ജൂലൈ 28ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം അസാധാരണമായ സംഭവവികാസങ്ങളാണ് വെനസ്വേലയിൽ ഉണ്ടായിരിക്കുന്നത്. തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി എഡ്മുണ്ടോ ഗോൺസാലസിനെ പരാജയപ്പെടുത്തി നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോ വിജയിച്ചതായാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എന്നാൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങളും ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങളും വിജയം അംഗീകരിക്കുന്നതിന് വിസമ്മതിച്ചു. ആ രാജ്യത്തെ വലതുപക്ഷ പാർട്ടികൾ മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ വിജയത്തിൽ സംശയം പ്രകടിപ്പിച്ചത് പ്രക്ഷുബ്ധമായ സാഹചര്യങ്ങളാണ് അവിടെ സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കൻ ഭരണകൂടവും യൂറോപ്യൻ യൂണിയനും മഡുറോയുടെ വിജയത്തെ അംഗീകരിച്ചിട്ടില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിപക്ഷസ്ഥാനാർത്ഥി ഗോൺസാലസ് വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹത്തെയാണ് യഥാർത്ഥ പ്രസിഡന്റായി അംഗീകരിക്കുന്നതെന്നാണ് യുഎസിന്റെ നിലപാട്. രാജ്യത്തിനകത്ത് പ്രതിപക്ഷ പ്രചരണങ്ങളെ നേരിടുന്നതിൽ പ്രസിഡന്റ് മഡുറോയ്ക്ക് വെല്ലുവിളികളില്ല. സൈന്യം അദ്ദേഹത്തിനൊപ്പവുമാണ്. പ്രതിപക്ഷം നടത്തിയ പ്രകടനങ്ങളെ നേരിടുന്നതിനും അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സാധ്യമായി. പ്രതിപക്ഷ റാലികൾ ഏതാനും നഗരങ്ങളിൽ മാത്രമായി പരിമിതപ്പെട്ടുവെന്നും പങ്കെടുക്കുന്നവരുടെ എണ്ണം കുറയുന്നുവെന്നുമാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
2019ലെ തെരഞ്ഞെടുപ്പിന് ശേഷവും പ്രസിഡന്റ് മഡുറോ സമാനപ്രശ്നം നേരിട്ടിരുന്നു. അന്ന് പരാജയപ്പെട്ട പ്രതിപക്ഷ സ്ഥാനാർത്ഥി ജുവാൻ ഗുഐഡോ തെരഞ്ഞെടുക്കപ്പെട്ടതായി സ്വയം പ്രഖ്യാപിച്ചു. പക്ഷേ അന്ന്, രാജ്യത്തിനും പ്രസിഡന്റിനും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും സഖ്യത്തിലെ അംഗങ്ങളിൽ നിന്നും പിന്തുണ ലഭിച്ചതിനാൽ സംഘർഷാത്മക സ്ഥിതി അധികനാൾ നീണ്ടുനിന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. റഷ്യയിൽ നിന്ന് മഡുറോയ്ക്ക് പിന്തുണ ലഭിച്ചു. ചൈന, ക്യൂബ, ബൊളീവിയ, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ നിന്നും പിന്തുണയുണ്ടായി. എന്നാൽ ചിലി, ബ്രസീൽ എന്നീ ഇടതുപക്ഷ സർക്കാരുകളുള്ള രാജ്യങ്ങളിൽ നിന്നും എന്തിന് മെക്സിക്കോ പോലും ഉടൻ പിന്തുണ നൽകുന്ന കാര്യത്തിൽ ജാഗ്രത പുലർത്തി. തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദമായ കണക്കുകൾ പുറത്തുവിട്ട് സുതാര്യത കാട്ടണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഈ രാജ്യങ്ങളിലെ പ്രസിഡന്റുമാർ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള തീവ്ര വലതുപക്ഷത്തിന്റെ ശ്രമങ്ങളെ അപലപിക്കുകയും യുഎസിന്റെയോ മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയോ ഏതെങ്കിലും ഇടപെടലിനെ എതിർക്കുകയും ചെയ്തുവെങ്കിലും തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ജനാധിപത്യ മാനദണ്ഡങ്ങൾക്കൊപ്പം നില്‍ക്കണമെന്ന നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്.
ലാറ്റിനമേരിക്കൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കിടയിലും വ്യത്യസ്തമായ സമീപനങ്ങളുണ്ട്. പ്രസിഡന്റ് മഡുറോയുടെ സ്വേച്ഛാധിപത്യ പ്രവർത്തനങ്ങൾ സഖ്യത്തിലെ കക്ഷികളെപ്പോലും ബാധിച്ചുവെന്നാണ് അവരുടെ നിലപാട്. തീവ്ര വലതുപക്ഷ ആക്രമണത്തെ ചെറുക്കുന്നതിൽ ഇടതു സഖ്യകക്ഷികൾ ഒറ്റക്കെട്ടാണെങ്കിലും തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന ആവശ്യം കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ ഉന്നയിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കിടയിൽ തികഞ്ഞ ഏകാഭിപ്രായമുണ്ടാക്കി മുന്നോട്ടുപോകുന്നതിന് പ്രസിഡന്റ് മഡുറോ ജാഗ്രത പുലർത്തേണ്ടതുണ്ട്. സഖ്യകക്ഷികളുടെ നിർദേശങ്ങളോട് കൂടുതൽ യോജിച്ച് നിൽക്കാനും കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ തീവ്ര വലതുപക്ഷത്തിനെതിരെ ഇടതുശക്തികളുടെ ഐക്യം ഊട്ടിയുറപ്പിക്കുവാനും അദ്ദേഹം മുൻകയ്യെടുക്കേണ്ടതുമുണ്ട്. (ഐപിഎ)