Site iconSite icon Janayugom Online

മിശ്രവിവാഹ നിരീക്ഷണം എന്ന വര്‍ഗീയ അജണ്ട

മിശ്രവിവാഹങ്ങൾ നിരീക്ഷിക്കുന്നതിനും കാരണങ്ങള്‍ അന്വേഷിക്കുന്നതിനും ഒരു പാനൽ രൂപീകരിക്കാനുള്ള മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നീക്കം രാജ്യത്ത് വെറുപ്പിന്റെ മറ്റൊരു തലം കൂടി സൃഷ്ടിച്ചെടുക്കുകയാണ്. ഒമ്പത് സംസ്ഥാനങ്ങൾ നടപ്പിലാക്കിയ മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ചുവടിലേയ്ക്കാണീ പോക്ക്. ‘ഇന്റർഫെയ്ത്ത് മാര്യേജ്-ഫാമിലി കോ-ഓർഡിനേഷൻ കമ്മിറ്റി (സംസ്ഥാന തലം)’ എന്ന സമിതിയുടെ നേതൃത്വം മന്ത്രി മംഗൾ പ്രഭാത് ലോധയ്ക്കാണ്. മലബാർ ഹില്ലിൽ നിന്നുള്ള ബിജെപി നേതാവും വനിതാ ശിശു വികസന മന്ത്രിയുമായ ലോധയുടെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ മതേതര സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ളതായിരുന്നു.

“സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മിശ്രവിവാഹങ്ങളിലെ വഞ്ചനാ കേസുകൾ വർധിച്ചിരിക്കുന്നത് ആശങ്കാജനകമാണ്. ലൗ ജിഹാദിന്റെ പേരിലുള്ള തട്ടിപ്പ് അവസാനിപ്പിക്കണം” ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെയുള്ള ബിജെപി നേതൃത്വത്തിന്റെ വാദമാണിത്. മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത് മതം മാറ്റുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാക്കളും ഹിന്ദുത്വ ഗ്രൂപ്പുകളും ഉപയോഗിക്കുന്ന ഗൂഢാലോചന സിദ്ധാന്തമാണ് ‘ലവ് ജിഹാദ്’. രജിസ്ട്രാർ ഓഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി ഓഫീസുകൾ എന്നിവ വഴി മിശ്ര വിവാഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സമിതി ശേഖരിക്കും, പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ മാത്രമല്ല, ക്ഷേത്രങ്ങളിലോ മറ്റ് അനൗപചാരിക ഫോറങ്ങളിലോ നടത്തുന്ന വിവാഹങ്ങളും പരിശോധിക്കും.

ലിവിങ് ടുഗതെര്‍ ബന്ധങ്ങളും നിരീക്ഷിക്കും. ലവ് ജിഹാദ് പ്രചാരണം തന്നെ സമൂഹത്തിൽ ഇസ്ലാമോ ഫോബിക് പ്രവണതകൾ വളർത്തിയെടുക്കുക എന്ന ഏകമാത്ര അജണ്ടയാണ്. ഈ നീക്കത്തിനെതിരെ വനിതാ സംഘടനകളിൽ നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്. സ്ത്രീ മുക്തി ആന്ദോളൻ സമ്പർക്ക സമിതിയും മറ്റ് 20ലധികം വനിതാ സംഘടനകളും സർക്കാരിന്റെ പുതിയ നിലപാടിനെ വിമർശിക്കുന്നു. ‘ലൗജിഹാദ്’, ‘നാർക്കോട്ടിക് ജിഹാദ്’ തുടങ്ങിയ പദപ്രയോഗങ്ങള്‍ കേരളത്തിലെ ചില ക്രിസ്ത്യൻ സഭകൾ ഉപയോഗിച്ചതും തെറ്റായ കണക്കുകളെ ആശ്രയിച്ചായിരുന്നു. ക്രൈസ്തവ പെൺകുട്ടികളെ മുസ്ലിം ആൺകുട്ടികള്‍ പ്രണയക്കുരുക്കില്‍ പെടുത്തി മതം മാറ്റി വിവാഹം കഴിക്കാൻ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടെന്നായിരുന്നു അവരുടെ വാദം.

Exit mobile version