ജന്മത്തിന്റെ മറുവാതിലിലൂടെ മരണാനന്തര ലോകത്തിലെ മരവിപ്പിലെത്തിപ്പെടുമ്പോഴും ജീവിതത്തിൽ ഒരിക്കലെങ്കിലുമോ, അല്ലെങ്കിൽ മരണത്തിലൂടെ മറുജന്മങ്ങളിലേക്ക് യാത്രയാരംഭിക്കുമ്പോഴൊ, നി:സ്വാർത്ഥമായ കരുതലോടെ പ്രിയസാന്നിദ്ധ്യമായി കൂടെ നിന്നവരുടെ പ്രതിച്ഛായകൾ ആത്മാക്കൾ നെഞ്ചോടു ചേർത്ത് കൂടെക്കൂട്ടുന്നു. പിന്നീടൊരിക്കൽ, തങ്ങളുടെ മരണ ദിനത്തിൽ ദേഹം വെടിഞ്ഞ് അരൂപികളായെത്തുന്ന ആ പ്രിയബന്ധങ്ങളെ അവർ സഹർഷം സ്വാഗതം ചെയ്യുന്നു. ആ വേളകളിലെങ്കിലും ജീവിതത്തിലെ പ്രിയനിമിഷങ്ങളുടെ പുനരാവർത്തനം അവർ കൊതിക്കുന്നു. .
കമറുദ്ദീൻ ആമയം എഴുതിയ, *കുളി* എന്ന ചെറു കവിതയുടെ സഞ്ചാരം, ഇത്തരം ചിന്തകൾ മേയുന്ന ഒരു പാട് അർത്ഥതലങ്ങളിലൂടെയാണ്.
” കുളി” എന്ന പ്രക്രിയ ദേഹശുദ്ധീകരണം എന്ന സാമാന്യ വിശദീകരണത്തിൽ മാത്രം ഒതുങ്ങുന്നില്ല. അതിന് നിരവധി പരോക്ഷമാനങ്ങൾ ഉണ്ട്. ജീവിച്ചിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ”കുളി” എന്ന പ്രവൃത്തിയെ പഞ്ചഭൂതങ്ങളിൽപ്പെടുന്ന ജലവും, മണ്ണും, വായുവും തീയും ഉപയോഗിച്ചുള്ള ശരീരശുചീകരണം എന്ന കേവലാർത്ഥത്തിൽ ഒതുക്കാം. എന്നാൽ മരണമടഞ്ഞ ഒരാൾ “കുളിക്കുക“യല്ല, “കുളിപ്പിക്കപ്പെടുക“യാണ് ചെയ്യുന്നത്. ശരീരത്തിലെ അഴുക്കുകൾ ഒഴുക്കിക്കളയുന്നതോടൊപ്പം, ജീവിതത്തിലെ വേവലാതികളിൽ നിന്നും, മാലിന്യങ്ങളിൽ നിന്നും, പാപഭാരങ്ങളിൽ നിന്നും, കെട്ടുപാടുകളിൽ നിന്നും കുളിയിലൂടെ ആ വ്യക്തി പ്രതീകാത്മകമായി തികച്ചും മുക്തമാക്കപ്പെടുന്നു. മരിച്ച വ്യക്തിയെ കുളിപ്പിക്കുന്ന പ്രവൃത്തി, അതിനാൽ പ്രതീകാത്മക അർത്ഥ തലങ്ങൾ പേറുന്ന ഒരു അനുഷ്ഠാനം കൂടിയാകുന്നു. അതു കൊണ്ടായിരിക്കാം, ഏതു മത വിഭാഗങ്ങളിലായാലും പരേതരുടെ സ്നാന കർമ്മം നടത്തുന്നതിന് പ്രത്യേക ചിട്ടവട്ടങ്ങളും നിബന്ധനകളും ഉണ്ടായതും. പരേതരെ കുളിപ്പിക്കുന്നവർക്ക് ശരീരശുദ്ധിയോടൊപ്പമോ, അതിനേക്കാളേയൊ മന:ശുദ്ധി നിർബന്ധമാണ്. അറപ്പോടെയോ, വിദ്വേഷത്തോടെയോ, പാപഭരിതമായ ചിന്തകളോടു കൂടിയോ പരേതരെ സ്നാനം ചെയ്യിക്കാൻ പാടുള്ളതല്ല. ഏറ്റവും അടുപ്പമുള്ള, ഏറെ ഹൃദയനൈർമ്മല്യമുള്ള ഒരാൾ അങ്ങേയറ്റം പ്രാർത്ഥനാഭരിതമായ മനസ്സോടെ പരേതരെ സ്നാന കർമ്മം ചെയ്യിക്കുന്ന പക്ഷം ഇഹ ജീവിതത്തിലെ പാപങ്ങളും, ദു: ഖങ്ങളും, നൈരാശ്യങ്ങളും, ആഗ്രഹങ്ങളും ഈ ലോകത്തിൽത്തന്നെ കഴുകിയുപേക്ഷിച്ച് സ്വസ്ഥമായ മരണാനന്തര ജീവിതത്തിലേക്ക് അവർ പ്രവേശിക്കുന്നു.
