Site icon Janayugom Online

വേഷപ്പകര്‍ച്ചയുടെ മധുവസന്തം

madhu

പണ്ട് പണ്ട്, ഒരു പത്തെഴുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ്, നാടകത്തെ സ്വപ്നം കണ്ടു കിടന്ന ഒരു കുട്ടി ഉണ്ടായിരുന്നു; പേര് മാധവൻ കുട്ടി.
അവൻ തന്റെ കുഞ്ഞുകൂട്ടുകാരെ കൂട്ടി അമ്മയുടെയും മുത്തശ്ശിയുടെയും മുണ്ടും ഭസ്മവും കുങ്കുമവും പിന്നെ കണ്മഷിയും ഉപയോഗിച്ചൊക്കെ താൻ വായിച്ചതിൽ നിന്നോ ഭാവനയിൽ നിന്നോ കഥാപാത്രങ്ങളെ മെനഞ്ഞെടുത്തിരുന്നു.
പിന്നെ വീട്ടിലെ ഏതെങ്കിലുമൊരു ഭാഗത്തു മറച്ചു കെട്ടി അതിനെ സ്റ്റേജ് എന്നും വിളിച്ചു. അവനറിയുന്ന വീട്ടുകാരെയും നാട്ടുകാരെയും ഒത്തു കൂട്ടി അങ്ങനെ അരങ്ങ് തീർത്തിരുന്നു. തന്റെ കാഴ്ചയിലോ വായനയിലോ കേട്ടതോ കണ്ടതോ ആയ പലരും കഥാപാത്രങ്ങളായി ജീവൻ വച്ചു . ഈ അവതരണത്തിന് ചിലപ്പോൾ ടിക്കറ്റും വച്ചു. പക്ഷെ, കാണികൾക്ക് ഒരു നിയമം ഉണ്ടായിരുന്നു, എന്തെന്നോ ആരും മേക്കപ്പ് ചെയ്യുന്ന മറവിൽ വരാൻ പാടില്ല. ഒളിഞ്ഞു നോട്ടവും നിരോധിച്ചിരുന്നു; കഥാപാത്രങ്ങൾ ആരെന്നു പ്രേക്ഷകർ അറിയാൻ പാടില്ലല്ലോ.

അങ്ങനെ ഒരുങ്ങുമ്പോൾ പെട്ടെന്ന് ഒരു കണ്ണ് ഓലക്കീറിനുള്ളിൽ നിന്ന് മിന്നി. ആരോ നിയമം തെറ്റിച്ചത് കൂട്ടത്തിലെ ഒരു നടന് സഹിച്ചില്ല; അദ്ദേഹം ഒരു ഈർക്കിൽ എടുത്തു ആ കണ്ണിൽ ഒരു കുത്ത് ‘ഹയ്യോ’ എന്നൊരു നിലവിളിയും. അതോടെ നാടകത്തിന് തിരശീലയും വീണു. അങ്ങനെ അദ്ദേഹത്തിന്റെ അച്ഛൻ നാടകക്കളി എന്നെന്നേക്കുമായി വീട്ടിൽ നിരോധിച്ചു. കുത്തു കൊണ്ട വേലുക്കുട്ടിചേട്ടൻ ആ നിരോധനത്തിനു ഹേതുവായി ബാക്കിജീവിതം ജീവിച്ചു. അന്നത്തെ ആ ബാലനാടകനടൻ മാധവനിൽ നിന്നു വളർന്ന് പത്മശ്രീ മധുവായി മാറി എന്ന് കഥ. അല്ല, അദ്ദേഹം എന്നോട് വിവരിച്ചു തന്ന രസകരമായ ഒരു ബാല്യകാല സ്മരണ.
തൊണ്ണൂറിന്റെ പ്രൗഢിയിൽ നിറഞ്ഞു ജീവിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഏടുകളും പറഞ്ഞതോ എഴുതപ്പെട്ടതോ ഒക്കെ ആണ്. എന്ത് പുതിയതായി പറയുമെന്ന് ഞാനും ആലോചിച്ചു പോകുന്നു. എങ്കിലും അദ്ദേഹത്തോട് ഒറ്റയ്ക്ക് സംസാരിക്കുമ്പോൾ കിട്ടുന്ന ചെറിയ വലിയ പാഠങ്ങൾ എത്ര വലുതെന്ന് ഞാൻ എപ്പോഴും മനസിലാക്കുന്നു.

പ്രസരിപ്പോടു കൂടി പുതിയ കാര്യങ്ങളിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന അദ്ദേഹത്തിന്റെ മനസ് എനിക്ക് അതിശയമാണ്. ഇഷ്ടമുള്ള ഒരു വേഷം വന്നാൽ ചെയ്യാൻ ഞാനുണ്ട് എന്ന് പറയാൻ തയ്യാറാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. അതിനിയും നടക്കും… ചില വേഷപ്പകർച്ചകൾക്ക് ആ കസേര അദ്ദേഹത്തിന് വേണ്ടി മാറ്റി ഇട്ടിട്ടുണ്ട് പ്രേക്ഷകരും മലയാള സിനിമയും .…
സ്വന്തം ആത്മകഥ എഴുതാൻ തോന്നിയിട്ടില്ലേ എന്ന് ഞാനും ചോദിച്ചിട്ടുണ്ട്. അതിനുമാത്രം ഒന്നും ഞാൻ ചെയ്തിട്ടില്ലെന്ന് ചിരിച്ചു കൊണ്ടുള്ള മറുപടിയും. അതെ, അദ്ദേഹം വിനയം കൊണ്ടല്ല അങ്ങനെ പറയുന്നത്. ഇനിയും ഏറെ ചെയ്യാനുള്ള സ്വപ്‌നങ്ങൾ സൂക്ഷിക്കുന്നതു കൊണ്ടാവാം. അല്ലെങ്കിൽ പുതിയ തലമുറയോട് സ്വപ്നം കാണുന്നത് നിർത്തരുത് എന്ന് പറയാതെ പറയുന്നതാവാം.
എത്രയോ കൈകൾ ചേർത്തു പിടിച്ചിട്ടുണ്ട്, അവരുടെ വഴികൾ തനിക്കാവുന്നതുപോലെ തെളിച്ചിട്ടു കൊടുത്തിട്ടുമുണ്ട്, ഒരു അവകാശവാദവുമില്ലാതെ. ഇന്നും സമയവും ആരോഗ്യവും അനുവദിക്കുമ്പോൾ വലിയ സംരംഭങ്ങളെക്കാൾ ചെറിയ തുടക്കങ്ങൾക്ക് തന്നെക്കൊണ്ട് ആവുന്ന പോലെ ചേർന്ന് നിൽക്കാറുമുണ്ട്.
അതുകൊണ്ടുതന്നെയാവും പുതിയ ആശയങ്ങൾ, പുതിയ ചിന്തകൾ അദ്ദേഹത്തെ ഭ്രമിപ്പിക്കാറുണ്ട്.‌ നാടകം, സിനിമയൊക്കെ ആത്യന്തികമായി പ്രേക്ഷകന്റെ ആസ്വാദനത്തിന്റെയും ചിന്തകളുടെയും വഴികൾ തുറക്കണമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.സ്വന്തം ഇമേജ് ബിൽഡിംഗ്, മാർക്കറ്റിങ് ഒന്നും കലാകാരന്റെ വഴിയായി തിരഞ്ഞെടുക്കാത്തത് അതുകൊണ്ടു തന്നെ സ്വാഭാവികം..

നക്ഷത്രപദവികളിൽ നിന്നും ആരാധക സംഘടനകളിൽ നിന്നും എന്നും സ്വയം അകലം പാലിച്ചിരുന്നു. സിനിമ, നാടകം ഒക്കെ കൂട്ടായ്മകൾ ആണെന്നും അത് ഒരുമിച്ചാണ് ആഘോഷിക്കേണ്ടതെന്നും സ്വന്തം ജീവിതം കൊണ്ട് പറയാതെ പറഞ്ഞതാവും എന്നാണ് ഞാൻ മനസിലാക്കിയതും.
മുഖ്യധാരാസിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയും ഒക്കെ ആകാൻ കഴിഞ്ഞത് അതുകൊണ്ടു തന്നെയാകണം. സ്വന്തമായി സിനിമ സംവിധാനം ചെയ്ത്, അതിൽ നെഗറ്റീവ് ഭാവമുള്ള കഥാപാത്രമാവാൻ ശ്രമിച്ചതും തന്നിലെ നടനെ ഉത്തേജിപ്പിക്കാനാവണം. സമകാലികർ പലരും നടന്മാരായി മാത്രം തുടർന്നപ്പോൾ ഇത്രയും സിനിമകൾ സ്വന്തമായി ചെയ്യാനും നല്ല സിനിമകളുടെ ഗണത്തിൽ പെടുന്ന കുറച്ചു സിനിമകൾ സ്വന്തം കിരീടത്തിലെ തൂവലുകൾ ആക്കാനും അദ്ദേഹത്തിന് സാധിച്ചു. അത്രയേറെ ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് തന്നെയാകണം, ആഗ്രഹിച്ചാലും നടന്മാരായ പലരും അതിനു മുതിരാഞ്ഞതും.
കേരളത്തിലേക്ക് സിനിമാവ്യവസായം പടരണം എന്ന അഭിലാഷമാകാം പൂർണമായും ചലച്ചിത്ര പ്രവർത്തനത്തിന് ഉതകുന്ന ഒരു സ്റ്റുഡിയോ കേരളത്തിൽ തുറന്നതും. ദീർഘവീക്ഷണം ഉള്ളവർക്കേ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. അത് എന്നും അങ്ങനെയായിരുന്നു.

