ടും എത്തിയത്.
മകളുടെ പഠനം മുടങ്ങുമെന്ന് ഇപ്പോൾ അനിൽ കുമാറിന് ആശങ്കയില്ല. അക കണ്ണിന്റെ കാഴ്ചയിൽ വെളിച്ചമായി എം എ യൂസഫലി ഒരിക്കൽ കൂടി എത്തി. യൂസഫലിയുടെ നിർദ്ദേശപ്രകാരം ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ് അനിൽ കുമാറിന്റെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ കൈമാറി. മകളുടെ പഠനം മുടങ്ങില്ലെന്ന്ഉ റപ്പായതോടെ യൂസഫലിയുടെ ഇടപെടലിന് ഒരിക്കൽ കൂടി നന്ദി പറയുകയാണ് അനിൽ കുമാറും കുടുംബവും.
english summary; MA Yusufali without abandoning his former employee who lost his sight
you may also like this video;