ഈ കവിതയിലെ പാത്തുമ്മാത്ത സ്ത്രീകളുടെ മയ്യത്ത് കുളിപ്പിച്ചിരുന്ന വ്യക്തിയാണ്. ഏറ്റവും ഹൃദയശുദ്ധിയോടെ, പ്രാർത്ഥനയോടെ, ആത്മാർത്ഥതയോടെ ആയിരുന്നിരിക്കാം അവർ അക്കാര്യം ചെയ്തിട്ടുണ്ടാവുക. കാരണം, അവർ വാത്സല്യപൂർവ്വം കുളിപ്പിച്ച്, മതാചാരങ്ങൾ കൈക്കൊണ്ട് മൺമറഞ്ഞ ആ സ്ത്രീകൾ മരണാനന്തരം സ്വച്ഛന്ദ നിദ്രയിലാണ്. ഖബറിടങ്ങളിലെ അനാദിയും, അനന്തവുമായ ഇരുട്ടിൽ ആ മനസ്സിൻ്റെ പ്രകാശം അവർക്ക് വെളിച്ചം കാണിച്ചിരിക്കാം. പാത്തുമ്മാത്തയ്ക്കു പകരം കപട മനസ്സുള്ള, സ്വാർത്ഥ മോഹങ്ങളുള്ള ഒരാൾ ആയിരുന്നു എങ്കിൽ ഒരു പക്ഷേ നിത്യമായ ഇരുട്ടിൽ അവർ നിശ്ചലരും, നിശ്ശബ്ദരു മായി നിത്യനിദ്രയിലമർന്നേനെ… എന്നാൽ, ഒരു രാത്രി മരണമടയുന്ന പാത്തുമ്മാത്തയുടെ ആത്മാവ് അവരുടെ നിതാന്തനിദ്രയെ വിരൽതൊട്ടുണർത്തി പുതിയൊരുണർവ്വേകുന്നു. അവരുടെ കബറുകൾ ഞൊടിയിടയിൽ ജീവസ്സുള്ളവയാകുന്നു. തങ്ങളുടെ മയ്യത്ത് കുളിപ്പിച്ച് യാത്രയാക്കിയ പാത്തുമ്മാത്തയുടെ മയ്യത്തു കുളിയുടെ ശബ്ദങ്ങളും, ഒരുക്കങ്ങളും തങ്ങൾ ഒരിക്കൽ അനുഭവിച്ച ഒരു വിശദസ്നാനത്തിന്റെ ഓർമ്മ അവരിൽ നൊമ്പരമുണർത്തുന്നു. വെള്ളം ചൂടാക്കുവാൻ ഉപയോഗിച്ച ചെമ്പുവട്ടകങ്ങളുടെ തട്ടുമുട്ടലുകളും, മേലുരയ്ക്കാനുള്ള ചകിരി പിച്ചിക്കീറുമ്പോഴുള്ള കിരുകിരുപ്പും, പെട്രോമാക്സ് വിളക്കിൻ്റെ അടക്കിയ മൂളലും, കുന്തിരിക്കവും, കർപ്പൂരവും പുകയുന്ന ഗന്ധവും, മൈലാഞ്ചിയരച്ചതിന്റെ പച്ച മണവും, പനിനീർ സുഗന്ധവും, പരേതയെ ധരിപ്പിക്കുവാനുള്ള വെളുത്തശീല (കഫൻ) അഞ്ചു കഷണങ്ങളാക്കുവാൻ വേണ്ടി മൂന്നു വട്ടം കീറുമ്പോഴുള്ള ശബ്ദവും തങ്ങളുടെ അവസാനത്തെ കുളിയുടെ ഓർമ്മ അവരിലുണർത്തുന്നു; ഒപ്പം, അങ്ങനെയൊന്നു മതി മറന്നു കുളിച്ചിട്ടെത്ര കാലമായി എന്നു പരിതപിക്കുകയും ചെയ്യുന്നു. പരിതാപം പക്ഷേ തുടർന്ന് ആഹ്ലാദ പ്രകടനങ്ങൾക്ക് വഴിമാറുകയാണ്. പ്രിയപ്പെട്ടൊരാളുടെ ആഗമനം, ഖിസകൾ പാടിയും ഒപ്പനശ്ശീലുകൾ മൂളിയും അവർ ആഘോഷമാക്കുന്നു. “മണ്ണിന്റെ ചുണ്ടിളക്കത്തി“ലൂടെ, ഖബറിടങ്ങളിൽ കെട്ടി നിൽക്കുന്ന മരവിച്ച നിശ്ശബ്ദതയെ ഈർന്നു മുറിച്ച് ആ ശീലുകൾ പള്ളിപ്പറമ്പിൽ പരന്നൊഴുകുന്നു. . പാത്തുമ്മാത്തയ്ക്ക് വേണ്ടി, — പാത്തുമ്മാത്തക്ക് മാത്രം വേണ്ടിയാവാം — കബറുകളിലെ വിഷത്തേളുകളെയും, കൊടും വിഷപ്പാമ്പുകളെയും I തുരത്തി, അവയുടെ മാളങ്ങൾ പൊത്തിയടച്ചു വയ്ക്കാൻ മലക്കുകളും ഉത്സാഹിച്ചു. … എന്തിനേറെപ്പറയുന്നു? പാത്തുമ്മാത്ത മയ്യത്തായ ആ രാത്രി മരണത്തിന്റെ മരവിപ്പുറഞ്ഞ, വിഷാദ മൂകമായ കുഴിമാടങ്ങൾ ഊഷ്മളവും, ചൈതന്യവുമാർന്ന മണിയറകൾ ആയി; അന്തേവാസികളായ പരേതകളാവട്ടെ, പണ്ടത്തെ ചുറുചുറുക്കുള്ള മൊഞ്ചത്തി മണവാട്ടികളുമായി. .
ഈ കവിത ഒരു മഹത്തായ സന്ദേശം നൽകുന്നു — ജീവിതത്തിൽ നമ്മൾ കാക്കുന്ന നന്മകൾ, സമർപ്പണം എന്നിവ ജീവിതത്തിനപ്പുറത്തേക്കും സ്വാഗതം ചെയ്യപ്പെടുന്നു അഥവാ, നിലനിൽക്കുന്നു എന്നതാണ് അത്. പരിചിതമായ ഒരു ജീവിത സന്ദർഭാവിഷ്കാരത്തിലൂടെ, ഭാവനാത്മകമായിത്തന്നെ അക്കാര്യം ഇക്കാര്യം ഈ കവിതയിൽ പ്രതിഫലിപ്പിക്കപ്പെട്ടിരിക്കുന്നു.
. . മറ്റൊരു ബോധവും ഈ കവിത നല്കി: പ്രിയപ്പെട്ടവരുടെ മരണം ജീവിച്ചിരിക്കുന്നവർക്ക് ആണ് “വിയോഗം ” (departure) ആകുന്നത് *; * പരേതാത്മാക്കൾക്ക് അത് “യോഗം ” (Union) ആണ്. ജന്മാന്തരങ്ങളുടെ പടികൾ കയറിയിറങ്ങി അവരി രൊരാൾ അവരിലേക്ക് തിരിച്ചെത്തുകയാണ്. സ്വഭാവികമായും അവർ അത് സ്വാഗതം ചെയ്യുമല്ലോ.
” കഫൻ ചീന്തുമ്പോളുയരും
മൂന്ന് വെളുത്ത ചീറലുകൾ ” എന്ന വരികളിലൂടെ, പരേതയെ അണിയിക്കാനുള്ള ഉടുവസ്ത്രമൊരുക്കുന്നത് എത്ര ഭംഗിയായി ദ്യോതിപ്പിച്ചിരിക്കുന്നു..!! _ചീറൽ_ എന്ന വാക്കു തന്നെയാണ് ഇവിടെ ഏറ്റവും അനുയോജ്യമായതും. മതാചാരപ്രകാരമുള്ള മയ്യത്ത് വസ്ത്രമൊരുക്കുമ്പോഴുള്ള ചീന്തലുകളുടെ എണ്ണം പോലും പരേതകൾ ഗൃഹാതുരതയോടെ ഓർത്തെടുക്കുന്ന ഒരു feel ഇവിടെ പുന:സൃഷ്ടിക്കുവാൻ കവിയ്ക്ക് ഈ വരികളിലൂടെ സാധിച്ചിരിക്കുന്നു. *അഭിനന്ദനങ്ങൾ*… പെണ്ണുങ്ങളുടെ പയ്യാരം പറച്ചിലുകളും, സന്തോഷത്തള്ളലിൽ പാടുന്ന കിസകളും ഒപ്പനശ്ശീലുകളൂം പുറം ലോകത്തേക്കെത്തിക്കുവാൻ “മണ്ണിന്റെ ചുണ്ടിളക്കം” എന്ന പ്രയോഗം ഉപയോഗിച്ചതിലെ കാൽപ്പനിക ഭംഗി വിവരണാതീതമാണ്. . *വീണ്ടും* *അഭിനന്ദനങ്ങൾ*, *ശ്രീ. കമറുദ്ദീൻ* *ആമയം*…
