Site iconSite icon Janayugom Online

നിങ്ങളെന്തിന് തമിഴൻമാരെ മോശക്കാരായി ചിത്രീകരിച്ചു: മാളികപ്പുറത്തിന്റെ തമിഴ് മൊഴിമാറ്റപ്പതിപ്പുമായി ചെന്നൈയിലെത്തിയ ഉണ്ണി മുകുന്ദനെ പ്രതിസന്ധിയിലാക്കി തമിഴ് മാധ്യമ പ്രവർത്തകർ

കോഴിക്കോട്: തമിഴ് കഥാപാത്രങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ച സിനിമയുടെ മൊഴിമാറ്റവുമായി തമിഴ്‌നാട്ടിലേക്കെത്തുന്ന ഉണ്ണി മുകന്ദന് തുടക്കം തന്നെ തിരിച്ചടി. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത് കേരളത്തിൽ സൂപ്പർ ഹിറ്റായ മാളികപ്പുറം എന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രദർശനത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ തമിഴ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ പകച്ചു നിൽക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. തമിഴ് കഥാപാത്രങ്ങളെ മുഴുവൻ വില്ലൻമാരായി ചിത്രീകരിച്ച സിനിമയോടുള്ള തമിഴ് നാട്ടിലെ പ്രതികരണം എന്താവും എന്ന ചോദ്യവും ഉയരുകയാണ്.

അയ്യപ്പ ഭക്തയായ കല്യാണി എന്ന എട്ടുവയസ്സുകാരിയുടെയും സുഹൃത്തിന്റെയും ശബരിമല യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഇവർക്ക് പിന്നാലെയെത്തുന്ന പ്രധാന വില്ലനും അദ്ദേഹത്തിന്റെ കൂട്ടാളികളുമെല്ലാം തമിഴ് നാട്ടുകാരാണ്. ഇതാണ് തമിഴ് മാധ്യമ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. കുട്ടിയെ വില്ലൻമാരിൽ നിന്ന് രക്ഷിക്കുന്ന കഥാപാത്രമാണ് ഉണ്ണി മുകുന്ദന്റേത്. എന്തിനാണ് തമിഴ് നാട്ടുകാരെ മുഴുവൻ വില്ലൻമാരായി ചിത്രീകരിച്ചത് എന്ന ചോദ്യത്തിനാണ് മറുപടി പറയാതെ ഉണ്ണി മുകുന്ദൻ കുഴങ്ങിയത്. കുട്ടികളുടെ ശബരിമലയിലേക്കുള്ള യാത്രക്കിടയിൽ കേരളത്തിൽ നിന്നുള്ള വില്ലൻമാരെ കൊണ്ടുവന്നാൽ പ്രേക്ഷകർ വിശ്വസിക്കില്ലെന്നായിരുന്നു തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ മറുപടി. വിശ്വസനീയമാകാനാണ് തമിഴ് വില്ലനെയും സംഘത്തെയും സൃഷ്ടിച്ചത് എന്ന തിരക്കഥാകൃത്തിന്റെ മറുപടിയോടും മാധ്യമ പ്രവർത്തകർ രൂക്ഷമായി പ്രതികരിച്ചു.

ഇതോടെ പെട്ടുപോയ അഭിലാഷ് തനിക്ക് സിനിമാ ജീവിതത്തിൽ ബ്രേക്ക് നൽകിയത് തമിഴ് സിനിമയും തമിഴ്‌നാട്ടുകാരുമാണെന്ന് വ്യക്തമാക്കുകയായിരുന്നു. തമിഴ് കഥാപാത്രങ്ങളെ ബോധപൂർവ്വം മോശക്കാരാക്കി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ല. ഒരു ഗ്യാങ്ങിനെ സൃഷ്ടിച്ചു. അവരെ ഏതെങ്കിലും ഒരു നാട്ടുകാരായി ചിത്രീകരിക്കണമെന്നുള്ളതുകൊണ്ട് മാത്രം തമിഴ് നാട്ടിൽ നിന്ന് വരുന്നവരായി ചിത്രീകരിക്കുകയായിരുന്നു. മലയിലേക്ക് ബസിൽ യാത്ര ചെയ്യുന്ന കുറേ കഥാപാത്രങ്ങളുണ്ട്. അവരാരും വില്ലൻമാരല്ലല്ലോ എന്ന തിരക്കഥാകൃത്തിന്റെ ചോദ്യം കൂടുതൽ പ്രകോപനം സൃഷ്ടിച്ചു. ഒടുവിൽ അടുത്ത സിനിമയെടുക്കുമ്പോൾ അതിലെ വില്ലൻ കഥാപാത്രം മലയാളിയായിരിക്കും എന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു തിരക്കഥാകൃത്ത്.