സത്യം പറയാമല്ലോ, കുഞ്ഞിലേ എനിക്ക് അദ്ദേഹത്തിനെ പേടിയായിരുന്നു…ദൂരെ കാണുമ്പോഴേ മറഞ്ഞു നിൽക്കും.. എന്തിനെന്ന് ഇന്ന് ചോദിച്ചാൽ ഉത്തരമില്ല. വലിയ സ്ക്രീനിൽ കാണുന്ന അദ്ദേഹം തിരക്കുകൾക്കിടയിൽ വല്ലപ്പോഴുമേ ഞങ്ങൾക്ക് കാണാൻ ഉണ്ടാവൂ, ചിലപ്പോൾ അതാവും.
ഒരിക്കൽ അദ്ദേഹത്തെക്കുറിച്ച് എന്റെ അച്ഛൻ എന്നോട് പറഞ്ഞു തന്ന ചില കാര്യങ്ങൾ ഞാനിവിടെ കുറിക്കാം. “നീ ആ മനുഷ്യനിൽ നിന്നും പഠിക്കേണ്ട ഏറ്റവും വലിയ കാര്യം, എങ്ങനെയാണ് ജീവിതവിജയം സ്വന്തം വ്യക്തിത്വത്തെ ബാധിക്കാതെ ഇരിക്കേണ്ടതെന്നും, എങ്ങനെയാണ് എളിമയോടെ ഭൂമിയിൽ കാലുറച്ചു നടക്കേണ്ടതെന്നും സ്വന്തം നിലപാടുകൾ ആരെയും അടിച്ചേല്പിക്കാൻ ശ്രമിക്കാതെ തന്റെ വഴികളിൽ ഏകാഗ്രമായി എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്നും”. അന്നെനിക്ക് അതിന്റെ അർത്ഥം പൂർണമായി മനസിലായിരുന്നില്ല പക്ഷെ ഇന്നെനിക്ക് നന്നായി മനസിലാവും.
പരിചയപ്പെടുന്നവരെ ഒക്കെ വീണ്ടും ഒരിക്കൽക്കൂടി കാണാൻ പ്രേരിപ്പിക്കുന്ന ഒന്ന് ഒരാളുടെ സവിശേഷതയാണ്. എന്നോട് തന്നെ അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ ആരായുന്ന അദ്ദേഹത്തെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത മനുഷ്യരെ കാണുമ്പോൾ എനിക്ക് അതിശയം തോന്നാറുണ്ട്. വ്യക്തിപ്രഭാവങ്ങൾ കടന്നുചെല്ലാൻ പലപ്പോഴും നേരിട്ട് അറിയണമെന്നില്ല എന്ന സത്യം ഞാൻ മനസിലാക്കുന്നു.