ഈ കവിത അഞ്ചോ ആറോ തവണ വായിച്ചു. രണ്ടു മൂന്നു തവണ വായിച്ചപ്പോഴും പ്രത്യേകിച്ചൊന്നും തോന്നിയില്ല. പിന്നീട് വീണ്ടും വീണ്ടും വായിക്കവേ ബോധ നിലാവ് ഉദിക്കാൻ തുടങ്ങി. . ജീവിതവും, മരണവും, മരണാനന്തര ജീവിതവുമൊക്കെ നമ്മുടെ അറിവുകളെയും, ധാരണകളെയും, നിർവ്വചനങ്ങളേയുമൊക്കെ പലപ്പോഴും അന്ധാളിപ്പിക്കുന്നുണ്ടെങ്കിലും അവയുടെ കാൽപ്പനിക ഭാവങ്ങളുടെ സാദ്ധ്യതകളിൽ എത്ര വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും നമുക്ക് അഭിരമിക്കാം. അത്തരമൊരു കാൽപ്പനികതയുടെ സാദ്ധ്യതയാണ് ഈ കവിതയിൽ പരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
ഒരു അപഗ്രഥനമെന്നതിലുപരി, ഈ രചന വായിച്ചപ്പോൾ ഉണ്ടായ തോന്നലുകൾ ആണ് ഇവിടെ കുറിച്ചിട്ടുള്ളത്. രചയിതാവിന് ചിലപ്പോൾ ഇതിനേക്കാളേറെ പറയുവാനുണ്ടാകും; ഒരുപക്ഷേ തികച്ചും വിഭിന്നമായ മറ്റൊരു വിശദീകരണമായിരിക്കാം അദ്ദേഹം നൽകുന്നത്. എന്തു തന്നെയാണെങ്കിലും നമുക്ക് കാതോർക്കാം; ക്രിയാത്മക ചർച്ചകളിലേക്കും സംവാദങ്ങളിലേക്കും നീങ്ങാം…
ഭാവുകങ്ങൾ, ശ്രീ. കമറുദ്ദീൻ ആമയം.…
കുളി
(കമറുദീൻ ആമയം)
പെണ്ണുങ്ങളുടെ
മയ്യത്ത് കുളിപ്പിക്കും
പാത്തുമ്മാത്ത
മയ്യത്തായ രാത്രിയിൽ
പള്ളിപ്പറമ്പിലെ
പെൺകബറുകൾക്ക്
പെട്ടെന്ന് ജീവംവെച്ചു.
ചെമ്പ് വട്ടകങ്ങളുടെ
തട്ടുമുട്ടുകൾ
ചികിരിപിച്ചും കിരുകിരുപ്പുകൾ
പെട്രോമാക്സിന്റെ മൂളലുകൾ
കുന്തിരിക്കത്തിന്റെ
കർപ്പൂരത്തിന്റെ
ധൂമ ഗന്ധങ്ങൾ
മൈലാഞ്ചിയുടെ പച്ച മണം
കഫൻ ചീന്തുമ്പോളുയരും
മൂന്ന് വെളുത്ത ചീറലുകൾ
കുടഞ്ഞ പനിനീർ തീർത്ത സുഗന്ധത്തിണർപ്പുകൾ
എത്ര കാലമായിങ്ങനെ
മലർന്ന് മറന്ന് കുളിച്ചിട്ടെന്ന
അതിശയ ബിസായങ്ങൾ
ഖിസകൾ ഒപ്പനശ്ശീലുകൾ
മണ്ണിന്റെ ചുണ്ടിളകത്തിൽ
പള്ളിപ്പറമ്പിൽ പരക്കയായ്.
പാത്തുമ്മാത്ത
മയ്യത്തായ രാത്രിയിൽ
കബറിലെ തെമ്മാടിത്തേളുകളെ
താടി മീശ നീട്ടിയ
കൊടും വിഷപ്പാമ്പുകളെ
ആട്ടിയോടിച്ചു പോടുകൾ
തേമ്പിയടച്ചു മലക്കുകൾ.
പാത്തുമ്മാത്ത
മയ്യത്തായ രാത്രിയിൽ
പെണ്ണുങ്ങളുടെ കബറുകൾ
പെട്ടെന്ന് മണിയറകളായി
പെണ്ണുങ്ങളെല്ലാം
പണ്ടത്തെ മൊഞ്ചത്തികളും.