മമ്മൂട്ടിയുടെ വോയ്സ് ഓവറിൽ പന്തളം കുടുംബം മധുരയിൽ നിന്ന് വരുന്നവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല ഇത്ര ഉയരത്തിലെത്താൻ കാരണം തമിഴ് നാട്ടുകാരാണ്. തന്റെ കുടുംബവും മധുരയിൽ നിന്ന് കേരളത്തിലേക്ക് വന്നവരാണ്. അതുവഴി തനിക്കും തമിഴ് ബന്ധമുണ്ട് എന്നെല്ലാം ദയനീയമായി ബോധിപ്പിക്കുകയായിരുന്നു തിരക്കഥാകൃത്ത്.

ശബരിമല പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ വാവര് പള്ളിയ്ക്ക് എന്തുകൊണ്ട് പ്രാധാന്യം നൽകിയില്ലെന്ന ചോദ്യവും ഉയർന്നു. ചിത്രീകരിച്ചിരുന്നെങ്കിലും നീളക്കൂടുതൽ കൊണ്ട് മുറിച്ചു മാറ്റുകയായിരുന്നുവെന്നായിരുന്നു തിരക്കഥാകൃത്തിന്റെ മറുപടി. മനോജ് കെ ജയന്റെ കഥാപാത്രം മുസ്ലീമാണ്. വാവര് മിത്തിനെ കണക്ട് ചെയ്താണ് ഹനീഫ് എന്ന കഥാപാത്രത്തെ ഉണ്ടാക്കിയത്. ദൈവം എല്ലാവർക്കും ഒരുപോലെയാണ്. അതാണ് സിനിമയിൽ പറയാൻ ശ്രമിച്ചത്. ആവശ്യമുള്ളപ്പോൾ ദൈവം മനുഷ്യരൂപത്തിലെത്തുമെന്നാല്ലാം ഇതിന് മറുപടിയായി തിരക്കഥാകൃത്ത് പറഞ്ഞു. നിരവധി ആരോപണങ്ങളുയർന്ന ശ്രീജിത്ത് രവിയെ അഭിനയിപ്പിച്ചതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. ഇതിന് അദ്ദേഹം ഒരു ക്രിമിനലല്ലെന്നും കഥാപാത്രത്തെ അദ്ദേഹം നന്നായി അവതരിപ്പിച്ചെന്നുമായിരുന്നു തിരക്കഥാകൃത്തിന്റെ മറുപടി. അദ്ദേഹത്തിന്റേത് ഒരു ന്യൂറോ ഡിസോർഡർ ആണ്. ഒരാൾ ഒരു രോഗം ഉണ്ടായാൽ നമ്മളെന്തിനാണ് തള്ളിപ്പറയുന്നത് എന്നായിരുന്നു തിരക്കഥാകൃത്തിന്റെ ചോദ്യം.

മാളികപ്പുറം സംഘപരിവാർ അജണ്ട പ്രചരിപ്പിക്കുന്നുവെന്നും മറ്റുമുള്ള ആരോപണങ്ങൾ ശക്തമായിരിക്കുമ്പോഴാണ് ചിത്രം മറ്റു ഭാഷകളിൽ അടുത്ത ദിവസം പുറത്തിറങ്ങുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ അടുത്ത ദിവസം ചിത്രം പ്രദർശനത്തിനെത്തും. തുടർന്ന് കന്നഡ, ഹിന്ദി പതിപ്പുകളും റിലീസ് ചെയ്യുന്നുണ്ട്. കുറഞ്ഞ ബജറ്റിൽ പൂർത്തിയാക്കിയ ചിത്രം ഇതിനകം വൻ വിജയം നേടിയിട്ടുണ്ട്.

Exit mobile version