തന്റെ ജീവിതത്തിൽ കടന്നുവന്ന മനുഷ്യരെയും അവരുടെ സംഭാവനകളെയും ഓർമ്മയിൽ നിർത്താനും നന്ദി പറയാനും കഴിയുന്നത് ജീവിതത്തിൽ അദ്ദേഹത്തെപ്പോലെ കഴിയേണ്ട ഒന്നെന്ന് എനിക്കും തോന്നാറുണ്ട്. അതാവണം അദ്ദേഹത്തിന് ലോകം മുഴുവൻ സൗഹൃദങ്ങൾ നിലനിർത്താൻ കഴിയുന്നതും. അധികാരസ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുന്നതും ആരെയും വേദനിപ്പിക്കാതെ കാര്യങ്ങൾ പറയുന്നതും ജീവിതം അദ്ദേഹത്തെ പഠിപ്പിച്ച പാഠങ്ങൾ ആകണം. ഏതൊരു മനുഷ്യനിലും ഒരു നന്മ ഉണ്ടെന്ന തോന്നലാവും അത് .
ഒരിക്കൽ ഒരു സംസാരത്തിനിടയിൽ എന്നോടും പറഞ്ഞിട്ടുണ്ട് “റോസാപ്പൂവിനെ അതിന്റെ മുള്ളോട് കൂടി മാത്രമേ ചേർത്തു പിടിക്കാനാവൂ എന്ന്” ആ പറഞ്ഞ വാക്കുകളിൽ നിന്ന് വെറുപ്പിന് അദ്ദേഹത്തിന്റെ ജീവിതത്തിൽ പിന്നെ സാധ്യത ഉണ്ടാകുന്നില്ല. നേടിയതൊക്കെ തന്നെ ധാരാളം എന്ന് ചിന്തിക്കുന്ന ഒരാൾക്ക് എല്ലാം സന്തോഷത്തോടെ, നിറവോടെ കാണാനേ കഴിയൂ. മത്സരങ്ങളും ഈർഷ്യകളും തന്നോട് മാത്രമെന്ന് വിചാരിച്ചാൽ പിന്നെ ബാക്കി ഉള്ളവരോടൊക്കെ സ്നേഹവും ബഹുമാനവും മാത്രമേ ഉണ്ടാവുകയുള്ളൂ.
മധു എന്ന മഹാനടന്റെ എല്ലാ വിവരങ്ങളും എല്ലായിടത്തും ലഭ്യമാണ്, അതല്ലാതെ മധു എന്ന മനുഷ്യൻ എന്നിൽ എങ്ങനെ അടയാളവും അഭിമാനവും ആവുന്നു എന്നതാണ് ഞാൻ കുറിച്ചതും. പങ്കെടുക്കുന്ന പൊതുപരിപാടികളുടെ സംഘാടകരോട് അദ്ദേഹം പറയാറുണ്ട്, എന്നെ ഇരുത്തി ഇങ്ങനെ പൊക്കിപ്പറയരുത് എന്ന്. വേറെ ആരെയോ കുറിച്ചാണെന്നു എനിക്ക് തന്നെ തോന്നിപ്പോപോകുമെന്ന്.

(നടന്‍ മധുവിന്റെ സഹോദരി സേതുലക്ഷ്മിയുടെ മകനാണ് ലേഖകന്‍) 

പ്രാണനായിരുന്ന ഒരാള്‍.…

ഒറ്റയ്ക്കല്ല…അടയ്ക്കാത്ത വാതിലിനു പുറത്ത് മഹാനടന്‍ നായികയെ കാത്തിരിക്കുകയാണ്… നടന്‍ മധുവിന് പ്രാണനായിരുന്നു ഭാര്യ തങ്കം. യഥാര്‍ത്ഥ പേര് ജയലക്ഷ്മി. മധുവിന് അവര്‍ തങ്കമായിരുന്നു. ഭാര്യയുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന് ഏറെയൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ മരണം വരെ തങ്കം കൂടെയുണ്ടാകണം, അതായിരുന്നു ആഗ്രഹവും പ്രാര്‍ത്ഥനയും. സിനിമയില്‍ ഏറെ തിരക്കുള്ള നടനായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മധുവിന്റെ വിവാഹം. അന്ന് മുതല്‍ അവര്‍ താങ്ങും തണലുമായി.
2014ല്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തങ്കം മരിച്ചപ്പോള്‍ ആ വേദന മധുവിന് താങ്ങാവുന്നതിലും അധികമായിരുന്നു. ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ് രാത്രി എത്ര വൈകിയെത്തിയാലും അവര്‍ മധുവിന് വേണ്ടി കാത്തിരിക്കുമായിരുന്നു.പെട്ടെന്നൊരു ദിവസം രോഗശയ്യയിലായി. പിന്നീട് സിനിമ തിരക്കുകള്‍ എത്ര തന്നെ ഉണ്ടായിരുന്നാലും രാത്രി വീട്ടിലെത്തും. തങ്കം കിടക്കുന്ന മുറിയിലെത്തി ഒരു നോക്ക് കാണും. ഉറങ്ങുകയാണെങ്കിൽ വിളിക്കാറില്ല, അതായിരുന്നു പതിവ്. തുടര്‍ന്ന് വായനയും സിനിമകാണലുമായി രാത്രികൾ കഴിച്ചു കൂട്ടും. താന്‍ മരിക്കുന്നതുവരെ തങ്കം ജീവിച്ചിരിക്കണമെന്ന ആഗ്രഹം മാത്രം ജീവിതത്തിൽ നടന്നില്ല എന്ന വേദന പല വേദികളിലും മധു പങ്കുവച്ചിട്ടുണ്ട്. 50 വർഷത്തിലേറെയായി താമസിക്കുന്ന കണ്ണമ്മൂലയിലെ വീട്ടിൽ കഴിഞ്ഞ ഒമ്പതു വര്‍ഷമായി മധു ഒറ്റയ്ക്കാണ്. തങ്കം ഇവിടെയുണ്ടെന്ന വിശ്വാസത്തില്‍ അടയ്ക്കാത്ത വാതിലിനിപ്പുറം പ്രതീക്ഷയുടെ ചിരിയുമായി…

Exit mobile version